ഇസ്രായേലിന്റേത് ലോക ഭീകരവാദ പ്രവർത്തനമെന്ന് എം.എ. ബേബി; ഡൽഹിയിൽ ഇടതു പാർട്ടികളുടെ ഫലസ്തീൻ ഐക്യദാർഢ്യ സംഗമം
text_fieldsന്യൂഡൽഹി: ഫലസ്തീൻ ജനതയെ കൊന്നൊടുക്കുന്ന ഇസ്രായേലിന്റേത് ലോക ഭീകരവാദ പ്രവർത്തനമാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി. ഡൽഹി ജന്തർമന്തറിൽ ഇടതുപാർട്ടികൾ നടത്തിയ ഫലസ്തീൻ ഐക്യദാർഢ്യ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇസ്രായേൽ അന്താരാഷ്ട്ര നിയമങ്ങളെല്ലാം ലംഘിച്ചു.
നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഘാതക സംഘത്തിന് ഐക്യദാർഢ്യം അറിയിക്കുകയാണ് മോദി. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടാകണം. ഫലസ്തീൻ പ്രദേശം ഇല്ലാതാക്കാനുള്ള ഇസ്രായേൽ ശ്രമം മറ്റു രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ്. യാതൊരു പ്രകോപനവുമില്ലാതെ ഇറാനെതിരെ അക്രമം അഴിച്ചുവിടുകയാണെന്നും എം.എ. ബേബി കൂട്ടിച്ചേർത്തു. ഫലസ്തീനികൾ അർഹമായ അവകാശത്തിനാണ് പോരാടുന്നതെന്ന് സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ പറഞ്ഞു.
സി.പി.ഐ നേതാവ് ആനി രാജ, സി.പി.എം ഡൽഹി ഘടകം സെക്രട്ടറി അനുരാഗ് സക്സേന തുടങ്ങിയവർ നേതൃത്വം നൽകി. സി.പി.എം, സി.പി.ഐ, സി.പി.ഐ എം.എൽ, ആർ.എസ്.പി, ഫോർവേഡ് ബ്ലോക്ക് തുടങ്ങിയ പാർട്ടികളും ഇടത് വിദ്യാർഥി സംഘടനകളും സംഗമത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

