Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകൂടംകുളം ആണവനിലയം...

കൂടംകുളം ആണവനിലയം രേഖകൾ ഡാർക്ക് വെബിൽ; ഉന്നതതല അന്വേഷണം, സുരക്ഷയിൽ ആശങ്ക വേണ്ടെന്ന് അധികൃതർ

text_fields
bookmark_border
Kudankulam Nuclear Power Plant
cancel

ന്യൂഡൽഹി: തമിഴ്നാട്ടിലെ കൂടംകുളം ആണവ നിലയവുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് രേഖകൾ ഡാർക്ക് വെബിൽ ചോർന്ന സംഭവത്തിൽ അന്വേഷണം. റാൻസംവെയർ ഗ്രൂപ്പായ ‘വേൾഡ് ലീക്സ്’ ആണ് ഏകദേശം 19,000 ഫയലുകൾ പുറത്തുവിട്ടതെന്നാണ് റിപ്പോർട്ടുകൾ.

സംഭവത്തിൽ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം, ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ എന്നിവ അന്വേഷണം ആരംഭിച്ചു. അതേസമയം, എൻ.പി.‌സി.‌ഐ‌.എൽ ‘സെൻസിറ്റീവ് ഡാറ്റ ലംഘനം’ സംബന്ധിച്ച ആശങ്കകൾ നിഷേധിക്കുകയും ഈ വിവരങ്ങൾ എല്ലാവർക്കും ലഭ്യമാകുന്ന ‘കോമൺ സർവീസസ്-ബാലൻസ് ഓഫ് പ്ലാന്റ്’ സംബന്ധിച്ചതാണെന്ന് വ്യക്തമാക്കുകയും ചെയ്തു. ഏതെങ്കിലും ആണവ സുരക്ഷയെയോ സുരക്ഷാ സംവിധാനങ്ങളെയോ സംബന്ധിച്ചതല്ലെന്നും അവർ പ്രസ്താവനയിൽ അറിയിച്ചു.

കൂടംകുളത്തിന്റെ നിർമാണ പ്രവർത്തനങ്ങളിൽ പങ്കാളിയായ അനിൽ അംബാനിയുടെ റിലയൻസ് ഇൻഫ്രാസ്ട്രക്ചർ, കമ്പനിയുടെ ചില സെർവറുകളിൽ ‘ഭാഗികമായ ഡാറ്റാ ലംഘനം’ ഉണ്ടായതായി സ്ഥിരീകരിച്ചു. എന്നാൽ ആണവ റിയാക്ടറുകളുടെ സുരക്ഷാ സംവിധാനങ്ങളുമായോ പ്രവർത്തന നിയന്ത്രണ സംവിധാനങ്ങളുമായോ ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ചോർന്നിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ‘KKNP’ എന്ന സെർച്ച് പദം ഉപയോഗിച്ചുള്ള 14.3 ജിഗാബൈറ്റ് വലിപ്പമുള്ള ഏകദേശം 19,000 ഫയലുകൾ ജൂൺ 11 മുതൽ ഓൺലൈനിലുണ്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. വേൾഡ് ലീക്സ് വെബ്‌സൈറ്റിലെ ആകെ 8,58,000 റിലയൻസ് ഫയലുകളിൽ ഏറ്റവും സെൻസിറ്റീവ് ആയത് ഈ 19,000 ഫയലുകളാണെന്നും വാർത്താ ഏജൻസി പറയുന്നു.

ചോർന്ന രേഖകളിൽ നിരവധി വർഷത്തെ എൻജിനീയറിങ് ഡ്രോയിങ്ങുകൾ, കൂളിങ് സംവിധാനങ്ങളുടെ രൂപരേഖകൾ, വിതരണക്കാരുടെ വിവരങ്ങൾ, ഇൻഷുറൻസ് രേഖകൾ, യോഗങ്ങളുടെ രേഖകൾ എന്നിവ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, ഇതുസംബന്ധിച്ച സ്ഥിരീകരണം വന്നിട്ടില്ല. രേഖകൾ ചോർന്നതുമൂലം നിർണായക അടിസ്ഥാനസൗകര്യങ്ങളുടെയോ ആണവനിലയത്തിന്റെ പ്രവർത്തനങ്ങളുടെയോ സുരക്ഷയെ ബാധിച്ചിട്ടില്ലെന്ന് കമ്പനി അറിയിച്ചു. എന്നിരുന്നാലും, അടിസ്ഥാനസൗകര്യങ്ങളുടെ രൂപരേഖകളും വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട വിവരങ്ങളും പുറത്തായിട്ടുണ്ടെങ്കിൽ അത് ഗൗരവമായ ആശങ്കക്ക് ഇടയാക്കുന്നതാണെന്ന് സൈബർ സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. സംഭവത്തിന്റെ വ്യാപ്തിയും ചോർന്ന വിവരങ്ങളുടെ സ്വഭാവവും സംബന്ധിച്ച് അന്വേഷണം തുടരുകയാണ്.

രാജ്യത്തെ ഏറ്റവും വലിയ ആണവ നിലയമാണ് കൂടംകുളം പ്ലാന്റ്. രാജ്യത്തെ ദീർഘകാല ആണവോർജ വികസന പദ്ധതികളുടെ പ്രധാന ഭാഗം കൂടിയാണിത്. 2027ഓടെ പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ മൂന്ന്, നാല് യൂണിറ്റുകളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി 2018ലാണ് റിലയൻസ് ഇൻഫ്രാസ്ട്രക്ചർ കരാർ നേടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kudankulamdark webKudankulam nuclear power plantData leakreliance infrastructure
News Summary - Kudankulam nuclear power plant data on dark web
Next Story