‘പ്രക്ഷോഭത്തിൽ പങ്കെടുത്തു എന്നതാണ് ചെയ്ത തെറ്റ്, അമിത് ഷാ മറുപടി പറയണം’; ഐഷി ഘോഷിനെതിരായ പൊലീസ് നടപടി രാജ്യസഭയിൽ ഉയർത്തി ജോൺ ബ്രിട്ടാസ്
text_fieldsന്യൂഡൽഹി : ഡൽഹിയിലെ എ.കെ.ജി ഭവനിൽ കയറി എസ്.എഫ്.ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്യാൻ ശ്രമിച്ച നടപടി രാജ്യസഭയിൽ ഉയർത്തി ജോൺ ബ്രിട്ടാസ് എം.പി. എ.കെ.ജി ഭവനിൽ കടന്നുകയറി ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസ് നടത്തിയ ശ്രമം അപലപനീയമാണെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു.
2021ലെ കേസിന്റെ പേരുപറഞ്ഞാണ് ഐഷിയെ അറസ്റ്റ് ചെയ്യാൻ ഡൽഹി എ.കെ.ജി ഭവനിൽ പൊലീസെത്തിയത്. യൂണിഫോമില്ലാതെ മഫ്തിയിലെത്തിയ പൊലീസ് ഉദ്യോഗസ്ഥരാണ് ഐഷിയെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതെന്നും ജോൺ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.
‘ജന്തർ മന്തർ പ്രക്ഷോഭത്തിൽ പങ്കെടുത്തു എന്നതാണ് ഐഷി ചെയ്ത തെറ്റ്. ഈ സമയത്ത് ഞാനവിടെയുണ്ടായിരുന്നു. എന്തിനാണ് ഒരു ദേശീയ പാർട്ടിയുടെ ഓഫിസിലേക്ക് ഇത്തരത്തിൽ ഇടിച്ചകയറി വന്നതെന്ന് ഡൽഹി പൊലീസിനോട് ചോദിച്ചു. അപ്പോൾ അവർ ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ വന്നതാണെന്നു പറഞ്ഞു. എന്താണ് കേസെന്ന് ചോദിച്ചപ്പോൾ 2021ൽ ജെ.എൻ.യു കാമ്പസിനുള്ളിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട കേസ് ആണെന്നായിരുന്നു മറുപടി. യൂണിഫോമോ ബാഡ്ജോ ധരിക്കാതെയാണ് ഡൽഹി പൊലീസ് എത്തിയതെന്നതാണ് ഞെട്ടിപ്പിക്കുന്ന കാര്യം’ -ജോൺ ബ്രിട്ടാസ് പറഞ്ഞു.
ഗുരുതരമായ വിഷയം ഉന്നയിച്ച് സംസാരിച്ചിട്ടും എം.പിയെ കാമറയില്‍ കാണിക്കാഞ്ഞതിനെ ചൊല്ലിയും സഭയില്‍ ബഹളമുയര്‍ന്നു. എന്നാൽ താങ്കൾ എന്നോടാണ് സംസാരിക്കുന്നതെന്നായിരുന്നു രാജ്യസഭാ അധ്യക്ഷൻ സി.പി. രാധാകൃഷ്ണൻ നൽകിയ മറുപടി.
ഐഷിക്കെതിരെ നടന്ന പ്രതികാര നടപടിയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറയണമെന്നും ജോൺ ബ്രിട്ടാസ് എം.പി ആവശ്യപ്പെട്ടു. എന്നാൽ, ഐഷിയെ അറസ്റ്റ് ചെയ്യാൻ ഒരുങ്ങിയത് സ്വാഭാവിക നടപടി മാത്രമാണെന്നായിരുന്നു മന്ത്രി ജെ.പി. നദ്ദയുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

