വൻ സുരക്ഷാ വീഴ്ച; കൂടംകുളം ആണവ നിലയത്തിന്‍റെ നിർണായക വിവരങ്ങൾ ഡാർക്ക് വെബിൽ; 19,000 രഹസ്യ ഫയലുകളാണ് ചോർന്നത്
text_fieldsചെന്നൈ: ഇന്ത്യയിലെ ഏറ്റവും വലിയ ആണവോർജ നിലയമായ തമിഴ്‌നാട്ടിലെ കൂടംകുളവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ചോർന്നു. കരാർ കമ്പനികളിലൊന്നായ അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പിൽനിന്നാണ് വിവരങ്ങൾ പുറത്തായതെന്നാണ് റിപ്പോർട്ട്.
ആണവ നിലയവുമായി ബന്ധപ്പെട്ട് അതീവ രഹസ്യസ്വഭാവമുള്ള 19,000ത്തോളം ഫയലുകളാണ് പുറത്തായത്. ഇത് നിലയത്തിന്റെ സുരക്ഷ സംബന്ധിച്ച് വലിയ ആശങ്കയുണ്ടാക്കുന്നതാണ്. കുപ്രസിദ്ധ ഹാക്കർമാരായ ‘വേൾഡ് ലീക്ക്സ്’ ഫയലുകൾ ഡാർക്ക് വെബിൽ വിൽപനക്ക് വെച്ചിട്ടുണ്ടെന്ന് റിപ്പോർട്ട്. ആണവനിലയത്തിന്റെ ബ്ലൂപ്രിന്റുകൾ, സാങ്കേതിക വിവരങ്ങൾ, വിതരണക്കാരുടെ വിവരങ്ങൾ എന്നിവ ഉൾപ്പെടെ ചോർന്നതായി വാർത്ത ഏജൻസി ‘റോയിട്ടേഴ്സി’ന്‍റെ റിപ്പോർട്ടിൽ പറയുന്നു. തങ്ങളുടെ സർവറിൽ ഭാഗികമായി ഡാറ്റ ചോർച്ചയുണ്ടായെന്ന വിവരം റിലയൻസ് ഗ്രൂപ്പും സമ്മതിക്കുന്നുണ്ട്. വിവരം സർക്കാറിനെ ധരിപ്പിച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. എന്നാൽ, ഏത് തരം ഫയലുകളാണ് ചോർന്നതെന്ന വിവരം കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
‘യോട്ട’ എന്ന സ്ഥാപനമാണ് റിലയൻസിന് ഡാറ്റാ സെന്റർ സേവനം നൽകിയിരുന്നത്. കൂടംകുളം ആണവനിലയവുമായി ബന്ധപ്പെട്ടുണ്ടാകുന്ന രണ്ടാമത്തെ സൈബർ സുരക്ഷാ വീഴ്ചയാണിത്. 2019ൽ ഉത്തരകൊറിയൻ ഹാക്കർമാരുമായി ബന്ധമുള്ള മാൽവെയർ ഇവിടത്തെ പ്ലാന്റിലെ അഡ്മിനിസ്ട്രേറ്റീവ് നെറ്റ്‌വർക്കിനകത്ത് കണ്ടെത്തിയിരുന്നു. രാജ്യത്തെ ആണവ നിലയങ്ങളുടെ സുരക്ഷയിൽ വലിയ ആശങ്ക ഉയര്‍ത്തുന്നതാണ് രഹസ്യ സ്വഭാവമുള്ള ഫയലുകൾ ചോർന്നത്. 2016 മുതൽ 2025 വരെയുള്ള രേഖകളാണ് ചോർന്നതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ടിൽ പറയുമ്പോഴും അവയുടെ ആധികാരികത ഉറപ്പുവരുത്താൻ കഴിഞ്ഞില്ല. വെന്റിലേഷൻ, കൂളിങ് സിസ്റ്റങ്ങളുടെ എൻജിനീയറിങ് ബ്ലൂപ്രിന്റുകൾ, ഒരു കോമൺ കൺട്രോൾ റൂമിന്റെ ഫ്ലോർ ലേഔട്ടുകൾ, ഉപകരണ പരിശോധനാ റിപ്പോർട്ടുകൾ, വിതരണക്കാരുടെ ലിസ്റ്റുകൾ, യോഗത്തിലെ വിവരങ്ങൾ, ഇൻഷുറൻസ് പോളിസികൾ എന്നിവയുമായി ബന്ധപ്പെട്ട ഫയലുകളാണ് ചോർന്നത്.
നിലവിൽ നിർമാണത്തിലുള്ളതും 2027ഓടെ പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നതുമായ കൂടംകുളം പ്ലാന്റിലെ മൂന്ന്, നാലു യൂനിറ്റുകളുമായി ബന്ധപ്പെട്ടതാണ് ഈ രേഖകൾ. എന്നാൽ, റഷ്യൻ സർക്കാറിന്‍റെ ഉടമസ്ഥതയിലുള്ള റോസാറ്റം വിതരണം ചെയ്യുന്ന ആണവ റിയാക്ടറുകളുടെ കോർ സിസ്റ്റങ്ങളുടെ രൂപരേഖകൾ ഇതിൽ ഉൾപ്പെടുന്നില്ല എന്നും പറയുന്നു. ഡാറ്റാ ചോർച്ച പ്ലാന്റിന്റെ സുരക്ഷക്ക് ഗുരുതരമായ ഭീഷണി ഉയർത്തുമെന്ന് സുരക്ഷ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ചോർന്ന വിവരങ്ങൾ ശത്രുക്കൾക്ക് വിലപ്പെട്ടതായിരിക്കുമെന്നും സൈബർ സുരക്ഷാ വിദഗ്ധർ പറയുന്നു. ഇന്ത്യയുടെ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യയുമായി ചേർന്ന് ഡാറ്റ ചോർച്ച അന്വേഷിക്കുന്നുണ്ട്. അതേസമയം, വിഷയത്തിൽ ആണവോർജ വകുപ്പോ പ്രധാനമന്ത്രിയുടെ ഓഫിസോ പരസ്യമായി പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

