വിദ്യാർഥിയുടെ ആത്മഹത്യ: വിവാദ പരാമർശത്തിൽ മാപ്പുപറഞ്ഞ് ബോംബെ ഐ.ഐ.ടി; ഡയറക്ടർ രാജിവെച്ചെന്ന വാർത്തകൾ തള്ളി
text_fieldsമുംബൈ: വിദ്യാർഥിയുടെ മരണത്തിന് പിന്നാലെ നടത്തിയ വിവാദ പരാമർശങ്ങളിൽ മാപ്പുപറഞ്ഞ് ഐ.ഐ.ടി ബോംബെ. സംഭവത്തിൽ ഔദ്യോഗിക അന്വേഷണം പൂർത്തിയാകുന്നതിന് മുൻപ് മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് വിശദീകരണം നൽകിയത് തെറ്റായിപ്പോയെന്ന് വ്യക്തമാക്കിയാണ് ഇൻസ്റ്റിറ്റ്യൂട്ട് എക്‌സിൽ മാപ്പപേക്ഷ കുറിപ്പ് പങ്കുവെച്ചത്. അതേസമയം, വിദ്യാർഥികളുടെ പ്രതിഷേധത്തിനിടയിൽ ഡയറക്ടർ ശിരീഷ് കേദാരെ രാജിവെച്ചെന്ന വാർത്തകൾ വ്യാജമാണെന്ന് അധികൃതർ വ്യക്തമാക്കി.
രണ്ടാം വർഷ ബി.ടെക് വിദ്യാർഥിയായ സാഹിൽ വെള്ളിയാഴ്ചയാണ് ക്യാമ്പസിൽ ആത്മഹത്യ ചെയ്തത്. പരീക്ഷയിൽ കോപ്പിയടിച്ചതിന് വിദ്യാർഥിയെ പിടികൂടിയിരുന്നുവെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമായിരുന്നു ഇൻസ്റ്റിറ്റ്യൂട്ട് മുമ്പ് നൽകിയ വിശദീകരണം. എന്നാൽ ഇത് വൻ പ്രതിഷേധത്തിന് വഴിവെച്ചു. ജാതി വിവേചനമാണ് സാഹിലിന്റെ മരണത്തിന് കാരണമായതെന്നും, അധ്യാപകനും മുൻ സ്റ്റുഡന്റ് അഫയേഴ്‌സ് ഡീനുമായ സൂര്യനാരായണ ദൂലക്കെതിരെ പട്ടികജാതി/പട്ടികവർഗ്ഗ അതിക്രമ നിരോധന നിയമപ്രകാരം കേസ് എടുക്കണമെന്നും ആവശ്യപ്പെട്ട് കുടുബവും വിദ്യാർഥികളും രംഗത്തെത്തുകയായിരുന്നു. അധ്യാപകനെതിരെ പൊലീസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സംഭവത്തിന് പിന്നാലെ മൂന്ന് ദിവസമായി ക്യാമ്പസിൽ ശക്തമായ വിദ്യാർഥി പ്രക്ഷോഭമാണ് നടക്കുന്നത്. തിങ്കളാഴ്ച ചേർന്ന ബോർഡ് ഓഫ് ഗവേണൻസ് യോഗത്തിൽ ഡയറക്ടറുടെ രാജിയടക്കം 18 ആവശ്യങ്ങൾ അടങ്ങിയ നിവേദനം വിദ്യാർഥികൾ ഭരണസമിതിക്ക് മുന്നിൽ സമർപ്പിച്ചു. വിഷയം കടുത്തതോടെയാണ് അന്വേഷണം പൂർത്തിയാകും മുൻപ് വിദ്യാർഥിയെ കുറ്റപ്പെടുത്തി സംസാരിച്ചതിൽ ഐ.ഐ.ടി ബോംബെ പരസ്യമായി ഖേദം പ്രകടിപ്പിച്ചത്.
കൂടാതെ കഴിഞ്ഞ മൂന്ന് മാസമായി സാഹിൽ കടുത്ത മാനസിക പീഡനവും ജാതീയ അധിക്ഷേപങ്ങളും അനുഭവിച്ചിരുന്നുവെന്നും കാമ്പസിന്റെ ശിരീഷ് കേദാരേയാണ് ഇതിനു പ്രധാന കാരണമെന്നും ആരോപിച്ച് സഹിലിന്റെ കുടുംബം പരാതി നൽകിയിരുന്നു. ബി.എൻ.എസ്, എസ്.സി/എസ്.ടി പീഡന നിരോധന നിയമം എന്നിവ പ്രകാരം മുംബൈ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസിന്റെ അന്വേഷണം നിലവിൽ മുംബൈ പൊലീസിന്റെ ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

