ഡൽഹിയിലെ വായുമലിനീകരണം മൂലം തനിക്ക് അലർജിയുണ്ടായെന്ന് ഗഡ്കരി
text_fieldsന്യൂഡൽഹി: ആഴ്ചയിൽ മൂന്നു ദിവസത്തെ വാസംകൊണ്ട് ഡൽഹിയിലെ വായു മലിനീകരണം തന്നെ രോഗിയാക്കിയെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഡൽഹിയിലെ രൂക്ഷമായ വായുമലിനീകരണം എല്ലാ പരിധികളും ഭേദിച്ചതിനിടയിലാണ് ഗഡ്കരി അനുഭവം പങ്കുവെച്ചത്. പ്രമുഖ മാധ്യമ പ്രവർത്തകൻ ഉദയ് മഹൂർക്കാറിന്റെ പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ആഴ്ചയിൽ മൂന്നു ദിവസം മാത്രമേ ഡൽഹിയിൽ തങ്ങാറുള്ളൂവെങ്കിലും വായു മലിനീകരണത്തിന്റെയും അലർജിയുടെയും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. താനാണ് ഗതാഗത മന്ത്രിയെന്നും ഡൽഹിയിലെയും പരിസര മേഖലകളിലെയും 40 ശതമാനം അന്തരീക്ഷ മലിനീകരണവും വാഹനങ്ങളിൽനിന്നാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് അടിയന്തരമായി കുറക്കണം. മലിനീകരണം കുറക്കാൻ ഇലക്ട്രിക് വാഹനങ്ങളും ഹൈഡ്രജൻ ഉപയോഗിച്ചുള്ള വാഹനങ്ങളും പ്രചാരത്തിൽ കൊണ്ടുവരണം.
ഡൽഹിയിലെ വായു മലിനീകരണത്തെക്കുറിച്ച് ഇതാദ്യമല്ല നിതിൻ ഗഡ്കരി പരാമർശിക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ ഒരു ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവെ, മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ ഡൽഹിയിലേക്ക് വരാൻ തനിക്ക് മടിയാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. നഗരത്തിലെ വായു മലിനീകരണം ഭീകരമാണെന്നും ഓരോ തവണ ഡൽഹിക്ക് പുറപ്പെടുമ്പോഴും പോകണോ വേണ്ടയോ എന്ന് താൻ ചിന്തിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച ഡൽഹിയിലെ വായു ഗുണനിലവാര സൂചിക 412 ഉം, സമീപ നഗരമായ നോയിഡയിൽ 426 ഉം ആയിരുന്നു. ബുധനാഴ്ചയും ഇതു രൂക്ഷമായി തുടർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

