Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഝാർഖണ്ഡ് പി.എസ്.സി മുൻ...

ഝാർഖണ്ഡ് പി.എസ്.സി മുൻ ചെയർമാൻ എൽ. ഖിയാങ്‌ടെ അറസ്റ്റിൽ

text_fields
bookmark_border
Jharkhand CID Arrests Ex JPSC Chairperson L Khiangte
cancel

റാഞ്ചി: ഝാർഖണ്ഡ് പബ്ലിക് സർവീസ് കമീഷൻ (ജെ.പി.എസ്‌.സി) മുൻ ചെയർമാൻ എൽ. ഖിയാങ്‌ടെയെ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപാർട്ട്‌മെന്റ് (സി.ഐ.ഡി) അറസ്റ്റ് ചെയ്തു. ജെ.പി.എസ്.സി നടത്തിയ നിയമന പരീക്ഷകളിലെ ക്രമക്കേടുകൾ സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. പരീക്ഷാ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് ഉദ്യോഗാർഥികൾ നടത്തുന്ന സമരം 17ാം ദിവസത്തിലേക്ക് കടന്നതിനിടെയാണ് മുൻ ചെയർമാന്റെ അറസ്റ്റ്.

അതേസമയം, റാഞ്ചിയിൽ നിയമസഭയിലേക്ക് ഉ​ദ്യോഗാർഥികളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. അതിനിടെയാണ് അറസ്റ്റ് വിവരം പുറത്തുവന്നത്. കനത്ത സുരക്ഷയാണ് പൊലീസ് പ്രദേശത്ത് ഏർപ്പെടുത്തിയിരുന്നത്. ബാരിക്കേഡുകൾ മറികടന്ന് പ്രതിഷേധക്കാർ നിയമസഭാ സമുച്ചയത്തിലേക്ക് നീങ്ങാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തിച്ചാർജ് നടത്തുകയും ചെയ്തു. പൊലീസ് നടപടിയിൽ നിരവധി പേർക്ക് പരിക്കേറ്റതായി പ്രതിഷേധക്കാർ ആരോപിച്ചു.

ഝാർഖണ്ഡിന്റെ മുൻ ചീഫ് സെക്രട്ടറി കൂടിയായിരുന്നു ഖിയാങ്‌ടെ. പരീക്ഷാ ക്രമക്കേടുകൾക്കെതിരെയുള്ള പ്രതിഷേധങ്ങളെ തുടർന്ന് ജൂലൈ 22ന് അദ്ദേഹം ജെ.പി.എസ്‌.സി ചെയർമാൻ സ്ഥാനം രാജിവച്ചിരുന്നു. അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് ഖിയാങ്‌ടെയെ സി.ഐ.ഡി പലതവണ ചോദ്യം ചെയ്തിരുന്നു. ആഗസ്റ്റ് മൂന്നിന് ഏഴ് മണിക്കൂറോളം ചോദ്യം ചെയ്തതായും റിപ്പോർട്ടുകളുണ്ടായിരുന്നു. കേസുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളിൽ പരിശോധനകളും രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുക്കുന്ന നടപടികളും അന്വേഷണ സംഘം നടത്തിയിരുന്നു.

അതിനിടെ, ജെ.പി.എസ്.സിയിലെ മൂന്ന് അംഗങ്ങളുടെ രാജി കഴിഞ്ഞ ദിവസം ഗവർണർ അംഗീകരിച്ചു. അജിത ഭട്ടാചാര്യ, അനിമ ഹാൻസ്ദ, ജമാൽ അഹമ്മദ് എന്നിവരുടെ രാജിയാണ് അംഗീകരിച്ചത്. നിയമന പരീക്ഷകളിലെ ആരോപണങ്ങളെ തുടർന്ന് ഉദ്യോഗാർഥികളുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലായിരുന്നു നടപടി.

ജെ.പി.എസ്.സി, ഝാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമീഷൻ എന്നിവയുടെ പ്രവർത്തനത്തിൽ സമഗ്ര പരിഷ്കാരം വേണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം. ക്രമക്കേട് ആരോപണം ഉയർന്ന വിവിധ നിയമന പരീക്ഷകൾ റദ്ദാക്കണമെന്നും സ്വതന്ത്ര അന്വേഷണം നടത്തണമെന്നും അന്വേഷണം സി.ബി.ഐയെ ഏൽപ്പിക്കണമെന്നും ഉദ്യോഗാർഥികൾ ആവശ്യപ്പെടുന്നു.

14ാം ഝാർഖണ്ഡ് പി.എസ്.സി സിവിൽ സർവീസ് പരീക്ഷ ഉൾപ്പെടെ നിരവധി പരീക്ഷകൾ റദ്ദാക്കണമെന്നാണ് ഉദ്യോഗാർഥികൾ ആവശ്യപ്പെടുന്നത്. എന്നാൽ 13 പരീക്ഷകൾ റദ്ദാക്കണമെന്ന ആവശ്യം ഉന്നയിച്ചപ്പോൾ സർക്കാർ മൂന്ന് പരീക്ഷകൾ മാത്രമാണ് റദ്ദാക്കാൻ സമ്മതിച്ചതെന്നാണ് സമരക്കാർ പറയുന്നു. എന്നാൽ,സർക്കാർ അവരുടെ ആവശ്യങ്ങളിൽ 98 ശതമാനവും അംഗീകരിച്ചുവെന്നാണ് ഔദ്യോഗിക വിശദീകരണം.

അ​തേസമയം, ഝാർഖണ്ഡ് സർക്കാരും വിദ്യാർഥി സംഘടനകളും തമ്മിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടു. ഞായറാഴ്‌ച നടത്തിയ ആറാം വട്ട ചർച്ചയിൽ 14ാമത് ജെ.പി.എസ്‌.സി പരീക്ഷ റദ്ദാക്കുക​ എന്ന ആവശ്യം സർക്കാർ അംഗീകരിച്ചിരുന്നു. എന്നാൽ സി.ബി.ഐ അന്വേഷണം സാധ്യമല്ലെന്ന് സർക്കാർ അറിയിച്ചു. എല്ലാ ആവശ്യങ്ങളും സർക്കാർ അം​ഗീകരിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് വിദ്യാ‌ർഥി സംഘടനകൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jharkand examjharkandstudent protestCID arrestedExam Irregularity
News Summary - ഝാർഖണ്ഡ് പിഎസ്സി മുൻ ചെയർമാൻ എൽ ഖിയാങ്‌ടെ അറസ്റ്റിൽ
Next Story