വോട്ടർപട്ടികയിലെ പ്രശ്നങ്ങൾ വോട്ടെടുപ്പിന് മുമ്പ് തീർക്കണം
text_fieldsവോട്ടർ ലിസ്റ്റിന്റെ പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: സ്വതന്ത്രവും സുതാര്യവും നീതിപൂർവവുമായ നിയമസഭ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്താൻ പ്രത്യേക തീവ്രപരിഷ്കരണം (എസ്.ഐ.ആർ) പൂർത്തിയാക്കി പുറത്തിറക്കിയ അന്തിമപട്ടികയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടു. നവംബറിലെ ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കം വിലയിരുത്താൻ പട്നയിലെത്തിയ മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ, കമീഷണർമാരായ സുഖ്ബീർ സിങ് സന്ധു, വിവേക് ജോഷി എന്നിവരോടാണ് കോൺഗ്രസ്, ആർ.ജെ.ഡി, സി.പി.ഐ (എം.എൽ) എന്നിവരടക്കമുള്ള പ്രധാന പ്രതിപക്ഷ കക്ഷികൾ ഈ ആവശ്യമുന്നയിച്ചത്.
തങ്ങളുടെ പരാതികളെ സാധൂകരിക്കുന്ന നിരവധി തെളിവുകളും പാർട്ടികൾ കമീഷന് സമർപ്പിച്ചു. നിയമസഭ തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന എസ്.ഐ.ആർ അന്തിമ പട്ടികയിൽ വോട്ടുകൾ കൂട്ടിച്ചേർത്തതും മായ്ച്ചുകളഞ്ഞതും സുതാര്യത ഇല്ലാതെയാണെന്ന് കോൺഗ്രസ് കമീഷന് മുമ്പാകെ ചൂണ്ടിക്കാട്ടി. ഇതടക്കം 11 വിഷയങ്ങൾ കോൺഗ്രസ് അക്കമിട്ട് നിരത്തി. ഒന്ന്: എസ്.ഐ.ആർ അന്തിമപട്ടികയിൽനിന്ന് വെട്ടിമാറ്റിയവരുടെയും കൂട്ടിച്ചേർത്തവരുടെയും പേരുകൾ ബൂത്ത് തലത്തിൽ പ്രസിദ്ധീകരിക്കണം. രണ്ട്: ആനുപാതികമല്ലാത്ത രീതിയിൽ വൻ തോതിൽ പാർശ്വവത്കൃത വിഭാഗങ്ങളെയും സ്ത്രീകളെയും അന്തിമവോട്ടർപട്ടകിയിൽനിന്നും കൂട്ടത്തോടെ വെട്ടിമാറ്റിയ ബൂത്തുകൾ ഏതെന്ന് കമീഷൻ കണ്ടെത്തണം. ഈ ബൂത്തുകളിൽ വീടുവീടാന്തരം കയറിയിറങ്ങി രണ്ടാമതും പരിശോധന നടത്തണം. മൂന്ന്: ബൂത്ത് മാറ്റത്തെക്കുറിച്ച് മതിയായ പ്രചാരണം വോട്ടർമാർക്കിടയിൽ നടത്തണം. നാല്: രാഷ്ട്രീയപാർട്ടികളുമായി നേരിട്ട് ആശയവിനിമയം നടത്തുന്നതിന് മാത്രമായി ബിഹാറിൽ ഒരു ഉദ്യോഗസ്ഥനെ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ നിയമിക്കണം.
അഞ്ച്: വ്യാജ ഉള്ളടക്കങ്ങൾക്കും ആക്ഷേപ വിദ്വേഷ പ്രചാരണങ്ങൾക്കുമെതിരെ കടുത്ത നടപടിയെടുക്കണം. ആറ്: വോട്ടെടുപ്പ് ദിവസം കമീഷൻ സുതാര്യത ഉറപ്പുവരുത്തണം. പോളിങ് കഴിഞ്ഞയുടൻ ഓരോ ബൂത്തിലെയും ആകെ പോൾ ചെയ്ത കണക്ക് രേഖപ്പെടുത്തുന്ന 17 സി ഫോറങ്ങൾ ഓരോ പാർട്ടികളുടെയും ബൂത്ത് ഏജൻറ് മാർക്ക് നൽകി എന്ന് ഉറപ്പുവരുത്തണം. ഏഴ്: താമസം വരുത്താതെ വോട്ടിങ് ശതമാനത്തിന്റെ പുരോഗതി കൃത്യമായി അറിയിച്ചുകൊണ്ടിരിക്കണം. എട്ട്: തെരഞ്ഞെടുപ്പ് വേളയിൽ ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ പദ്ധതികൾ സസ്പെൻഡ് ചെയ്യണം. ഒമ്പത്: സംസ്ഥാന, ജില്ല തലങ്ങളിൽ ഫോട്ടോ പതിച്ച വോട്ടർ പട്ടികകൾ ലഭ്യമാക്കണം. 10: ക്രമക്കേടുകൾ തടയാൻ എല്ലാ ബൂത്തുകളിലും സി.സി ടി.വി സംവിധാനമൊരുക്കണം. 11: വോട്ടുയന്ത്രങ്ങളിൽ വിവിധ തലങ്ങളിലുള്ള പരിശോധന നിർബന്ധമായും നടത്തണം. വോട്ടർമാരെ ഭയപ്പെടുത്തുന്നത് തടയാനും ആത്മവിശ്വാസം ഉണ്ടാക്കാനും പ്രശ്നബാധിത ബൂത്തുകളിൽ മതിയായ പൊലീസിനെ വിന്യസിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

