ചൂടുപിടിച്ച് കർണാടകയിലെ നേതൃമാറ്റ ചർച്ച; പരസ്യ ചർച്ച വേണ്ടെന്ന് ഖാർഗെ
text_fieldsകർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ, മുഖ്യമന്ത്രി സിദ്ദരാമയ്യ
ന്യൂഡൽഹി/ബംഗളൂരു: കർണാടകയിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ രണ്ടര വർഷം പൂർത്തിയാക്കിയിരിക്കേ, നേതൃമാറ്റ വിഷയം ചൂടുപിടിക്കുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയെ നീക്കാനുള്ള ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിെന്റ ശ്രമമാണ് പാർട്ടിയിൽ പ്രതിസന്ധി സൃഷ്ടിച്ചത്. ശിവകുമാറിനൊപ്പമുള്ള ഒരു വിഭാഗം എം.എൽ.എമാർ പാർട്ടി നേതൃത്വത്തെ കാണാൻ ഡൽഹിയിൽ എത്തിയിട്ടുണ്ട്.
അതേസമയം, നേതൃമാറ്റ വിഷയം പരസ്യമായി ചർച്ച ചെയ്യേണ്ടതല്ലെന്ന നിലപാടിലാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഡൽഹിൽ ഭരണഘടനാ ദിന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നേതൃമാറ്റത്തെക്കുറിച്ച് പരസ്യമായി ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും വ്യക്തമാക്കി. തന്നെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. നാലോ അഞ്ചോ ആളുകൾ തമ്മിലുള്ള രഹസ്യ ഡീലാണ് ഇത്. താൻ മനഃസാക്ഷിയിൽ വിശ്വസിക്കുന്നു. മനഃസാക്ഷിക്കനുസരിച്ചാണ് നാം പ്രവർത്തിക്കേണ്ടത്. പാർട്ടിയെ പ്രതിസന്ധിയിലാക്കാനും ദുർബലമാക്കാനും ആഗ്രഹിക്കുന്നില്ലെന്നും കർണാടക കോൺഗ്രസ് അധ്യക്ഷൻ കൂടിയായ അദ്ദേഹം പറഞ്ഞു.
നേതൃമാറ്റം സംബന്ധിച്ച അഭ്യൂഹങ്ങൾ അവസാനിപ്പിക്കുന്നതിന് ഹൈകമാൻഡ് അന്തിമ തീരുമാനമെടുക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഹൈകമാൻഡ് തീരുമാനം താൻ അംഗീകരിക്കും. പാർട്ടി നേതൃത്വത്തെ കണ്ട് തങ്ങളുടെ അഭിപ്രായം അറിയിക്കാൻ എം.എൽ.എമാർക്ക് സ്വാതന്ത്ര്യം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശിവകുമാറിനെ അനുകൂലിക്കുന്ന ഒരു വിഭാഗം എം.എൽ.എമാർ ഡൽഹിയിലേക്ക് പോയതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാൽ, അഞ്ചുവർഷവും താൻ തന്നെയായിരിക്കും മുഖ്യമന്ത്രിയെന്നാണ് സിദ്ധരാമയ്യ നേരത്തേ വ്യക്തമാക്കിയത്.
2023ൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയപ്പോൾ അധികാരം പങ്കിടുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും തമ്മിൽ ധാരണയുണ്ടായിരുന്നതായാണ് അഭ്യൂഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

