സി.പി.എം നേതാവിന്റെ കൊലപാതകം: പിന്നിൽ കോൺഗ്രസ് ഗുണ്ടകളെന്ന് എം.എ. ബേബി; ‘അക്രമികളെ ഉടൻ പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരണം’
text_fieldsതെലങ്കാന: മുതിർന്ന കർഷക നേതാവും സി.പി.എം മുൻ ആന്ധ്രാപ്രദേശ് സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന സമിനേനി രാമറാവുവിന്റെ കൊലപാതകത്തെ സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി ശക്തമായി അപലപിച്ചു. തെലങ്കാന ഖമ്മം ജില്ലയിലെ സമിനേനിയുടെ ജന്മഗ്രാമമായ പതർലപ്പാടുവിൽ ഇന്ന് പുലർച്ചെയാണ് അദ്ദേഹം കൊല്ലപ്പെട്ടത്.
ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് ഗുണ്ടകളാണെന്നും അക്രമികളെ ഉടൻ പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും ബേബി ആവശ്യപ്പെട്ടു.
കർഷക സംഘടനയുടെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയാണ് സാമിനേനി രാമറാവു. പ്രഭാത നടത്തത്തിനിടെ ചിന്തകാനി മണ്ഡലത്തിന് കീഴിലുള്ള പത്തർലപാടു ഗ്രാമത്തിലാണ് കൊലപാതകം നടന്നത്. ഖമ്മം പൊലീസ് കമീഷണർ സുനിൽ ദത്ത് സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. രാമറാവു മുമ്പ് രണ്ടുതവണ കർഷക അസോസിയേഷന്റെ സംസ്ഥാന സെക്രട്ടറിയായിട്ടുണ്ട്. പത്തർലപാടു ഗ്രാമത്തിലെ സർപഞ്ച് സ്ഥാനവും വഹിച്ചിട്ടുണ്ട്.
സി.പി.എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പൊറ്റിനേനി സുദർശൻ, പൊന്നം വെങ്കിടേശ്വര റാവു ഉൾപ്പെടെയുള്ള നേതാക്കൾ വീട്ടിലെത്തി അനുശോചനം അറിയിച്ചു. ഉപമുഖ്യമന്ത്രി ഭട്ടി വിക്രമാർക്ക സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി. കഴിഞ്ഞ ജൂലൈയിൽ ഹൈദരാബാദിൽ പ്രഭാത സവാരിക്കിടെ സി.പി.ഐ നേതാവ് വെടിയേറ്റ് മരിച്ചിരുന്നു. മലക്പേട്ട് പ്രദേശത്തെ നേതാവ് കെ.ചന്തു റാത്തോഡാണ് കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

