വിരമിക്കൽ 2027ലെന്ന് പ്രഖ്യാപിച്ച് ഒരാഴ്ച കഴിഞ്ഞ് ധൻഖറിന്റെ രാജി
text_fieldsന്യൂഡൽഹി: കാലാവധി പൂർത്തിയാകുന്ന 2027ൽ വിരമിക്കുമെന്ന് പ്രഖ്യാപിച്ച് ദിവസങ്ങൾ പിന്നിടുമ്പോഴേക്കും ഉപരാഷ്ട്രപതി പദവിയിൽനിന്ന് ജഗദീപ് ധൻഖറിന്റെ അപ്രതീക്ഷിത രാജി അമ്പരപ്പിക്കുന്നതാണ്. മാർച്ചിൽ ഹൃദയശസ്ക്രക്രിയക്ക് വിധേയനായിട്ടും വിശ്രമംപോലും എടുക്കാതെ ഉടൻതന്നെ രാജ്യസഭ ചുമതലകൾ ഏറ്റെടുത്ത ധൻഖർ, വർഷകാല പാർലമെന്റ് സമ്മേളനം നടക്കുന്നതിനിടെ രാജിവെക്കാൻ കാരണം ആരോഗ്യ പ്രശ്നങ്ങളാണെന്ന് പറയുന്നത് അദ്ദേഹത്തെ അറിയുന്നവർ തള്ളിക്കളയുന്നു.
ജൂലൈ പത്തിന് ഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവകലാശാലയിൽ നടന്ന പരിപാടിയിലാണ് താൻ ശരിയായ സമയത്ത് വിരമിക്കുമെന്നും അത് 2027 ആഗസ്റ്റാണെന്നുമുള്ള പ്രഖ്യാപനം നടത്തിയത്. 2022ൽ ഉപരാഷ്ട്രപതിയായി ചുമതലയേറ്റ ധൻഖറിന്റെ കാലാവധി അവസാനിക്കുന്നത് 2027 ആഗസ്റ്റിലാണ്. ഇതു ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
കൂടാതെ, ഉപരാഷ്ട്രപതി എന്ന നിലയിൽ ബുധനാഴ്ച ജയ്പൂർ സന്ദർശനവും ഔദ്യോഗിക ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരുന്നു. രാഷ്ട്രപതിക്ക് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടിയ ആരോഗ്യ പ്രശ്നങ്ങളല്ല രാജിക്ക് കാരണമെന്ന് ഇവ വ്യക്തമാക്കുന്നു. 2019 മുതൽ പശ്ചിമ ബംഗാൾ ഗവർണറായിരിക്കെയാണ് ഉപരാഷ്ട്രപതി പദവിയിലേക്ക് ധൻഖർ എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

