ഏഴ് വർഷത്തെ നിയമപോരാട്ടത്തിന് വിജയം; ജെറ്റ് എയർവേസ് ജീവനക്കാർക്ക് 480 കോടി രൂപ ഗ്രാറ്റുവിറ്റി വിതരണം ചെയ്യാൻ ഉത്തരവ്
text_fieldsജെറ്റ് എയർവേസ്
ന്യൂഡൽഹി: അടച്ചുപൂട്ടിയ ജെറ്റ് എയർവേസ് ജീവനക്കാർക്ക് പലിശയുൾപ്പെടെ 480 കോടി രൂപയുടെ ഗ്രാറ്റുവിറ്റി വിതരണം ചെയ്യാൻ നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണൽ (എൻ.സി.എൽ.എ.ടി) അനുമതി നൽകി. ഏഴ് വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ജീവനക്കാർക്ക് അനുകൂലമായ ഉത്തരവ് ലഭിച്ചത്. രണ്ടാഴ്ചയ്ക്കകം തുക വിതരണം ചെയ്യണമെന്നാണ് നിർദേശം.
ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് ഗ്രാറ്റുവിറ്റി നിക്ഷേപിക്കും. പ്രൊവിഡന്റ് ഫണ്ട് (പി.എഫ്) വിഹിതം ബന്ധപ്പെട്ട പി.എഫ് ഓഫിസ് വഴിയും നിക്ഷേപിക്കണം. അഞ്ചു വർഷത്തെ സേവനം പൂർത്തിയാക്കിയ ജീവനക്കാർക്കാണ് ഗ്രാറ്റുവിറ്റിക്ക് അർഹതയുണ്ടാകുക. അവസാനമായി ലഭിച്ച ശമ്പളത്തിന്റെ അടിസ്ഥാനത്തിലാണ് തുക കണക്കാക്കുന്നത്.
2019 ഏപ്രിലിലാണ് ജെറ്റ് എയർവേസ് പ്രവർത്തനം നിർത്തിയത്. 2021ൽ മുരാരി ലാൽ ജലാനും യുകെ ആസ്ഥാനമായ കല്രോക്ക് ക്യാപിറ്റലും ഉൾപ്പെട്ട ജലാൻ-കല്രോക്ക് കൺസോർഷ്യം വിമാനക്കമ്പനി ഏറ്റെടുത്ത് പുനരുജ്ജീവിപ്പിക്കാൻ രംഗത്തെത്തി. എന്നാൽ സാമ്പത്തിക ബാധ്യതകളും പണമടയ്ക്കലുമായി ബന്ധപ്പെട്ട തർക്കങ്ങളും കാരണം പദ്ധതി നടപ്പായില്ല.
2024 നവംബർ ഏഴിന് സുപ്രീംകോടതി കൺസോർഷ്യത്തിന് ഉടമസ്ഥാവകാശം കൈമാറാൻ അനുമതി നൽകിയ എൻ.സി.എൽ.എ.ടി ഉത്തരവ് റദ്ദാക്കി. ഭരണഘടനയുടെ 142-ാം അനുച്ഛേദം പ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ച് ജെറ്റ് എയർവേസിനെ ലിക്വിഡേഷനിലേക്ക് (ആസ്തികൾ വിറ്റ് ബാധ്യതകൾ തീർക്കുന്ന നടപടി) വിടാനും ഉത്തരവിട്ടു. ഇതോടെയാണ് വർഷങ്ങളായി കുടിശ്ശികയ്ക്കായി കാത്തിരുന്ന ജീവനക്കാർക്ക് ഗ്രാറ്റുവിറ്റി ലഭിക്കാനുള്ള വഴി തെളിഞ്ഞത്.

