Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

10 വർഷം ജോലി ചെയ്താൽ എത്ര ഗ്രാറ്റുവിറ്റി കിട്ടും?

text_fields
bookmark_border
നിങ്ങളുടെ ശമ്പളമനുസരിച്ച് കണക്കാക്കാം
Employee calculating gratuity benefits
cancel

ഒരു സ്ഥാപനത്തിൽ വർഷങ്ങളോളം ജോലി ചെയ്യുന്നു. ഓരോ മാസവും ശമ്പളം അക്കൗണ്ടിലെത്തുന്നു. എന്നാൽ ജോലി അവസാനിപ്പിക്കുന്ന സമയത്ത് ലഭിക്കേണ്ട ഒരു പ്രധാന ആനുകൂല്യത്തെക്കുറിച്ച് പലർക്കും കൃത്യമായ ധാരണയുണ്ടാകില്ല. അതാണ് ഗ്രാറ്റുവിറ്റി. അഞ്ച് വർഷം ജോലി ചെയ്താൽ എത്ര കിട്ടും? പത്ത് വർഷം പൂർത്തിയാക്കിയാൽ എത്ര രൂപ ലഭിക്കും? ശമ്പളം കൂടുന്നതിനനുസരിച്ച് ഈ തുകയും വർധിക്കുമോ? ജോലി രാജിവെക്കുമ്പോഴോ വിരമിക്കുമ്പോഴോ ലഭിക്കുന്ന ഗ്രാറ്റുവിറ്റി ജീവനക്കാരന്റെ വർഷങ്ങളായുള്ള സേവനത്തിനുള്ള സാമ്പത്തിക ആനുകൂല്യമാണ്. എത്ര വർഷം ജോലി ചെയ്തു എന്നതിനൊപ്പം അവസാനമായി ലഭിച്ച നിയമപരമായ വേതനവും കണക്കിൽ പ്രധാനമാണ്. ഗ്രാറ്റുവിറ്റി എങ്ങനെ കണക്കാക്കാമെന്നും പത്ത് വർഷം ജോലി ചെയ്താൽ എത്ര രൂപ ലഭിക്കുമെന്നും നോക്കാം.

എങ്ങനെയാണ് ഗ്രാറ്റുവിറ്റി കണക്കാക്കുന്നത്?

ഗ്രാറ്റുവിറ്റി കണക്കാക്കാൻ പൊതുവെ ഉപയോഗിക്കുന്ന സൂത്രവാക്യം ഇതാണ്:

ഗ്രാറ്റുവിറ്റി = (15 × അവസാനമായി ലഭിച്ച വേതനം × സേവന വർഷങ്ങൾ) ÷ 26

ഇവിടെ ശ്രദ്ധിക്കേണ്ടത് അവസാനത്തെ മൊത്തം ശമ്പളമല്ല കണക്കാക്കുന്നത് എന്നതാണ്. ഗ്രാറ്റുവിറ്റിക്കായി നിയമം നിർവചിച്ചിരിക്കുന്ന വേതനമാണ് പരിഗണിക്കുന്നത്.ഉദാഹരണത്തിന്, ഗ്രാറ്റുവിറ്റി കണക്കാക്കാനുള്ള അവസാന വേതനം 40,000 രൂപയാണെന്ന് കരുതുക. എങ്കിൽ വിവിധ കാലയളവുകളിൽ ലഭിക്കാവുന്ന തുക ഇങ്ങനെയാണ്:

  • 5 വർഷം ജോലി ചെയ്താൽ: ഏകദേശം ₹1,15,385
  • 10 വർഷം ജോലി ചെയ്താൽ: ഏകദേശം ₹2,30,769
  • 15 വർഷം ജോലി ചെയ്താൽ: ഏകദേശം ₹3,46,154

അതായത്, 40,000 രൂപയാണ് ഗ്രാറ്റുവിറ്റിക്ക് പരിഗണിക്കുന്ന അവസാന വേതനമെങ്കിൽ പത്ത് വർഷത്തെ സേവനത്തിന് ഏകദേശം 2.30 ലക്ഷം രൂപ ലഭിക്കാം.ഇത് ഉദാഹരണ കണക്കാണ്. യഥാർഥ തുക ജീവനക്കാരന്റെ അവസാന വേതനവും സേവനകാലവും അനുസരിച്ച് മാറും.

ഗ്രാറ്റുവിറ്റി കണക്കാക്കുമ്പോൾ ശമ്പളത്തിൽ എന്തൊക്കെ വരും?

