എം.എ. ബേബി സി.പി.എം ജനറൽ സെക്രട്ടറിയാകും; പിണറായി പി.ബിയിൽ തുടരും, ശൈലജക്ക് ഇടമില്ല
text_fieldsമധുര: എം.എ. ബേബി സി.പി.എം ജനറൽ സെക്രട്ടറിയാകും. മുഖ്യമന്ത്രി പിണറായി വിജയൻ പി.ബിയിൽ തുടരും. പിണറായിക്ക് മാത്രമാണ് പ്രായപരിധിയിൽ ഇളവ് നൽകുന്നത്. 16 അംഗ പിബിയിൽ അഞ്ച് പേർ ബേബിയെ ജനറൽ സെക്രട്ടറിയാക്കുന്നതിനെ എതിർത്തു. പ്രായപരിധി ഇളവോടെ പി.കെ. ശ്രീമതിയും മുഹമ്മദ് തരിഗാമിയും കേന്ദ്ര കമ്മിറ്റിയിൽ തുടരുന്നതിനും തീരുമാനമായെന്നാണു സൂചന. എം.എ. ബേബിയുടെ പേര് മാത്രമാണ് കോഓർഡിനേറ്റർ പ്രകാശ് കാരാട്ട് നിർദേശിച്ചതെന്നാണ് അറിയുന്നത്. ഇതിനിടെ, കെ.കെ. ശൈലജ പി.ബിയിലെത്തുമെന്ന് നേരത്തെ പറയപ്പെട്ടിരുന്നു. പുതിയ സാഹചര്യത്തിൽ കെ.കെ. ശൈലജക്ക് ഇടമില്ലെന്ന് അറിയുന്നു.
അഞ്ചുദിവസമായി മധുരയിൽ നടക്കുന്ന സി.പി.എം 24ാം പാർട്ടി കോൺഗ്രസ് ഇന്ന് വൈകീട്ട് റെഡ് വളന്റിയർ മാർച്ചിന്റെ അകമ്പടിയുള്ള പൊതുസമ്മേളനത്തോടെ സമാപിക്കും. വൈകീട്ട് മൂന്നിന് റിങ് റോഡ് ജങ്ഷനുസമീപം എൻ. ശങ്കരയ്യ സ്മാരക ഗ്രൗണ്ടിലാണ് പൊതുസമ്മേളനം. ഏപ്രിൽ രണ്ടിന് പി.ബി കോഓഡിനേറ്റർ പ്രകാശ് കാരാട്ടാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്.
സമ്മേളനം രാഷ്ടീയ പ്രമേയവും ഭേദഗതികളും ഇതിനകം അംഗീകരിച്ചു. വെള്ളിയാഴ്ച വൈകീട്ട് പി.ബി അംഗം ബി.വി. രാഘവലു അവതരിപ്പിച്ച കരട് സംഘടന റിപ്പോർട്ടിൽ ശനിയാഴ്ച രാത്രിയോടെ ചർച്ച പൂർത്തിയായി. കേരളത്തിൽനിന്ന് പി.എ. മുഹമ്മദ് റിയാസ്, പി.കെ. ബിജു, ഡോ. ആർ. ബിന്ദു എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.
ചർച്ചക്ക് ബി.വി. രാഘവലുവും പി.ബി കോ ഓഡിനേറ്റർ പ്രകാശ് കാരാട്ടും ഞായറാഴ്ച രാവിലെ മറുപടി നൽകും. സംഘടന റിപ്പോർട്ട് അംഗീകരിച്ച ശേഷം പാർട്ടി കോൺഗ്രസ് പുതിയ കേന്ദ്ര കമ്മിറ്റി അംഗങ്ങളെയും പി.ബി അംഗങ്ങളെയും ജനറൽ സെക്രട്ടറിയെയും തെരഞ്ഞെടുക്കും.
നിലവിലെ പി.ബിയുടെ അവസാന യോഗം ശനിയാഴ്ച വൈകീട്ട് ചേർന്ന് 75 വയസ്സ് പ്രായപരിധിയിലും പുതിയ ജനറൽ സെക്രട്ടറിയുടെ കാര്യത്തിലും ധാരണയുണ്ടാക്കിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

