
കർഷക പ്രക്ഷോഭത്തെ പിന്തുണച്ച ഡൽഹി സിഖ് വിരുദ്ധ വികാരത്തിലേക്ക് ചുവടുമാറുന്നോ?
text_fields
ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ നീണ്ട ആഴ്ചകൾ മരംകോച്ചും തണുപ്പിലും കർഷകർ നയിച്ച പ്രക്ഷോഭങ്ങളെ ഹൃദയം നൽകി പിന്തുണച്ച ഡൽഹിയിൽ റിപ്പബ്ലിക് ദിനത്തിലെ അപ്രതീക്ഷിത സംഭവങ്ങളോടെ കാര്യങ്ങൾ സിഖ്വിരുദ്ധ വികാരത്തിലേക്ക് വഴിമാറ്റാനുള്ള ശ്രമം വിജയം കാണുന്നതായി സൂചന.
സർക്കാർ പിന്തുണയോടെ കുത്തക മുതലാളിമാർക്ക് ഭൂമി കൈയേറാനും വിളകൾ തുഛവിലക്ക് ഏറ്റെടുക്കാനും അവസരമൊരുക്കുന്ന നിയമങ്ങളെന്ന് പ്രഖ്യാപിച്ച് സമരത്തിനെത്തിയ ചിലർ പതിയെ മനസ്സു മാറുന്നതായാണ് റിപ്പോർട്ട്. ട്രാക്ടർ റാലിക്കിടെ പൊലീസുകാർക്ക് പരിക്കേറ്റതും അനുബന്ധ സംഭവങ്ങളും ഇവരെ പ്രകോപിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. കാര്യങ്ങൾ കൈവിട്ടാൽ 1984ലെ സിഖ് വിരുദ്ധ കലാപത്തിന് സമാനമായ സാഹചര്യം ഡൽഹിയിൽ സംഭവിക്കുമോയെന്ന ആശങ്കയും ചിലർ പങ്കുവെക്കുന്നുണ്ട്.
കർഷക നിയമങ്ങൾ പാർലമെൻറ് കടന്ന് ദിവസങ്ങൾ കഴിഞ്ഞ് കഴിഞ്ഞ നവംബറിൽ പഞ്ചാബിൽനിന്നുൾപെടെ കർഷകർ ഡൽഹിയിലെത്തിയ ഉടൻ ചില ബി.ജെ.പി നേതാക്കൾ ഇവരെ ഭീകരരെന്നും ഖലിസ്താനികളെന്നും മുദ്രകുത്തി പരസ്യമായി രംഗത്തെത്തിയിരുന്നു. പക്ഷേ, ഡൽഹിയിൽനിന്ന് ഹരിയാന, ഉത്തർ പ്രദേശ്, രാജസ്ഥാൻ തുടങ്ങി വിവിധ സംസ്ഥാനങ്ങളിലേക്ക് സമരം നീണ്ടതോടെ കേന്ദ്രം അടിച്ചമർത്തലിനു പകരം ചർച്ചയുടെ വഴി തെരഞ്ഞെടുത്തു. കേന്ദ്രം വഴങ്ങുന്നുവെന്ന് വന്നതോടെ പ്രതീക്ഷയിലായ കർഷകർ സമാധാനപരമായി റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ റാലി നടത്താൻ തീരുമാനമെടുക്കുകയായിരുന്നു. ഇതുപക്ഷേ, അപ്രതീക്ഷിത സാഹചര്യങ്ങളിൽ പൊലീസിനെതിരായ അതിക്രമത്തിലും മറ്റുമാണ് എത്തിയത്.
അന്നത്തെ പ്രക്ഷോഭവും ഏറെയും സമാധാനപൂർണമായിരുന്നുവെങ്കിലും മാധ്യമ ശ്രദ്ധ ആക്രമണങ്ങളിൽ ഊന്നിയതാണ് വില്ലനായതെന്ന് കർഷക നേതാക്കൾ പറയുന്നു. അതിക്രമങ്ങൾക്ക് ചിലർ ബോധപൂർവം നുഴഞ്ഞുകയറുകയായിരുന്നുവെന്നും അവർ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
