കശ്മീരിൽ നാലാംദിവസവും ഭീകരർക്കായി തിരച്ചിൽ തുടരുന്നു
text_fieldsശ്രീനഗർ: ജമ്മു കശ്മീരിലെ അനന്തനാഗ് ജില്ലയിൽ തുടർച്ചയായ നാലാംദിവസവും ഭീകരർക്കായുള്ള തിരച്ചിൽ തുടരുന്നു. ചൊവ്വാഴ്ച രാത്രി മുതൽ സൈന്യവും ജമ്മുകശ്മീർ പൊലീസും സംയുക്തമായാണ് അനന്തനാഗിലെ കൊക്കേർനാഗ് വനമേഖലയിൽ തിരച്ചിൽ നടത്തുന്നത്.
മേഖലയിൽ ഉണ്ടായ വെടിവെപ്പിൽ ഒരു കേണൽ അടക്കം നാലു സുരക്ഷാ ഉദ്യോഗസ്ഥരാണ് വീരമൃത്യു വരിച്ചത്. വനമേഖലയിൽ ഭീകരരെ വളയാൻ സുരക്ഷ സേനക്ക് കഴിഞ്ഞിട്ടുണ്ടെന്നും ഇവരെ ഉടൻ പിടികൂടുമെന്നും ജമ്മു കാശ്മീർ പൊലീസ് അറിയിച്ചു.
ഡ്രോണുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് തിരച്ചില്‍ നടത്തുന്നത്. വനമേഖലയില്‍ ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന് കരുതുന്ന സ്ഥലങ്ങളില്‍ ഇന്നലെ ഡ്രോണുകള്‍ ഉപയോഗിച്ച് സൈന്യം ആക്രമണം നടത്തി. കാണാതായ സൈനികൻ കൂടവീരമൃത്യു വരിച്ചതായി അധികൃതർ ഇന്നലെയാണ് സ്ഥിരീകരിച്ചത്. ഒരു കേണലും മേജറും ജമ്മകശ്മീര്‍ പൊലീസിലെ ഡി.എസ്പിയുമാണ് ആദ്യം വീരമൃത്യു വരിച്ചത്. ജന്മനാട്ടില്‍ എത്തിച്ച കേണല്‍ മൻപ്രീത് സിങിന്‍റെയും മേജർ ആഷിഷ് ദോൻചാകിന്‍റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തിലാണ് സംസ്കരിച്ചത്.
പഞ്ചാബിലെ മുള്ളാൻപൂരില്‍ എത്തിച്ച കേണല്‍ മൻപ്രീത് സിങിന്‍റെ മൃതദേഹത്തില്‍ മക്കള്‍ സല്യൂട്ട് നല്‍കിയ കാഴ്ച വൈകാരികമായി. ജമ്മുകശ്മീർ ഡിഎസ്പി ഹിമയുൻ മുസമില്‍ ഭട്ടിന്‍റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഔദ്യോഗിക ബഹുമതികളോടെ കഴിഞ്ഞ ദിവസം സംസ്കരിച്ചിരുന്നു. രൗജരിയിലും അനന്ത്നാഗിലും ഭീകരർക്കായുള്ള തെരച്ചില്‍ നടക്കുന്നതിനിടെ ഉറിയില്‍ ആയുധങ്ങളുമായി രണ്ട് ലഷ്കർ സംഘാഗങ്ങള്‍ പിടിയിലായി. ഇവരില്‍ നിന്ന് പിസ്റ്റളുകളും ഗ്രനേഡുകളും പിടിച്ചെടുത്തു. അതിനിടെ, ബരാമുല്ല ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

