പ്രതിഷേധച്ചൂടിൽ; ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം കനക്കുന്നു
text_fieldsന്യൂഡൽഹി: എസ്.ഐ.ആറിൽ സ്വേഛാപരമായി തീരുമാനങ്ങൾ എടുത്ത മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിക്ക് രാജ്യവ്യാപക പ്രതിഷേധം തുടരുന്നതിനിടെ, പാർലമെന്റിൽ വീണ്ടും ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരാനായി ഇൻഡ്യ സഖ്യം. ഇതിനായി ഈ മാസം 30ന് ഡൽഹി കോൺസ്റ്റിറ്റിറ്റ്യൂഷൻ ക്ലബിൽ യോഗം ചേരും.
എസ്.ഐ.ആറിൽ ഗ്യാനേഷ് കുമാറിനെതിരായ ആരോപണം പുറത്തുവന്നതിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായും സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബിയുമായും ഫോണിൽ സംസാരിച്ചതിനെത്തുടർന്നാണ് അടിയന്തര യോഗം വിളിച്ചുചേർക്കാൻ ധാരണയായത്.
ബുധനാഴ്ച നടക്കുന്ന യോഗം ഇൻഡ്യ സഖ്യത്തിൽ മാത്രം ഒതുങ്ങരുതെന്നും എല്ലാ പ്രതിപക്ഷ പാർട്ടികളെയും സിവിൽ സൊസൈറ്റി അംഗങ്ങളെയും അടക്കം പങ്കെടുപ്പിക്കണമെന്നും സഖ്യത്തിന്റെ ഭാഗമായ സി.പി.ഐ (എം.എൽ)-ലിബറേഷൻ നേതാവ് ദീപാങ്കർ ഭട്ടാചാര്യ എം.പി ആവശ്യപ്പെട്ടിട്ടുണ്ട്.
തെരഞ്ഞെടുപ്പ് കമീഷന്റെ തീരുമാനങ്ങളെക്കുറിച്ച് സ്വതന്ത്രയ അന്വേഷണം ആവശ്യപ്പെടാനും പഞ്ചാബ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ നിയസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ പ്രക്ഷോഭങ്ങൾ നടത്താനുള്ള രൂപരേഖ തയ്യാറാക്കാനും യോഗത്തിൽ തീരുമാനിക്കുമെന്നാണ് വിവരം. രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, മമതാ ബാനർജി, അഭിഷേക് ബാനർജി അഖിലേഷ് യാദവ്, എം.എ ബേബി, ഡി.രാജ, ഉദ്ധവ് താക്കറെ, മെബബൂബ മുഫ്തി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ യോഗത്തിൽ പങ്കെടുത്തേക്കും. ജൂൺ എട്ടിനാണ് ഇൻഡ്യ സഖ്യം അവസാനമായി യോഗം ചേർന്നത്. അതിനിടെ, ഗ്യാനേഷിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം വിവിധയിടങ്ങളിൽ ശനിയാഴ്ചയും തുടർന്നു. കോൺഗ്രസ് നേതൃത്വത്തിൽ കർണാടകയിലും ആർ.ജെ.ഡിയുടെ നേതൃത്വത്തിൽ പട്നയിലും ടി.എം.സി കൊൽക്കത്തയിലും പ്രതിഷേധിച്ചു. ഉദ്ദവ് താക്കറുടെയും രാജ്ത താക്കറുടെയും നേതൃത്വത്തിൽ ഒക്ടോബർ നാലിന് മുംബൈയിൽ പ്രതിഷേധം പ്രഖ്യാപിച്ചു. വരും ദിവസങ്ങളിൽ പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷ തീരുമാനം. പുതിയ സംഭവവികാസങ്ങൾ പശ്ചിമ ബംഗാളിലെ രാഷ്ട്രീയ വൈരികളായ തൃണമൂൽ കോൺഗ്രസിനെയും സി.പി.എമ്മിനെയും അടുപ്പിച്ചു എന്നതും ശ്രദ്ദേയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

