Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇനി 'കിഡ്നി ജിഹാദോ'?; അഹമ്മദാബാദിൽ വൃക്കകൾ പരസ്പരം കൈമാറി ഹിന്ദു- മുസ്‌ലിം കുടുംബങ്ങൾ

text_fields
bookmark_border
സ്നേഹത്തിന് മുന്നിൽ തോൽക്കുന്ന ഫാസിസ്റ്റ് ബോധങ്ങൾ
Interfaith Kidney Swap
cancel
camera_alt

പ്രതീകാത്മക ചിത്രം

മതത്തിന്റെയും ജാതിയുടെയും പേരിൽ മനുഷ്യരെ അകറ്റാൻ ശ്രമിക്കുന്നവർക്കുള്ള ഏറ്റവും വലിയ മറുപടിയാണ് അഹമ്മദാബാദിൽ നിന്ന് പുറത്തുവരുന്ന ഈ അനുഭവം. വർഗ്ഗീയ വിഷത്തിനല്ല, സ്നേഹത്തിനും അനുകമ്പയ്ക്കുമാണ് മനുഷ്യന്റെ ജീവനേക്കാൾ വിലയെന്ന് തെളിയിക്കുകയാണ് രണ്ടു കുടുംബങ്ങൾ.

വിദ്വേഷ പ്രചാരണങ്ങൾക്ക് മുകളിൽ സ്നേഹവും സാഹോദര്യവും ഉയർത്തിപ്പിടിച്ചുകൊണ്ട് സി.എൻ. ജയരാജ് പങ്കുവെച്ച വൈകാരികമായ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോൾ ആളുകളുടെ മനസ്സ് തൊടുന്നത്. ലൗ ജിഹാദും ലാൻഡ് ജിഹാദുമൊക്കെ പറഞ്ഞ് മനുഷ്യരെ വിഭജിക്കുന്നവർ ഇനി ഇതിനെ 'കിഡ്നി ജിഹാദ്' എന്ന് വിളിക്കുമോ എന്ന അദ്ദേഹത്തിന്റെ ചോദ്യം വലിയ ചിന്തകൾക്കാണ് വഴിതുറക്കുന്നത്.

അഹമ്മദാബാദിലെ സ്റ്റെർലിംഗ് ആശുപത്രിയിലാണ് മനുഷ്യത്വത്തിന്റെ മനോഹരമായ ഈ കാഴ്ച നടന്നത്. അഹമ്മദാബാദ് സ്വദേശിയായ 45-കാരനായ ഹിന്ദു യുവാവിനും രാജസ്ഥാനിലെ ഉദയ്പൂർ സ്വദേശിയായ 42-കാരനായ മുസ്ലിം യുവാവിനും ജീവൻ നിലനിർത്താൻ അടിയന്തരമായി വൃക്കകൾ ആവശ്യമായിരുന്നു. ഇരു കുടുംബങ്ങളിലും സ്വന്തം ഭാര്യമാർ വൃക്ക നൽകാൻ തയ്യാറായെങ്കിലും, വൈദ്യശാസ്ത്രപരമായി അത് സ്വന്തം ഭർത്താക്കന്മാർക്ക് സ്വീകരിക്കാൻ കഴിയില്ലായിരുന്നു.

എന്നാൽ, ഡോക്ടർമാർ നടത്തിയ പരിശോധനയിലാണ് ആ അത്ഭുതം തിരിച്ചറിഞ്ഞത്. മുസ്‌ലിം സ്ത്രീയുടെ വൃക്ക ഹിന്ദു യുവാവിനും, ഹിന്ദു സ്ത്രീയുടെ വൃക്ക മുസ്‌ലിം യുവാവിനും പൂർണ്ണമായും അനുയോജ്യമായിരുന്നു. മറ്റൊരു ആലോചനയ്ക്കും നിൽക്കാതെ, തങ്ങളുടെ ഭർത്താക്കന്മാരുടെ ജീവൻ രക്ഷിക്കാൻ ആ രണ്ടു സ്ത്രീകളും പരസ്പരം വൃക്കകൾ ദാനം ചെയ്യാൻ മുന്നോട്ടുവന്നു. ഒരേസമയം നടന്ന അപൂർവ്വമായ 'സ്വാപ്പ് ട്രാൻസ്പ്ലാന്റ്' ശസ്ത്രക്രിയയിലൂടെ ആ രണ്ടു മനുഷ്യരും ജീവിതത്തിലേക്ക് തിരികെനടന്നു. ഡോ. സോണൽ ദലാൽ, ഡോ. ജാവേദ് വക്കീൽ, ഡോ. കേതൻ ശുക്ല, ഡോ. ഹിമാൻഷു പട്ടേൽ, ഡോ. ഭാവിൻ മെഹ്താലിയ എന്നിവരടങ്ങിയ സംഘവും ട്രാൻസ്പ്ലാന്റ് കോർഡിനേറ്റർ രാഹിൽ ഷായുമാണ് ഈ ദൗത്യത്തിന് നേതൃത്വം നൽകിയത്. ശസ്ത്രക്രിയക്ക് ശേഷം ആ സന്തോഷവാർത്ത പങ്കുവെച്ച് രണ്ടു കുടുംബങ്ങളും ഒന്നിച്ച് ആശുപത്രിയുടെ പടിയിറങ്ങി.

