ആറാംഘട്ട ചർച്ചയും പരാജയപ്പെട്ടു; ജാർഖണ്ഡിൽ 'വിധാൻസഭ ഘെരാവോ' മാർച്ച് ഇന്ന്, നിരോധനാജ്ഞ
text_fieldsറാഞ്ചി: സർക്കാരുമായുള്ള ആറാം വട്ട ചർച്ചയും സമവായത്തിലെത്താതെ പിരിഞ്ഞതോടെ, ജാർഖണ്ഡിൽ ചോദ്യപേപ്പർ ചോർച്ചക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾ ഇന്ന് 'വിധാൻസഭ ഘെരാവോ' മാർച്ച് നടത്തും. മാർച്ചിന് മുന്നോടിയായി റാഞ്ചിയിൽ ഉടനീളം സുരക്ഷ ശക്തമാക്കി. ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ (ജെ.പി.എസ്.സി.), ജാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (ജെ.എസ്.എസ്.സി.) പരീക്ഷകളിലെ ക്രമക്കേടാരോപിച്ചാണ് വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്നത്. റാഞ്ചിയിലെ ജഗന്നാഥ ക്ഷേത്രത്തിന് സമീപമുള്ള ജാർഖണ്ഡ് നിയമസഭയിലേക്കുള്ള (വിധാൻസഭ) പാതയിൽ റേസർ ഫെൻസിങ് സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ വിധാൻസഭയുടെ 750 മീറ്റർ ചുറ്റളവിൽ ബി.എൻ.എസ്. സെക്ഷൻ 163 പ്രകാരം നിരോധനാജ്ഞയും ഏർപ്പെടുത്തിയിട്ടുണ്ട്. റാഞ്ചിയിലെ മിക്ക സ്കൂളുകളും ഇന്ന് പ്രവർത്തിക്കില്ല. സമരത്തിലിരിക്കുന്ന വിദ്യാർത്ഥികളുമായി ഹേമന്ത് സോറന്റെ സർക്കാർ ഞായറാഴ്ച ആറാം വട്ട ചർച്ച നടത്തിയെങ്കിലും സമവായത്തിലെത്താൻ പരാജയപ്പെടുകയായിരുന്നു. വിഷയം പരിഹരിക്കുന്നതിൽ ഇരുവിഭാഗവും ഗൗരവം കാണിച്ചില്ലെന്ന് പരസ്പരം ആരോപിക്കുകയും ചെയ്തു. തുടർന്ന് തങ്ങളുടെ സമരം തുടരുമെന്ന് വിദ്യാർത്ഥികൾ പ്രഖ്യാപിക്കുകയായിരുന്നു. വിദ്യാർത്ഥികളുടെ ആവശ്യങ്ങളിൽ "98 ശതമാനവും" തങ്ങൾ അംഗീകരിച്ചതായി സംസ്ഥാന സർക്കാർ അവകാശപ്പെട്ടപ്പോൾ, അത് ശരിയല്ലെന്നാണ് മറുവിഭാഗം പറയുന്നത്.
സംസ്ഥാന റിക്രൂട്ട്‌മെന്റ് പരീക്ഷകളിലെ ക്രമക്കേടുകളെക്കുറിച്ചുള്ള സി.ബി.ഐ. അന്വേഷണം, 2019-നു ശേഷം നടത്തിയ എല്ലാ ജെ.എസ്.എസ്.സി. സി.ജി.എൽ., ജെ.എസ്.എസ്.സി. ജെ.ഇ., പി.ജി.ടി. പരീക്ഷകളും റദ്ദാക്കൽ, സർക്കാർ ജോലിയിലേക്കുള്ള റിക്രൂട്ട്‌മെന്റ് പ്രക്രിയയിലെ പരിഷ്കാരങ്ങൾ എന്നിവയാണ് വിദ്യാർത്ഥികളുടെ ആവശ്യം.
പരീക്ഷാ ക്രമക്കേടുകളിൽ കുറ്റക്കാരായവർക്കെതിരെ കർശന നടപടി സ്വീകരിക്കുക, കാറ്റഗറി തിരിച്ചുള്ള കട്ട്-ഓഫുകൾ, ഒ.എം.ആർ. പകർപ്പുകൾ, റെസ്പോൺസ് ഷീറ്റുകൾ എന്നിവ വെളിപ്പെടുത്തുക, യു.പി.എസ്.സി., എസ്.എസ്.സി. മാതൃകയിൽ റിക്രൂട്ട്‌മെന്റ് കലണ്ടർ തയ്യാറാക്കുക എന്നീ ആവശ്യങ്ങളും അവർ ഉന്നയിച്ചിട്ടുണ്ട്. തങ്ങളുടെ ആവശ്യങ്ങൾ അധികാരികൾ ഇതുവരെ അംഗീകരിച്ചിട്ടില്ലെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു.
ഇന്നത്തെ മാർച്ചിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിക്കുകയും മാർച്ച് സമാധാനപരമായിരിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു. ജൂലൈ 25 മുതൽ റാഞ്ചിയിലെ ജയ്പാൽ സിങ് മുണ്ട സ്റ്റേഡിയത്തിൽ പ്രതിഷേധിക്കുകയാണ് വിദ്യാർത്ഥികൾ. വിദ്യാർത്ഥി നേതാവ് ദേവേന്ദ്ര നാഥ് മഹാതോ സമരത്തിന്റെ ഭാഗമായി നിരാഹാരസമരം നടത്തുകയാണ്. നിരാഹാര സമരം കാരണം ദേവേന്ദ്ര നാഥ് മഹാതോ ഉൾപ്പെടെയുള്ള വിദ്യാർത്ഥി നേതാക്കളുടെ ആരോഗ്യനില വഷളാവുകയും അവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

