Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘പരാമർശം വിദ്യാർഥികളെ...

‘പരാമർശം വിദ്യാർഥികളെ ഉദ്ദേശിച്ചല്ല, ബി.ജെ.പിക്കെതിരെ’; പൊലീസ് റിക്രൂട്ട്മെന്റ് വിവാദത്തിൽ വിശദീകരണവുമായി പ്രിയങ്ക് ഖാർഗെ

text_fields
bookmark_border
Priyank Kharge
cancel
camera_alt

പ്രിയങ്ക് ഖാർഗെ

ബംഗളൂരു: കർണാടകയിൽ സിവിൽ പൊലീസ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് പരീക്ഷയെത്തുടർന്നുണ്ടായ ആശയക്കുഴപ്പങ്ങളും രാഷ്ട്രീയ വിവാദങ്ങളും ശക്തമാകുന്നു. പരീക്ഷാ കേന്ദ്രങ്ങളിലുണ്ടായ ക്രമക്കേട് ആരോപണങ്ങളും രാജി ആവശ്യങ്ങളും തള്ളി മന്ത്രി പ്രിയങ്ക് ഖാർഗെ രംഗത്തുവന്നത് പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

ഉദ്യോഗാർഥികൾ നിരാഹാര സമരം കിടന്ന് ലാത്തിച്ചാർജ് ഏറ്റുവാങ്ങിയാൽ മാത്രമേ താൻ രാജിവെക്കൂ എന്ന തരത്തിലുള്ള അദ്ദേഹത്തിന്റെ പരാമർശമാണ് വലിയ വിമർശനങ്ങൾക്ക് കാരണമായത്. എന്നാൽ പ്രസ്താവന വിദ്യാർഥികളെ ഉന്നമിട്ടുള്ളതല്ലെന്നും ബി.ജെ.പിയുടെ രാഷ്ട്രീയ നാടകങ്ങളെക്കുറിച്ചാണ് പറഞ്ഞതെന്നും പിന്നീട് മന്ത്രി വിശദീകരിച്ചു.

കർണാടക പൊലീസിലെ 1,453 സിവിൽ പൊലീസ് കോൺസ്റ്റബിൾ (ആൺ/പെൺ) തസ്തികകളിലേക്കുള്ള എഴുത്തുപരീക്ഷ കർണാടക എസാമിനേഷൻസ് അതോറിറ്റിയാണ് (KEA) സംസ്ഥാനത്തുടനീളം നടത്തിയത്. എന്നാൽ പരീക്ഷക്കിടെ വിജയാപുര ജില്ലയിലെ ചില പരീക്ഷാ കേന്ദ്രങ്ങളിൽ ഉദ്യോഗാർഥികൾക്കിടയിൽ വലിയ തോതിൽ ആശയക്കുഴപ്പമുണ്ടായി.

വിജയാപുര ജില്ലയിലെ ടികോട്ട ടൗണിലെ ശ്രീ ശരദാമ്പ പിയു കോളജ് ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ, ഒ.എം.ആർ ഷീറ്റുകളിലും ചോദ്യപ്പേപ്പറുകളിലും അച്ചടിച്ച സീരിയൽ നമ്പറുകൾ തമ്മിലുള്ള വ്യത്യാസങ്ങളിൽ ഉദ്യോഗാർഥികൾ എതിർപ്പ് പ്രകടിപ്പിച്ചു. നിരവധി ഉദ്യോഗാർത്ഥികൾ പരീക്ഷാ ഹാളിൽ നിന്ന് പുറത്തിറങ്ങി. ടികോട്ട കേന്ദ്രത്തിൽ വിദ്യാർഥികൾ ഗേറ്റ് തള്ളിത്തുറക്കാൻ ശ്രമിച്ചതിനെ തുടർന്ന് പൊലീസും ഇടപെട്ടു.

റിക്രൂട്ട്മെന്റ് പരീക്ഷയിലെ പിഴവുകളെക്കുറിച്ചുള്ള ആരോപണങ്ങൾ കർണാടക എസാമിനേഷൻസ് അതോറിറ്റി (KEA) പൂർണ്ണമായും തള്ളി. ഒ.എം.ആർ നമ്പറും ചോദ്യപ്പേപ്പർ നമ്പറും ഒന്നുതന്നെയായിരിക്കണം എന്നൊരു ഔദ്യോഗിക നിർദേശമോ നിയമമോ നൽകിയിട്ടില്ലെന്ന് കർണാടക എസാമിനേഷൻസ് അതോറിറ്റി വ്യക്തമാക്കി. ഉദ്യോഗാർഥികൾ ചോദ്യപ്പേപ്പർ സീരീസ് കോഡ്, വേർഷൻ കോഡ്, രജിസ്ട്രേഷൻ നമ്പർ എന്നിവ മാത്രമാണ് കൃത്യമായി രേഖപ്പെടുത്തേണ്ടത്. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഇത്തരം വ്യാജവും തെറ്റിദ്ധാരണാജനകവുമായ വാർത്തകൾ വിശ്വസിക്കരുതെന്നും കർണാടക എസാമിനേഷൻസ് അതോറിറ്റിപൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

വിജയാപുര സംഭവത്തിന് പിന്നാലെ മന്ത്രി പ്രിയങ്ക് ഖാർഗെയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തുവന്നിരുന്നു. ഇതിനോട് പ്രതികരിക്കവെയാണ് മന്ത്രി വിവാദ പരാമർശം നടത്തിയത്. ‘ഞാൻ രാജി വെക്കാം, എന്നാൽ ആദ്യം ഉദ്യോഗാർത്ഥികൾ 25 ദിവസം നിരാഹാര സമരം കിടക്കട്ടെ, അവർക്ക് ലാത്തിച്ചാർജ് കിട്ടട്ടെ, അതിനുശേഷം ഞാൻ രാജി വെക്കാം, നീറ്റ് പേപ്പർ ചോർച്ചക്ക് ശേഷം അവർ ചെയ്തതുപോലെ’ എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ഈ പരാമർശം വിദ്യാർഥി സമൂഹത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായതിനെത്തുടർന്നാണ് മന്ത്രി വിശദീകരണവുമായി രംഗത്തെത്തിയത്. തനിക്കെതിരെയുള്ള ബി.ജെ.പിയുടെയും പ്രതിപക്ഷ നേതാവ് ആർ. അശോകിന്റെയും രാജി ആവശ്യത്തോടാണ് താൻ പ്രതികരിച്ചതെന്നും, തന്റെ പരാമർശം വിദ്യാർഥികളെ ഉദ്ദേശിച്ചുള്ളതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പിയുടെ രാഷ്ട്രീയ നാടകങ്ങളെ മാത്രമാണ് താൻ വിമർശിച്ചതെന്ന് പ്രിയങ്ക് ഖാർഗെ എക്സിലൂടെ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omr sheetpolitical controversyPriyank khargeKEA ExamRecruitment Exam
News Summary - പൊലീസ് റിക്രൂട്ട്മെന്റ് വിവാദത്തിൽ വിശദീകരണവുമായി പ്രിയങ്ക് ഖാർഗെ
Next Story