ആരോഗ്യവും അന്തസ്സും പ്രധാനം; ആർത്തവ ശുചിത്വം പാലിക്കാൻ കഴിയാത്ത 23കാരിയുടെ ഗർഭപാത്രം നീക്കം ചെയ്യാൻ കോടതി അനുമതി
text_fieldsബംഗളൂരു: മാനസിക വൈകല്യങ്ങളുള്ള 23കാരിയുടെ ഗർഭപാത്രം നീക്കം ചെയ്യാൻ അനുമതി നൽകി കർണാടക ഹൈക്കോടതി. രോഗിയുടെ ആരോഗ്യം, അന്തസ്സ്, ജീവിത നിലവാരം എന്നിവ കണക്കിലെടുത്ത്, ഈ ശസ്ത്രക്രിയ അനിവാര്യമാണെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ സുപ്രധാന ഉത്തരവ്.
ജസ്റ്റിസ് സൂരജ് ഗോവിന്ദരാജാണ് ഈ കേസിൽ വിധി പ്രസ്താവിച്ചത്. ബംഗളൂരുവിലെ വാനി വിലാസ് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്താനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. കടുത്ത മാനസിക-ബൗദ്ധിക വൈകല്യങ്ങൾ അനുഭവിക്കുന്ന യുവതിക്ക് ആർത്തവ ശുചിത്വം സ്വയം പാലിക്കാൻ സാധിക്കുന്നില്ല. ഇത് കാരണം തുടർച്ചയായ അണുബാധകളും മറ്റ് ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നതായി മാതാപിതാക്കൾ കോടതിയെ ബോധിപ്പിച്ചിരുന്നു.
യുവതിക്ക് 75 ശതമാനം വൈകല്യമുണ്ടെന്നും സാമൂഹിക പ്രായം ഏകദേശം അഞ്ച് വയസ്സ് നാല് മാസം മാത്രമാണെന്നും മെഡിക്കൽ ബോർഡ് കണ്ടെത്തി. കൂടാതെ അപസ്മാരം പോലുള്ള ശാരീരിക ബുദ്ധിമുട്ടുകളും യുവതി നേരിടുന്നുണ്ട്. ജനസംഖ്യാ നിയന്ത്രണത്തിനായോ അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലുള്ള വിവേചനപരമായ ഉദ്ദേശ്യത്തോടെയോ അല്ല ഈ അനുമതിയെന്ന് കോടതി വ്യക്തമാക്കി.
രോഗിയുടെ അന്തസ്സും ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുക എന്നത് മാത്രമാണ് ലക്ഷ്യമെന്നും വൈകല്യം ഉള്ളതുകൊണ്ട് മാത്രം ഒരാളുടെ അവകാശങ്ങൾ നിഷേധിക്കപ്പെടരുത് എന്ന നിലപാട് കോടതി സ്വീകരിച്ചു. ശസ്ത്രക്രിയക്ക് മുമ്പുള്ള കൗൺസലിങും, ശസ്ത്രക്രിയക്ക് ശേഷമുള്ള ആവശ്യമായ പുനരധിവാസ സൗകര്യങ്ങളും ഉറപ്പാക്കാൻ വാനി വിലാസ് ആശുപത്രി സൂപ്രണ്ടിന് കോടതി നിർദ്ദേശം നൽകി.
രോഗിയുടെ മാതാപിതാക്കളുടെ ശാരീരികവും മാനസികവുമായ പ്രയാസങ്ങളും, യുവതിയുടെ തുടർച്ചയായ ആരോഗ്യപ്രശ്നങ്ങളും പരിഗണിച്ചാണ് കോടതി അപൂർവ്വ ഉത്തരവിലേക്ക് എത്തിയത്. ചികിത്സയുടെ ഓരോ ഘട്ടത്തിലും യുവതിയുടെ അന്തസ്സും സുരക്ഷയും സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കോടതി പ്രത്യേകം നിർദ്ദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

