‘അനാവശ്യ ചർച്ച...’; നേതൃമാറ്റ വാർത്തകൾ തള്ളി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, അഞ്ചു വർഷം പൂർത്തിയാക്കും
text_fieldsസിദ്ധരാമയ്യ
ബംഗളൂരു: കർണാടക സർക്കാറിൽ നേതൃമാറ്റമുണ്ടാകുമെന്ന വാർത്തകൾ തള്ളി മുഖ്യമന്ത്രി സിദ്ധരാമയ്യ. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി അദ്ദേഹത്തിന്‍റെ വിശ്വസ്തരായ എം.എൽ.എമാർ പാർട്ടി കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തിയെന്ന വാർത്തകൾ പുറത്തുവന്നതിനു പിന്നാലെയാണ് സിദ്ധരാമയ്യയുടെ പ്രതികരണം.
അഭ്യൂഹങ്ങളെല്ലാം തള്ളിക്കളഞ്ഞ സിദ്ധരാമയ്യ, ഇപ്പോൾ നടക്കുന്നത് അനാവശ്യ ചർച്ചകളാണെന്നും വ്യക്തമാക്കി. സിദ്ധാരമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ കർണാടകയിൽ രണ്ടര വർഷം പൂർത്തിയാക്കിയതിനു പിന്നാലെയാണ് നേതൃമാറ്റ ചർച്ചകൾ വീണ്ടും സജീവമായത്. ‘എന്റെ അധികാരം ഇപ്പോഴും ഭാവിയിലും സുരക്ഷിതമാണ്. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റാനുള്ള ആത്മാർഥ ശ്രമങ്ങൾ നടക്കുന്നുണ്ട്’ -ചാമരാജനഗറിൽ സിദ്ധരാമയ്യ മാധ്യമങ്ങളോട് പറഞ്ഞു. ‘നവംബർ വിപ്ലവം’ എന്ന പരാമർശവും അദ്ദേഹം തള്ളി. ഇത് മാധ്യമങ്ങളുടെ സൃഷ്ടിയാണ്. ഇവിടെ അങ്ങനെയൊരു വിപ്ലവവും ആശയക്കുഴപ്പവും ഇല്ല. ഈ സർക്കാർ അഞ്ചു വർഷം ഭരിക്കും. അതിനുശേഷം തെരഞ്ഞെടുപ്പ് നടക്കും. കോൺഗ്രസ് തെരഞ്ഞെടുപ്പ് ജയിച്ച് വീണ്ടും അധികാരത്തിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെയുണ്ടായിരുന്ന കരാർ പ്രകാരം അധികാരം പങ്കിടണമെന്നും ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്നും എം.എൽ.എമാർ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയോട് ആവശ്യപ്പെട്ടെന്നായിരുന്നു റിപ്പോർട്ട്. ഇത്തരമൊരു കരാറിനെ കുറിച്ച് പാർട്ടി ഇതുവരെ പ്രതികരിച്ചിട്ടില്ല. രണ്ടര വർഷത്തിനുശേഷം അധികാരം കൈമാറണമെന്ന കരാറൊന്നും ഇല്ലെന്നായിരുന്നു സിദ്ധരാമയ്യയുടെ പ്രതികരണം. ഗുബ്ബി എം.എൽ.എ ശ്രീനിവാസ്, ശ്രീംഗേരി എം.എൽ.എ ടി.ഡി രാജഗൗഡ, കുനിഗാൽ എം.എൽ.എ എച്ച്.ഡി രംഗനാഥൻ, അനേകൽ എം.എൽ.എ ബി.ശിവണ്ണ, കുഡാച്ചി എം.എൽ.എ മഹേന്ദ്ര കല്ലപ്പ, എം.എൽ.സി സി.രവി എന്നിവരാണ് ഖാർഗെയുമായി കൂടിക്കാഴ്ച നടത്തിയത്.
അതേസമയം, കർണാടകയിലെ മന്ത്രിസഭ പുനഃസംഘടനയിൽ രാഹുൽ ഗാന്ധി തീരുമാനമെടുക്കുമെന്ന് ഖാർഗെ എം.എൽ.എമാരെ അറിയിച്ചുവെന്നാണ് റിപ്പോർട്ട്. ഇക്കാര്യം ആവശ്യപ്പെട്ട് ഇനി ഡൽഹിക്ക് വരരുതെന്നും അത് കൂടുതൽ അഭ്യൂഹങ്ങൾക്ക് കാരണമാകുമെന്നും ഖാർഗെ പറഞ്ഞു.
ശനിയാഴ്ച ഡൽഹിയിൽ കോൺഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെയാണ് നേതൃമാറ്റമടക്കം വിഷയങ്ങളിൽ ചർച്ച ചൂടുപിടിച്ചത്. തിങ്കളാഴ്ച വൈകീട്ട് ഡി.കെ ശിവകുമാറും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഖാർഗെയുമായി കൂടിക്കാഴ്ചക്ക് പിന്നാലെ തിങ്കളാഴ്ച വൈകീട്ട് ഡൽഹിയിൽ നിന്ന് ബംഗളൂരുവിലേക്ക് മടങ്ങുന്നതിനിടെയാണ് ശിവകുമാറിനോട് നേതൃമാറ്റത്തിനുള്ള സാധ്യത മാധ്യമപ്രവർത്തകർ ആരാഞ്ഞത്. ‘മന്ത്രിസഭാ വികസനമോ നേതൃമാറ്റമോ പ്രവചിക്കാൻ ഒരു ജ്യോതിഷിയെ സമീപിക്കണം,’ എന്നായിരുന്നു മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

