‘ഇത് ശബ്ദനഷ്ടം മാത്രമല്ല, മൂല്യങ്ങളുടെ കീഴടങ്ങലുമാണ്’: ഗസ്സ ഇറാൻ വിഷയങ്ങളിൽ കേന്ദ്ര സർക്കാറിന്റെ മൗനത്തെ വിമർശിച്ച് സോണിയ
text_fieldsന്യൂഡൽഹി: ഗസ്സയിലും ഇറാനിലും ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ ഇന്ത്യയുടെ മൗനം ശബ്ദനഷ്ടം മാത്രമല്ല, മൂല്യങ്ങളുടെ കീഴടങ്ങൽ കൂടിയാണെന്ന രൂക്ഷ വിമർശനവുമായി കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്‌സൺ സോണിയ ഗാന്ധി.
‘ഹിന്ദു’ ദിനപത്രത്തിലെ ‘ഇന്ത്യയുടെ ശബ്ദം കേൾപ്പിക്കാൻ ഇപ്പോഴും വൈകിയിട്ടില്ല’ എന്ന തലക്കെട്ടിലുള്ള തന്റെ ലേഖനത്തിലാണ് സോണിയ മോദി സർക്കാറിന്റെ മൗനത്തെ കുറ്റപ്പെടുത്തിയത്. പശ്ചിമേഷ്യയിൽ വിനാശകരമായ പാത പിന്തുടരുന്നതിന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും സോണിയ ലേഖനത്തിൽ വിമർശിച്ചു.
‘ഗസ്സയിലെ നാശനഷ്ടങ്ങളിലും ഇപ്പോൾ ഇറാനെതിരെയുള്ള പ്രകോപനരഹിതമായ സംഘർഷത്തിലും ഇന്ത്യ പാലിക്കുന്ന മൗനം നമ്മുടെ ധാർമികവും നയതന്ത്രപരവുമായ പാരമ്പര്യങ്ങളിൽ നിന്നുള്ള അസ്വസ്ഥതയുണ്ടാക്കുന്ന വ്യതിയാനത്തെ പ്രതിഫലിപ്പിക്കുന്നു. ഇത് ശബ്ദനഷ്ടം മാത്രമല്ല, മൂല്യങ്ങളുടെ കീഴടങ്ങലും കൂടിയാണ്. ഇപ്പോഴും വൈകിയിട്ടില്ല. ഇന്ത്യ വ്യക്തമായി സംസാരിക്കുകയും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുകയും പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ലഘൂകരിക്കാനും സംഭാഷണത്തിലേക്കുള്ള തിരിച്ചുവരവ് പ്രോത്സാഹിപ്പിക്കാനും ലഭ്യമായ എല്ലാ നയതന്ത്ര മാർഗങ്ങളും ഉപയോഗിക്കണം -അവർ ആവശ്യപ്പെട്ടു.
ഈ മാനുഷിക ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, പരസ്പര സുരക്ഷയിലും അന്തസ്സിലും ഇസ്രായേലിനൊപ്പം ചേർന്ന് ജീവിക്കുന്ന ഒരു പരമാധികാര-സ്വതന്ത്ര പലസ്തീൻ എന്ന സമാധാനപരമായ ദ്വിരാഷ്ട്ര പരിഹാരത്തിനായുള്ള ഇന്ത്യയുടെ ദീർഘകാലവും തത്വാധിഷ്ഠിതവുമായ പ്രതിബദ്ധത നരേന്ദ്ര മോദി സർക്കാർ ഉപേക്ഷിച്ചു എന്നും അവർ പറഞ്ഞു.
ജൂൺ 13ന്, ഇറാനും അതിന്റെ പരമാധികാരത്തിനുമെതിരെ ഇസ്രായേൽ കടുത്തതും അസ്വസ്ഥതയുണ്ടാക്കുന്നതും നിയമവിരുദ്ധവുമായ ആക്രമണം നടത്തിയപ്പോൾ ഏകപക്ഷീയമായ സൈനിക ശക്തിയുടെ അപകടകരമായ പ്രത്യാഘാതങ്ങൾ ലോകം വീണ്ടും കണ്ടുവെന്നും സോണിയ ഗാന്ധി അഭിപ്രായപ്പെട്ടു.
ഇറാനിയൻ മണ്ണിൽ നടന്ന ഈ ബോംബാക്രമണങ്ങളെയും ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങളെയും ഇന്ത്യൻ നാഷണൽ കോൺഗ്രസ് അപലപിച്ചിട്ടുണ്ടെന്നും ഇത് ഗുരുതരമായ പ്രാദേശിക, ആഗോള പ്രത്യാഘാതങ്ങളുള്ള അപകടകരമായ വർധനവിനെ പ്രതിനിധീകരിക്കുന്നുവെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

