വഖഫ് നിയമ ഭേദഗതി ഉൾപ്പെടെ വിഷയങ്ങൾ ന്യൂനപക്ഷ വിഭാഗങ്ങളിൽ അസ്വസ്ഥത പടർത്തി -ഇ.ടി. മുഹമ്മദ് ബഷീർ
text_fieldsന്യൂഡൽഹി: ഇന്ത്യൻ മുസ്‌ലിംകളുടെ ഭരണഘടനാപരവും ന്യൂനപക്ഷപരവുമായ അവകാശങ്ങളുടെ സംരക്ഷണത്തെക്കുറിച്ച് ഗുരുതര ആശങ്ക ഉയർത്തുന്ന സമീപകാല സംഭവവികാസങ്ങളിലേക്ക് റൂൾ 377 പ്രകാരം ലോക്‌സഭയുടെ ശ്രദ്ധ ക്ഷണിച്ച് മുസ്‌ലിം ലീഗ് പാർലമെന്ററി പാർട്ടി ലീഡറും ദേശീയ ഓർഗനൈസിങ് സെക്രട്ടറിയുമായ ഇ.ടി. മുഹമ്മദ് ബഷീർ എം.പി. വഖഫ് നിയമ ഭേദഗതി ഉൾപ്പെടെ ഒട്ടേറെ പ്രധാന വിഷയങ്ങളിൽ ന്യൂനപക്ഷ ജന വിഭാഗങ്ങൾക്ക് ഇത്തരം അതികഠിനമായ ആശങ്കകൾ രൂപപ്പെട്ട് വന്നിട്ടുണ്ടെന്നും എം.പി പാർലമെന്‍റിൽ പറഞ്ഞു.
ഒരു വർഷത്തിനിടെ രാജ്യത്തുടനീളമുണ്ടായ നിരവധി സംഭവങ്ങൾ നിയമപരവും ഭരണപരവും സാമൂഹികവുമായ സമ്മർദ്ദങ്ങൾ ഇന്ത്യൻ മുസ്‌ലിം സമൂഹത്തെ വലിയതോതിൽ ബാധിക്കുന്നതായി എം.പി പറഞ്ഞു. 2025ലെ വഖഫ് (ഭേദഗതി) നിയമം നടപ്പാക്കിയതിനെ തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ പ്രതിഷേധങ്ങൾ ഉയർന്നു. മതസ്ഥാപനങ്ങളുടെ സ്വയംഭരണത്തെ ദുർബലപ്പെടുത്തുകയും സമുദായം പരമ്പരാഗതമായി കൈകാര്യം ചെയ്തുവരുന്ന സ്വത്തുക്കളിൽ അമിതമായ സർക്കാർ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്യുന്നുവെന്ന ആശങ്ക സമുദായ സംഘടനകൾ ഉയർത്തുന്നുണ്ട് -അദ്ദേഹം ചൂണ്ടിക്കാട്ടി.
വഖഫ് ഭേദഗതിക്കെതിരായ പ്രതിഷേധങ്ങൾ ചില പ്രദേശങ്ങളിൽ വലിയ പ്രതിസന്ധികളുടെയും നിയമ നടപടികളുടെയും സാഹചര്യങ്ങളിലേക്ക് വഴിമാറി ജനങ്ങളിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ചതായും എം.പി വ്യക്തമാക്കി. ഇതോടൊപ്പം ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള വിദ്വേഷ പ്രസംഗ സംഭവങ്ങളിൽ കുത്തനെ വർദ്ധനവ് ഉണ്ടായതായി സ്വതന്ത്ര നിരീക്ഷണ ഗ്രൂപ്പുകൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം സഭയിൽ അറിയിച്ചു.
സ്ഥാപനപരമായ പക്ഷപാതവും ഭരണഘടനാ സംരക്ഷണത്തിനുള്ള ഇടം ചുരുങ്ങുന്നതുമെന്ന തോന്നലിൽ നിരവധി സമുദായ നേതാക്കൾ പരസ്യമായി ദുഃഖം പ്രകടിപ്പിക്കുന്നുണ്ട്. ഈ മുഴുവൻ സംഭവവികാസങ്ങളും അടിയന്തരവും നിഷ്പക്ഷവുമായ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട എം.പി, ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ ശക്തമായി ഉയർത്തിപ്പിടിക്കാനും നീതി, സമത്വം, എല്ലാ സമൂഹങ്ങളുടെയും അവകാശസംരക്ഷണം എന്നിവയിൽ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് എല്ലാ പൗരന്മാർക്കും ഉറപ്പുനൽകാനും സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

