പെട്രോൾ അടിക്കാൻ കിലോമീറ്ററുകളോളം ക്യൂ; നോ സ്റ്റോക്ക് ബോർഡിൽ പരിഭ്രാന്തരാകരുതെന്ന് കേന്ദ്രം
text_fieldsന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതോടെ രാജ്യത്ത് ഇന്ധനക്ഷാമം ഉണ്ടായേക്കുമെന്ന അഭ്യൂഹത്തെത്തുടർന്ന് പെട്രോൾ പമ്പുകളിൽ വൻ തിരക്ക്. ഹൈദരാബാദ്, സൂറത്ത്, അഹ്മദാബാദ്, നാഗ്പൂർ, ഇൻഡോർ തുടങ്ങിയ നഗരങ്ങളിൽ പെട്രോളും ഡീസലും നിറക്കാനായി വാഹനങ്ങളുടെ കിലോമീറ്ററുകളോളം നീളുന്ന ക്യൂവാണ് ദൃശ്യമാകുന്നത്. എന്നാൽ രാജ്യത്ത് ഇന്ധനത്തിനോ പാചകവാതകത്തിനോ യാതൊരു ക്ഷാമവുമില്ലെന്ന് കേന്ദ്ര സർക്കാരും വിവിധ സംസ്ഥാന സർക്കാരുകളും വ്യക്തമാക്കി.
ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ 40 ശതമാനവും കടന്നുപോകുന്ന ഹുർമുസ് കടലിടുക്ക് ഭാഗികമായി അടഞ്ഞത് ചരക്ക് നീക്കത്തെ ബാധിച്ചിട്ടുണ്ട്. ഇത് ഇന്ധന വിതരണം തടസ്സപ്പെടുത്തിയേക്കുമെന്ന വാർത്തകളാണ് ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്തിയത്. സാധാരണ വിൽക്കുന്നതിന്റെ മൂന്നിരട്ടിയിലധികം ആളുകൾ ഒരേസമയം ഇന്ധനം നിറക്കാൻ എത്തിയതോടെ പല റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും സ്റ്റോക്ക് പെട്ടെന്ന് തീർന്നു. ഇത് ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം നൽകാൻ കാരണമായി.
മാർച്ചിൽ പാചകവാതക ഇറക്കുമതിയിൽ 46% കുറവുണ്ടായതായി റിപ്പോർട്ടുകളുണ്ടെങ്കിലും, നിലവിൽ ആവശ്യമായ സ്റ്റോക്ക് രാജ്യത്തുണ്ടെന്ന് അധികൃതർ അറിയിച്ചു. തെലങ്കാന ഉപഭോക്തൃ കാര്യ വകുപ്പും പെട്രോളിയം ഡീലേഴ്സ് അസോസിയേഷനും ഒരു വാർത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നു. ജനങ്ങൾ അനാവശ്യമായി ടാങ്ക് നിറക്കാനും ഇന്ധനം പൂഴ്ത്തിവെക്കാനും ശ്രമിക്കുന്നത് വിപണിയിൽ കൃത്രിമമായ ക്ഷാമം സൃഷ്ടിക്കുകയാണ്. ഇന്ധന വിതരണ കമ്പനികളുടെ പക്കൽ ആവശ്യത്തിന് സ്റ്റോക്കുണ്ട്. വിതരണ ശൃംഖലയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെങ്കിലും അത് സാധാരണ ഗതിയിലുള്ളതാണ്.
ഇന്ധനം കരിഞ്ചന്തയിൽ വിൽക്കുന്നവർക്കും പൂഴ്ത്തിവെക്കുന്നവർക്കുമെതിരെ കർശന നടപടി സ്വീകരിക്കും. ഹിന്ദുസ്ഥാൻ പെട്രോളിയം (HP) ഉൾപ്പെടെയുള്ള കമ്പനികളും ചണ്ഡീഗഡ്, ജലന്ധർ തുടങ്ങിയ ഇടങ്ങളിൽ ഉപഭോക്താക്കൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കണക്കിലെടുത്ത് മറ്റ് രാജ്യങ്ങളിൽ നിന്ന് ഇന്ധനം ഇറക്കുമതി ചെയ്യാനുള്ള സാധ്യതകൾ കേന്ദ്ര പെട്രോളിയം മന്ത്രാലയം പരിശോധിച്ചു വരികയാണ്. ഇന്ധന വിലക്കയറ്റം തടയാനും വിതരണം സുഗമമാക്കാനുമായി പൈപ്പ്‌ലൈൻ ശൃംഖലകൾ വിപുലീകരിക്കാനുള്ള നടപടികളും സർക്കാർ വേഗത്തിലാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

