'കെജ്‌രിവാളിനെ പുറത്താക്കൂ, ഡൽഹിയെ രക്ഷിക്കൂ'; മോദിക്ക് പിന്നാലെ കെജ്‌രിവാളിനെതിരെയും പോസ്റ്റർ
text_fieldsന്യൂഡൽഹി: ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ട് രണ്ട് ദിവസത്തിന് പിന്നാലെ എ.എ.പിക്ക് മറുപടിയുമായി ബി.ജെ.പി. സമാന രീതിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ പുറത്താക്കണമെന്നാവശ്യപ്പെട്ടുള്ള പോസ്റ്ററുകളാണ് ഡൽഹിയിൽ പ്രത്യക്ഷപ്പെട്ടത്.
കെജ്‌രിവാളിനെ പുറത്താക്കണമെന്നും ഡൽഹിയെ രക്ഷിക്കണമെന്നുമാണ് പോസ്റ്ററിലെ ഉള്ളടക്കം. സത്യസന്ധതയില്ലാത്ത അഴിമതിക്കാരനായ ഏകാധിപതിയാണ് കെജ്‌രിവാളെന്നും പോസ്റ്ററിൽ കുറ്റപ്പെടുത്തി. ബി.ജെ.പി നേതാവ് മഞ്ജീന്ദർ സിങ് സിർസയുടെ പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
മദ്യനയ കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്റ്റിലായതിന് പിന്നാലെയാണ് ബി.ജെ.പിയും എ.എ.പിയും തമ്മിലുള്ള പോസ്റ്റർ യുദ്ധത്തിന് തുടക്കം കുറിച്ചത്. മോദിയെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ എന്ന തലക്കെട്ടിൽ ഡൽഹി നഗരത്തിൽ ചൊവ്വാഴ്ച പ്രത്യക്ഷപ്പെട്ട ആയിരക്കണക്കിന് പോസ്റ്ററുകൾ പൊലീസ് ഇടപെട്ട് നീക്കിയിരുന്നു. തുടർന്ന് പ്രിന്റിങ് പ്രസിന്റെ ഉടമകളായ രണ്ട് പേർ ഉൾപ്പടെ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും നിരവധി പേർക്കെതിരെ കേസെടുക്കുകയും ചെയ്തു.
പൊതുമുതൽ നശിപ്പിച്ചതിനാണ് അറസ്റ്റെന്നും പോസ്റ്ററുകളിൽ നിയമപ്രകാരം പ്രിന്റിങ് പ്രസിന്റെ പേര് രേഖപ്പെടുത്തിയില്ലെന്നും പൊലീസ് പിന്നീട് വിശദീകരിച്ചു. ഫയൽ ചെയ്ത 138 കേസുകളിൽ 36 എണ്ണം മോദി വിരുദ്ധ പോസ്റ്ററുകളുടെ പേരിലാണെന്നും പൊലീസ് കൂട്ടിച്ചേർത്തു. എന്നാൽ പൊലീസ് വിശദീകരണം തള്ളികളഞ്ഞ കെജ്‌രിവാൾ പ്രധാനമന്ത്രി എന്തിനാണ് ഭയപ്പെടുന്നതെന്ന് ചോദിച്ചു.
ഡൽഹിയിലെ എ.എ.പി ഓഫിസിലേക്ക് കൊണ്ടുപോയ 2,000 പോസ്റ്ററുകളും പൊലീസ് പിടിച്ചെടുത്തിരുന്നു. അതേസമയം, 50,000 പോസ്റ്ററുകൾ അച്ചടിക്കാൻ ഓർഡർ ലഭിച്ചിരുന്നതായി പ്രിന്റിങ് പ്രസ് ഉടമകൾ പൊലീസിനോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