മനുഷ്യശരീരത്തിന് വേർതിരിവുകളുടെയും വെറുപ്പിന്റെയും രാഷ്ട്രീയത്തെക്കുറിച്ച് യാതൊരു അറിവുമില്ല. രക്തഗ്രൂപ്പും കോശങ്ങളുടെ സവിശേഷതയുമാണ് ഒരാൾക്ക് മറ്റൊരാളെ രക്ഷിക്കാൻ കഴിയുമോ എന്ന് തീരുമാനിക്കുന്നത്. അല്ലാതെ വർഗ്ഗീയതയല്ല. ഒരു മുസ്ലിം സ്ത്രീയുടെ വൃക്ക ഹിന്ദു പുരുഷന്റെ ശരീരത്തിലും, ഒരു ഹിന്ദു സ്ത്രീയുടെ വൃക്ക മുസ്ലിം പുരുഷന്റെ ശരീരത്തിലും തടസ്സങ്ങളില്ലാതെ ജീവന്റെ തുടിപ്പായി തുടടിക്കുമ്പോൾ അവിടെ തോൽക്കുന്നത് മനുഷ്യരിൽ വെറുപ്പുല്പാദിപ്പിക്കുന്ന ഫാസിസ്റ്റ് ബോധങ്ങളാണ്. ജനാധിപത്യ ബോധവും സഹജീവി സ്നേഹവും പ്രസരിപ്പിക്കുന്ന ഇത്തരത്തിലുള്ള അനുഭവങ്ങളാണ് വരുംകാലത്തേക്ക് നമ്മൾ ചേർത്തുപിടിക്കേണ്ടതെന്നും സി.എൻ. ജയരാജ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം

രാവിലെ നല്ല ഒരു വാർത്ത പറയാം...

അഹമ്മദാബാദിൽ ഒരു ഹിന്ദു സ്ത്രീയും ഒരു മുസ്ലിം സ്ത്രീയും തങ്ങളുടെ ഭർത്താക്കന്മാർക്കായി പരസ്പരം വൃക്കകൾ ദാനം ചെയ്തു.

ഓരോ കുടുംബത്തിലും വൃക്ക നൽകാൻ തയ്യാറായ ബന്ധുവിന്റെ വൃക്ക രോഗിക്ക് വൈദ്യശാസ്ത്രപരമായി അനുയോജ്യമല്ലാത്തതിനാലാണ് ഇങ്ങനെ സംഭവിച്ചത്.

സ്റ്റെർലിംഗ് ആശുപത്രിയിലെ ഡോക്ടർമാർ പരിശോധനകൾ നടത്തിയപ്പോൾ, ആദ്യത്തെ കുടുംബത്തിലെ ദാതാവിന്റെ വൃക്ക രണ്ടാമത്തെ രോഗിക്കും, രണ്ടാമത്തെ കുടുംബത്തിലെ ദാതാവിന്റെ വൃക്ക ആദ്യത്തെ രോഗിക്കും അനുയോജ്യമാണെന്ന് കണ്ടെത്തി.

അഹമ്മദാബാദിൽ നിന്നുള്ള 45 വയസ്സുകാരനായ ഹിന്ദു പുരുഷനും ഉദയ്പൂരിൽ നിന്നുള്ള 42 വയസ്സുകാരനായ മുസ്ലിം പുരുഷനും ജൂലായ് 9-ന് ഒരേസമയം നടന്ന ശസ്ത്രക്രിയകളിലൂടെ വൃക്കകൾ സ്വീകരിച്ചു.

