എ.കെ.ജി ഭവനിൽ പൊലീസ്: ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ നീക്കം; തടഞ്ഞ് ജോൺ ബ്രിട്ടാസ് എം.പി
text_fieldsഐഷി ഘോഷ്
ന്യൂഡൽഹി: എസ്.എഫ്.ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിന്റെ ഭാഗമായി ഡൽഹി എ.കെ.ജി സെന്ററിൽ ഡൽഹി പൊലീസിന്റെ പരിശോധന. കോക്രോച്ച് ജനത പാർട്ടിയുടെ നേതൃത്വത്തിൽ പരീക്ഷ ക്രമക്കേടും നീറ്റ് പരീക്ഷപേപ്പർ ചോർച്ചയും സംബന്ധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന രാജിവെക്കണമെന്ന് ആവശ്യം ഉന്നയിച്ച് വിദ്യാർഥികൾ നടത്തിയ പ്രതിഷേധത്തിൽ സജീവ സാന്നിധ്യമായിരുന്നു ഐഷി ഘോഷ്.
ജെ.എൻ.യു വിദ്യാർഥി യൂനിയന്റെ മുൻ അധ്യക്ഷയായിരുന്നു ഐഷി ഘോഷ്. എന്നാൽ നേരത്തെയുള്ള കേസിന്റെ അടിസ്ഥാനത്തിലാണ് ഡൽഹി പൊലീസിന്റെ നടപടിയെന്നും പറയപ്പെടുന്നുണ്ട്. അതേസമയം, പ്രക്ഷോഭത്തിന്റെ പേരിൽ വിദ്യാർഥികളെ പ്രതികളാക്കി അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പൊലീസ് എ.കെ.ജി സെന്ററിൽ എത്തിയതെന്ന് ജോൺ ബ്രിട്ടാസ് എം.പി പറഞ്ഞു.
കോക്രോച്ച് ജനത പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധങ്ങളുടെ ഭാഗമായി രജിസ്റ്റർ ചെയ്ത കേസുകളിൽനടപടി ഉണ്ടാകില്ലായെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കിയതാണ്. ഇതിനുപിന്നാലെയാണ് മുൻ കേസുകളുടെ പേരിൽ വിദ്യാർഥികളെ പൊലീസ് വേട്ടയാടുന്നതെന്ന് ആരോപണമുണ്ട്. എന്നാൽ ഏത് കേസിന്റെ പേരിലാണ് അറസ്റ്റ് നീക്കമെന്ന് പൊലീസ് വ്യക്തമാക്കുന്നില്ല. കൂടാതെ, സി.ജെ.പി പ്രതിഷേധവുമായി ബന്ധപ്പെട്ടുള്ള കേസുകളിൽ നടപടി വേണ്ടെന്ന സുപ്രീംകോടതിയുടെ നിർദേശത്തിന് പിന്നാലെയാണ് ഡൽഹി പൊലീസ് എ.കെ.ജി ഭവനിൽ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

