സമസ്ത സമ്മേളനത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് കാന്തപുരം
text_fieldsമലപ്പുറം: അടുത്തവർഷം മലപ്പുറത്ത് നടക്കുന്ന സമസ്മ (എ.പി വിഭാഗം) സമ്മേളനത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് കാന്തപുരം അബൂബക്കർ മുസ്‍ലിയാർ. തിങ്കളാഴ്ച ന്യൂഡൽഹിയിൽ പ്രധാനമന്ത്രിയും കാന്തപുരം അബൂബക്കർ മുസ്‍ലിയാരും തമ്മിൽ നടന്ന കൂടികാഴ്ചയിൽ സമ്മേളനത്തിലേക്ക് ക്ഷണിച്ചതായാണ് വിവരം. ക്ഷണം പ്രധാനമന്ത്രി സ്വീകരിച്ചതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ, സമസ്ത നേതാക്കളോ, കാന്തപുരം അബൂബക്കർ മുസ്‍ലിയാരോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
2027 ജനുവരിയിൽ മലപ്പുറത്തു നടക്കുന്ന സമസ്ത നൂറാം വാർഷിക സമ്മേളനത്തിലെ അന്താരാഷ്ട്ര സെഷനിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രിക്ക് ക്ഷണം. കാന്തപുരവുമായി അടുത്ത ബന്ധം നിലനിർത്തുന്ന മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഉൾപ്പെടെ ലോകനേതാക്കൾ ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
പ്രധാനമന്ത്രി സമ്മേളനത്തിൽ പങ്കെടുക്കുകയാണെങ്കിൽ കേരളത്തിൽ ഇതാദ്യമായാവും ഒരു മുസ്ലിം സംഘടനയുടെ പരിപാടിയിൽ നരേന്ദ്രമോദിയുടെ സാന്നിധ്യം.
തിങ്കളാഴ്ച നടന്ന കുടികാഴ്ചയിൽ കാന്തപുരത്തിന്റെ പ്രവർത്തനങ്ങളെ മോദി അഭിനന്ദിച്ചിരുന്നു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ സാന്നിധ്യത്തിൽ തിങ്കളാഴ്ച രാവിലെ 10ന് പ്രധാനമന്ത്രിയുടെ വസതിയിലെത്തി നടത്തിയ അരമണിക്കൂർ കൂടിക്കാഴ്ചയിൽ റമദാൻസന്ദേശം പ്രധാനമന്ത്രിക്ക് കൈമാറിയതായി കാന്തപുരം പറഞ്ഞു. നിയമസഭാ തെരഞ്ഞടുപ്പ് പടിവാതിൽക്കൽനിൽക്കെ കൂടിക്കാഴ്ചയിൽ രാഷ്ട്രീയമില്ലെന്നും തെരഞ്ഞെടുപ്പ് കാര്യങ്ങൾ ചർച്ചചെയ്തില്ലെന്നും കേരളത്തിന്റെ കാര്യങ്ങളാണ് പറഞ്ഞതെന്നും ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് കാന്തപുരം പ്രതികരിച്ചു.
അലീഗഢ് സർവകലാശാലയുടെ ഓഫ് കാമ്പസ് പെരിന്തൽമണ്ണയിൽ സ്ഥാപിച്ച് വർഷങ്ങളായിട്ടും വേണ്ടത്ര പുരോഗതി വന്നില്ലെന്ന കാര്യം അദ്ദേഹം പ്രധാനമന്ത്രിയുടെ ശ്രദ്ധയിലെത്തിച്ചു. അവിടെ താമസിക്കാൻ സൗകര്യമില്ലാത്തതിനാലും വേണ്ടത്ര അധ്യാപകരില്ലാത്തതിനാലും പഠിക്കാൻ കുട്ടികളില്ലെന്നും ധരിപ്പിച്ചു.
കാന്തപുരത്തിന്റെ മകനും എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റുമായ ഡോ. മുഹമ്മദ് അബ്ദുല്‍ഹകീം അസ്ഹരി, സമസ്ത കേരള ജംഇയ്യതുല്‍ ഉലമ സെക്രട്ടറി പേരോട് അബ്ദുറഹ്മാന് സഖാഫി, സി.പി. സ്വാദിഖ് നൂറാനി എന്നിവരും കൂടെയുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