ആ ആശുപത്രിയിൽ നടന്ന ആദ്യത്തെ സ്വാപ്പ് ട്രാൻസ്പ്ലാന്റ് (വൃക്കകൾ പരസ്പരം മാറ്റിവെക്കുന്ന) ശസ്ത്രക്രിയകളായിരുന്നു ഇവ.

രണ്ട് കുടുംബങ്ങൾക്കും കൗൺസിലിംഗ് നൽകുകയും, രണ്ട് കൂട്ടരും ഇതിനായി സമ്മതിക്കുകയും ചെയ്തു.

രണ്ട് പുരുഷന്മാരും വേഗത്തിൽ സുഖം പ്രാപിച്ചു. രണ്ട് ദാതാക്കളും രണ്ട് സ്വീകർത്താക്കളും ഉൾപ്പെടെ നാല് പേരെയും ജൂലായ് 18-ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.

ഡോ. സോണൽ ദലാൽ, ഡോ. ജാവേദ് വക്കീൽ, ഡോ. കേതൻ ശുക്ല, ഡോ. ഹിമാൻഷു പട്ടേൽ, ഡോ. ഭാവിൻ മെഹ്താലിയ എന്നിവരടങ്ങിയ സംഘവും ട്രാൻസ്പ്ലാന്റ് കോർഡിനേറ്റർ രാഹിൽ ഷായുമാണ് ശസ്ത്രക്രിയകൾക്ക് നേതൃത്വം നൽകിയത്.

അനുയോജ്യമല്ലാത്തതു കാരണം നേരിട്ട് ദാനം ചെയ്യാൻ കഴിയാത്ത സാഹചര്യങ്ങളിൽ, ഇത്തരം കൈമാറ്റങ്ങൾ രോഗികൾക്ക് രണ്ടാമതൊരു അവസരം നൽകുന്നുവെന്ന് ആശുപത്രിയിലെ ക്ലിനിക്കൽ സൂപ്രണ്ട് ഡോ. സുധീർ മൊറാദ് പറഞ്ഞു. ഇരു കുടുംബങ്ങളുടെയും വിശ്വാസവും അനുകമ്പയുമാണ് ഈ സംഭവത്തെ ശ്രദ്ധേയമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇനി സ്വാഭാവികമായും ഉയർന്നുവരുന്ന ഒരു ചോദ്യമുണ്ട്. ലൗ ജിഹാദ്, ലാൻഡ് ജിഹാദ്, കൊറോണ ജിഹാദ്, യു.പി.എസ്.സി ജിഹാദ് എന്നിവയെല്ലാം നമുക്ക് ഇതിനകം ലഭിച്ചിട്ടുണ്ട്. അടുത്തതായി 'കിഡ്നി ജിഹാദ്' പ്രഖ്യാപിക്കപ്പെടുമോ?

കാരണം, വിദ്വേഷത്തിന്റെ ഒരു ലബോറട്ടറിക്കും ഇല്ലാതാക്കാൻ കഴിയാത്ത ഒരു വസ്തുത ഇവിടെയുണ്ട്. അഹമ്മദാബാദ് നഗരത്തിൽ ഇന്ന് ഒരു മുസ്ലിം സ്ത്രീയുടെ വൃക്ക ഒരു ഹിന്ദു പുരുഷന്റെയും, ഒരു ഹിന്ദു സ്ത്രീയുടെ വൃക്ക ഒരു മുസ്ലിം പുരുഷന്റെയും ജീവൻ നിലനിർത്തുന്നു.

രക്തഗ്രൂപ്പും കോശങ്ങളുടെ സ്വഭാവവുമാണ് ആർക്ക് ആരെ രക്ഷിക്കാൻ കഴിയുമെന്ന് തീരുമാനിക്കുന്നത്. അല്ലാതെ വർഗ്ഗീയ വിഷമല്ല...

മനുഷ്യശരീരത്തിന് സംഘപരിവാർ ഉണ്ടാക്കിയ ഇത്തരം വേർതിരിവുകളെക്കുറിച്ച് യാതൊരു അറിവുമില്ല.

വെറുപ്പുകളുൽപ്പാദിപ്പിക്കുന്ന സംഘ ഫാസിസ്റ്റ് ബോധത്തെ ഇല്ലാതാക്കി ജനാധിപത്യ ബോധം പ്രസരിപ്പിക്കുക...

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Interfaith Kidney Swap Transplant in Ahmedabad Breaks Barriers of Hatred
Next Story