'ഇന്ത്യ നിങ്ങളുടെ അടിമയാണോ? ഇന്ത്യ പുരോഗമിക്കുകയാണെങ്കിൽ വെള്ളക്കാരാ, എന്താണ് നിങ്ങൾക്ക് പ്രശ്നം ?' - ഉവൈസി
text_fieldsഅസദുദ്ദീൻ ഉവൈസി
തെലങ്കാന: രാജ്യത്ത് മുസ്ലിംകൾക്കെതിരായ വിദ്വേഷം വർധിച്ചുവരുന്നതായി ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (എ.ഐ.എം.ഐ.എം) പ്രസിഡന്റ് അസദുദ്ദീൻ ഉവൈസി. ഭരണഘടന ഉപേക്ഷിക്കാനും മുസ്‌ലിം വംശജരെ ലക്ഷ്യം വെക്കാനും താൽപര്യപ്പെടുന്ന സംഘടനകൾക്ക് കേന്ദ്ര സർക്കാർ ധനസഹായം നൽകുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ശ്രീലങ്കക്ക് സമീപം യു.എസ് സൈന്യം ഇറാനിയൻ യുദ്ധക്കപ്പൽ ഐറിസ് ദേനയെ ആക്രമിച്ച സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പരസ്യമായി പ്രതികരിക്കാത്തതിനെയും അദ്ദേഹം വിമർശിച്ചു.
വെള്ളിയാഴ്ച തലബ്കട്ടയിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കവെയാണ് കേന്ദ്രസർക്കാറിനെനെതിരെ അദ്ദേശം വിമർശനമുന്നയിച്ചത്. കേന്ദ്ര-സംസ്ഥാന മന്ത്രിമാർ പങ്കെടുത്ത ചടങ്ങിൽ സനാതൻ സൻസ്ത എന്ന സംശയാസ്പദമായ സംഘടനക്ക് കേന്ദ്ര സർക്കാർ 63 ലക്ഷം രൂപ നൽകിയതായി ഉവൈസി പറഞ്ഞു. ഭരണഘടന ഉപേക്ഷിക്കാനും മുസ്ലിംകളെ മതം മാറ്റാനും ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റാനുമുള്ള ആഹ്വാനങ്ങൾ ചടങ്ങിലെ പ്രസംഗങ്ങളിൽ ഉൾപ്പെട്ടിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. “ഇത്തരം സംഘടനകൾക്കാണ് ഫണ്ട് നൽകിയത്.
അതേസമയം സർക്കാറിന് ഉച്ചഭക്ഷണത്തിന് ധനസഹായം നൽകാൻ കഴിയുന്നില്ല”- അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തിലെ ഒരു ശക്തിക്കും മുസ്ലിംകളെ ഹിന്ദുസ്ഥാനിൽ നിന്ന് പുറത്താക്കാൻ കഴിയില്ലെന്നും നിയമവാഴ്ച ഉയർത്തിപ്പിടിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ചൈനയെ പോലെ മറ്റൊരു സാമ്പത്തിക ശക്തിയായി ഇന്ത്യയെ വളരാൻ അനുവദിക്കില്ല എന്ന രീതിയിൽ യു.എസ് ഡെപ്യൂട്ടി സെക്രട്ടറി ക്രിസ്റ്റഫർ ലാൻഡൗ നടത്തിയ പ്രതികരണങ്ങൾക്കെതിരെ പ്രധാനമന്ത്രിയും ബി.ജെ.പി- ആർ.എസ്.എസ് നേതൃത്വവും മൗനം പാലിക്കുന്നതിനെയും അദ്ദേഹം കുറ്റപ്പെടുത്തി. ഭരണകക്ഷി മുസ്ലിംകളെക്കുറിച്ച് പലപ്പോഴും നിഷേധാത്മകമായി സംസാരിക്കുമ്പോഴും അമേരിക്ക നടത്തുന്ന പ്രസ്താവനകളോട് ശക്തമായി പ്രതികരിക്കുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു.
“നിങ്ങൾ ഇത്ര ധൈര്യശാലിയാണെങ്കിൽ, ഇന്ത്യയെ ചൈനയെപ്പോലെ ഉയരാൻ അനുവദിക്കില്ലെന്ന് ഇന്ത്യയിൽ ഒരു യു.എസ് വ്യാപാര മന്ത്രി പറയുന്നു. എന്തുകൊണ്ട്? ഇന്ത്യ നിങ്ങളുടെ അടിമയാണോ? ഇന്ത്യ പുരോഗമിക്കുകയാണെങ്കിൽ വെള്ളക്കാരാ, നിങ്ങളുടെ പ്രശ്നം എന്താണ്? ബി.ജെ.പിയും ആർ.എസ്.എസും മുസ്ലിംകളെക്കുറിച്ച് പലപ്പോഴും പ്രശ്നങ്ങൾ ഉന്നയിക്കാറുണ്ടെങ്കിലും അമേരിക്ക ഇത്തരം പ്രസ്താവനകൾ നടത്തുമ്പോൾ അവർ മൗനം പാലിക്കുന്നു. അവരുടെ വായിൽ നാവുണ്ട്, പക്ഷേ ട്രംപിന്റെ കാര്യം വരുമ്പോൾ, അവർ നിശബ്ദരാകുന്നു. അദ്ദേഹം അവരുടെ വലിയച്ഛനാണെന്ന് തോന്നുന്നു" -ഉവൈസി പറഞ്ഞു.
വിശാഖപട്ടണത്ത് നങ്കൂരമിട്ടതും പിന്നീട് ശ്രീലങ്കക്ക് സമീപം ഇന്ത്യൻ മഹാസമുദ്രത്തിൽ ആക്രമിക്കപ്പെടുകയും ചെയ്ത ഐറിസ് ദേനക്ക് സംഭവിച്ചത് എന്താണെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. 'എന്താണ് സംഭവിച്ചതെന്ന് രാജ്യത്തോട് പറയേണ്ടത് പ്രധാനമന്ത്രിയുടെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്. ക്വാഡിൽ ഞങ്ങൾ അമേരിക്കയോടൊപ്പമുണ്ട്. എങ്ങനെയാണ് യു.എസ്.എ നമ്മുടെ രാജ്യത്തോട് ഇത്ര അടുത്ത് വന്ന് ആയുധങ്ങളില്ലാത്തതും നമ്മുടെ ക്ഷണപ്രകാരം വന്നതുമായ ആ കപ്പൽ മുക്കിയത്?'
വിഷയത്തിൽ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യണമെന്നും പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ശാന്തമാക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യു.എ.ഇ, സൗദി അറേബ്യ, ഖത്തർ, കുവൈറ്റ്, ബഹ്‌റൈൻ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന നിരവധി ഇന്ത്യൻ പ്രവാസികളെ സംഘർഷം ബാധിച്ചേക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

