റാഞ്ചി/പട്ന: തെൻറ പാർട്ടിയുടെ അസാധാരണ പതനത്തിൽ തകർന്നുപോയ രാഷ്ട്രീയ ജനതാ ദൾ സ്ഥാപകൻ ലാലുപ്രസാദ് യാദവ്, ഫലപ്രഖ്യാപനശേഷം രണ്ടുദിവസം ഉൗണ് ഉപേക്ഷിച്ചതാ യി ആശുപത്രി വൃത്തങ്ങൾ. കാലിത്തീറ്റ കേസിൽ ജയിൽശിക്ഷ അനുഭവിക്കുന്ന ലാലു ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് നിലവിൽ ആശുപത്രിയിലാണ്.
മരുന്നുകൾ കഴിക്കേണ്ടതിനാൽ ഭക്ഷണം ഉപേക്ഷിക്കരുതെന്ന ഡോക്ടർമാരുടെ അഭ്യർഥനയെ തുടർന്ന് മേയ് 26നാണ് അദ്ദേഹം ഉൗണ് കഴിച്ചതത്രെ. റാഞ്ചി ജയിലിൽ കഴിഞ്ഞിരുന്ന ലാലു വൃക്കരോഗവും പ്രമേഹവും ബാധിച്ച് അൽപനാളായി റാഞ്ചി രാജേന്ദ്രപ്രസാദ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലാണ്. നിലവിൽ ലാലുവിെൻറ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ പറഞ്ഞു.
40 സീറ്റുള്ള ബിഹാറിൽ ആർ.ജെ.ഡി-കോൺഗ്രസ് സഖ്യം തെരഞ്ഞെടുപ്പിൽ തകർന്നടിയുകയായിരുന്നു. ഒറ്റ സീറ്റുപോലും കിട്ടാതെ ആർ.ജെ.ഡി പൂജ്യരായപ്പോൾ കോൺഗ്രസ് ഒരു സീറ്റിൽ ജയിച്ചു. ജനപ്രിയ നേതാവായ ലാലുവിനെ കൂടാതെ ആദ്യമായാണ് ആർ.ജെ.ഡി പ്രചാരണം നയിച്ചത്.