2025 നവംബർ 21 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ തൊഴിൽ കോഡുകൾ പ്രകാരം വേതനത്തിന്റെ നിർവചനത്തിൽ മാറ്റമുണ്ട്. അടിസ്ഥാന ശമ്പളം, ക്ഷാമബത്ത, നിലനിർത്തൽ അലവൻസ് എന്നിവ ഉൾപ്പെടുന്ന നിയമപരമായ വേതനമാണ് പരിഗണിക്കുന്നത്. ചില അലവൻസുകൾ മൊത്തം പ്രതിഫലത്തിന്റെ 50 ശതമാനത്തിൽ കൂടുതലായാൽ അധികമുള്ള ഭാഗവും വേതനത്തിൽ കൂട്ടിച്ചേർക്കേണ്ടിവരും.അതിനാൽ പഴയ രീതിയിൽ അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും മാത്രം നോക്കി ഗ്രാറ്റുവിറ്റി കണക്കാക്കുന്നത് എല്ലാ സാഹചര്യങ്ങളിലും ശരിയായിരിക്കില്ല. ശമ്പളത്തിന്റെ ഘടനയും പുതിയ നിയമത്തിലെ വ്യവസ്ഥകളും പരിശോധിക്കണം.

ആർക്കൊക്കെയാണ് ഗ്രാറ്റുവിറ്റിക്ക് അർഹത?

പൊതുവെ ഒരേ സ്ഥാപനത്തിൽ അഞ്ച് വർഷത്തെ തുടർച്ചയായ സേവനം പൂർത്തിയാക്കിയ ജീവനക്കാർക്കാണ് ഗ്രാറ്റുവിറ്റിക്ക് അർഹത ലഭിക്കുന്നത്. എന്നാൽ ചില പ്രധാന ഇളവുകളുമുണ്ട്.

സ്ഥിരം ജീവനക്കാർ: സാധാരണയായി അഞ്ച് വർഷത്തെ തുടർച്ചയായ സേവനം പൂർത്തിയാക്കണം.

നിശ്ചിത കാലാവധിയിലെ ജീവനക്കാർ: പുതിയ നിയമപ്രകാരം തൊഴിലുടമ നേരിട്ട് നിയമിച്ച ഫിക്സഡ് ടേം ജീവനക്കാർക്ക് ഒരു വർഷത്തെ സേവനം പൂർത്തിയാക്കിയാൽ ഗ്രാറ്റുവിറ്റിക്ക് അർഹതയുണ്ട്.

മരണം സംഭവിച്ചാൽ: അഞ്ച് വർഷത്തെ സേവനമെന്ന നിബന്ധന ബാധകമല്ല. അർഹമായ തുക നോമിനിക്കോ അവകാശികൾക്കോ ലഭിക്കും.

അംഗവൈകല്യം സംഭവിച്ചാൽ: നിയമത്തിലെ വ്യവസ്ഥകൾക്ക് വിധേയമായി അഞ്ച് വർഷത്തെ നിബന്ധനയില്ലാതെ ഗ്രാറ്റുവിറ്റി ലഭിക്കാം.

പൊതുവെ പത്തോ അതിലധികമോ ജീവനക്കാരുള്ള നിയമപരമായി ഉൾപ്പെടുന്ന സ്ഥാപനങ്ങൾക്കാണ് ഗ്രാറ്റുവിറ്റി വ്യവസ്ഥകൾ ബാധകമാകുന്നത്. ഒരിക്കൽ നിയമത്തിന്റെ പരിധിയിൽ വന്ന സ്ഥാപനത്തിന് പിന്നീട് ജീവനക്കാരുടെ എണ്ണം പത്തിൽ താഴെയായാലും ബാധ്യത തുടരാം.

അഞ്ച് വർഷവും ആറ് മാസവും തമ്മിലുള്ള വ്യത്യാസം അറിയാമോ?

ഗ്രാറ്റുവിറ്റി കണക്കാക്കുമ്പോൾ ആറുമാസം എന്നത് പ്രധാനമാണ്. സാധാരണ ജീവനക്കാരുടെ സേവനകാലം കണക്കാക്കുമ്പോൾ ആറുമാസത്തിൽ കൂടുതലുള്ള അധിക കാലയളവ് അടുത്ത പൂർണ്ണ വർഷമായി പരിഗണിക്കും.ഉദാഹരണത്തിന്, പത്ത് വർഷവും ഏഴ് മാസവും ജോലി ചെയ്താൽ ഗ്രാറ്റുവിറ്റി കണക്കാക്കുന്നതിന് 11 വർഷമായി പരിഗണിക്കാം. എന്നാൽ പത്ത് വർഷവും നാല് മാസവുമാണെങ്കിൽ പത്ത് വർഷമായിരിക്കും കണക്കാക്കുക.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Gratuity Calculation: 10 Years Salary
Next Story