കപ്പലിന് വെടിവെപ്പ്: ഇറാനെ താക്കീത് ചെയ്തില്ലെന്ന് ഇന്ത്യ; ‘ഇറാൻ സർക്കാരുമായി തുടർച്ചയായി ആശയവിനിമയം നടത്തുന്നുണ്ട്’
text_fieldsന്യൂഡൽഹി: ഹുർമുസിൽ കഴിഞ്ഞ ദിവസം ഇറാൻ വെടിവെച്ച രണ്ട് വിദേശ കപ്പലുകളിൽ ഇന്ത്യക്കാരുണ്ടെന്നും അവരെല്ലാം സുരക്ഷിതരാണെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇന്ത്യൻ കപ്പലിന് നേരെയുള്ള വെടിവെപ്പ് എന്ന് നേരത്തെ പ്രചരിച്ചത് ആശയക്കുഴപ്പം കൊണ്ടുണ്ടായതാണെന്നും ഇക്കാര്യത്തിൽ ഇറാനെ താക്കീത് ചെയ്തിട്ടില്ലെന്നും അദ്ദേഹം തുടർന്നു.
ഇറാൻ സ്ഥാനപതിയുമായി വിഷയം സംസാരിച്ചുവെന്നതല്ലാതെ താക്കീത് നൽകാനായി വിളിച്ചുവരുത്തിയെന്ന വാർത്തകൾ തെറ്റാണെന്നും സംഭാഷണം നടത്തുന്നതും വിളിച്ചുവരുത്തുന്നതും രണ്ടായി കാണണമെന്നും വിദേശകാര്യവക്താവ് ഓർമിപ്പിച്ചു.
കഴിഞ്ഞ ഏതാനും ആഴ്ചകൾകൊണ്ട് ഹുർമുസ് കടന്ന് 10 ഇന്ത്യൻ കപ്പലുകൾ രാജ്യത്തിന്റെ തീരമണഞ്ഞുവെന്നും 14 കപ്പലുകൾ ഹുർമുസ് കടക്കാൻ ഇനിയും ബാക്കിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മേഖലയിലെ ശേഷിക്കുന്ന കപ്പലുകളുടെയും ജീവനക്കാരുടെയും സുരക്ഷിതത്വം ഉറപ്പാക്കാൻ ഇന്ത്യാ ഗവൺമെന്റ് ഇറാനുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘ഇറാൻ സർക്കാരുമായി ഞങ്ങൾ തുടർച്ചയായി ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുകയാണ്. അതിനാൽ അവിടെ ശേഷിക്കുന്ന കപ്പലുകൾക്ക് സുരക്ഷിതമായി ഇന്ത്യയിലേക്ക് വരാൻ കഴിയും’ -വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

