ജൻ സുരജിന് പൂജ്യം; പ്രശാന്ത് കിഷോറിന്റെ പരീക്ഷണം പാളി
text_fieldsപട്ന: ബിഹാറിൽ നിർണായക ശക്തിയാകാനൊരുങ്ങി പോരാട്ടത്തിനിറങ്ങിയ ജൻ സുരജ് പാർട്ടിക്ക് തിരിച്ചടി. പ്രശാന്ത് കിഷോറിന്റെ പാർട്ടിക്ക് നിലവിൽ ഒരു സീറ്റിൽ പോലും ലീഡ് ചെയ്യാൻ സാധിച്ചിട്ടില്ല. വോട്ടെണ്ണലിന്റെ തുടക്കത്തിൽ അവർ ചില സീറ്റുകളിൽ ലീഡ് ചെയ്തിരുന്നുവെങ്കിലും പിന്നീട് അതും കൈവിടുകയായിരുന്നു. എൻ.ഡി.എ വലിയ ഭൂരിപക്ഷത്തോടെ മുന്നേറുന്ന തെരഞ്ഞെടുപ്പിൽ ഒരു സ്വാധീനവും ചെലുത്താതെയാണ് ജൻ സുരജ് പാർട്ടി മടങ്ങുന്നത്.
എക്സിറ്റ്പോൾ ഫലങ്ങളെ ശരിവെക്കും വിധമാണ് ജൻസൂരജ് പാർട്ടിയുടെ പ്രകടനം. തെരഞ്ഞെടുപ്പിൽ ഒരു സ്വാധീനവും പ്രശാന്ത് കിഷോറിന്റെ പാർട്ടിക്ക് ഉണ്ടാക്കില്ലെന്നായിരുന്നു എക്സിറ്റ്പോൾ പ്രവചനം. ജൻസുരജ് പദയാത്രയെന്ന പേരിൽ യാത്ര നടത്തിയാണ് പ്രശാന്ത് കിഷോർ തെരഞ്ഞെടുപ്പിന് ഒരുങ്ങിയത്. 238 സീറ്റുകളിലാണ് പ്രശാന്ത് കിഷോറിന്റെ പാർട്ടി മത്സരിച്ചത്. പല മണ്ഡലങ്ങളിലും മൂന്നാമതെത്താൻ മാത്രമാണ് പ്രശാന്ത് കിഷോറിന്റെ പാർട്ടിക്ക് സാധിച്ചത്.
എക്സിറ്റ് പോളുകളിൽ ആക്സിസ് മൈ ഇന്ത്യ നാല് ശതമാനം വോട്ടുവിഹിതവും പൂജ്യം സീറ്റുകളുമാണ് ജൻ സുരജ് പാർട്ടിക്ക് വിധിച്ചത്. പരമാവധി മൂന്ന് സീറ്റ് വരെ പാർട്ടിക്ക് കിട്ടുമെന്നായിരുന്നു പ്രവചനങ്ങൾ. ചില മണ്ഡലങ്ങളിൽ പാർട്ടി നിർണായക ശക്തിയാവുമെന്നും പ്രവചനങ്ങളുണ്ടായിരുന്നു. എന്നാൽ, പൂർണമായ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നാൽ മാത്രമേ ജൻ സുരജ് പാർട്ടി തെരഞ്ഞെടുപ്പിൽ എത്രത്തോളം സ്വാധീനം ചെലുത്തിയെന്ന് വ്യക്തമാവു.
ബിഹാർ തെരഞ്ഞെടുപ്പിൽ വൻ മുന്നേറ്റമാണ് എൻ.ഡി.എ നടത്തിയത്. തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 200നടുത്ത് സീറ്റുകളിലാണ് അവർ മുന്നേറുന്നത്. എൻ.ഡി.എ മുന്നണിയിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ ജെ.ഡി.യു മാറി. സീറ്റുകളുടെ എണ്ണത്തിൽ വലിയ വർധനയാണ് ജെ.ഡി.യു വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

