കന്നട നടൻ ഉപേന്ദ്ര പുതിയ പാർട്ടിയുണ്ടാക്കുന്നു
text_fieldsബംഗളൂരു: കന്നട നടൻ ഉപേന്ദ്ര റാവു പുതിയ രാഷ്ട്രീയ പാർട്ടിയുണ്ടാക്കും. അടുത്ത വർഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടി മത്സരരംഗത്തുണ്ടാകുമെന്നും കഴിവുള്ളവരായിരിക്കും സ്ഥാനാർഥികളെന്നും ഉപേന്ദ്ര പറഞ്ഞു. ശനിയാഴ്ച ബംഗളൂരുവിലെ സ്വന്തം റിസോർട്ടിലേക്ക് മാധ്യമപ്രവർത്തകരെ വിളിച്ചുവരുത്തിയാണ് പുതിയ പാർട്ടി രൂപവത്കരിക്കാനുള്ള പ്രഖ്യാപനം നടത്തിയത്.
അമിത് ഷായുടെ ബംഗളൂരു സന്ദർശനവേളയിൽ ഉപേന്ദ്ര ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. പാർട്ടിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.
സംവിധായകൻ, നിർമാതാവ്, തിരക്കഥാകൃത്ത്, പിന്നണിഗായകൻ എന്നിങ്ങനെ സിനിമയുടെ എല്ലാ മേഖലകളിലും തിളങ്ങിയിട്ടുള്ള ഉപേന്ദ്ര വലിയ ആരാധക വൃന്ദമുള്ള താരമാണ്. കാക്കി നിറത്തിലുള്ള വസ്ത്രമണിഞ്ഞാണ് മാധ്യമങ്ങളെ കണ്ടത്. തൊഴിലാളിവർഗത്തിനോടൊപ്പമാണ് താനെന്ന് വ്യക്തമാക്കാനാണ് കാക്കി വസ്ത്രമണിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.
