Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചെലവ് 1,200 കോടി,...

ചെലവ് 1,200 കോടി, പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിട്ട് മൂന്ന് മാസം; ഡൽഹി-ഡെറാഡൂൺ എക്‌സ്പ്രസ്‌വേയിൽ വൻ കുഴികൾ

text_fields
bookmark_border
Potholes formed on the Delhi-Dehradun Expressway
cancel
camera_alt

ഡൽഹി-ഡെറാഡൂൺ എക്‌സ്പ്രസ്‌വേയിൽ രൂപപ്പെട്ട കുഴികൾ, കുഴിയിൽ വീണ വാഹനത്തിന്റെ ടയർ വശത്ത് തകരാർ സംഭവിച്ചു

ന്യൂഡൽഹി: ഡൽഹിയിൽ നിന്നും ഉത്തരാഖണ്ഡിന്റെ തലസ്ഥാനമായ ഡെറാഡൂണിലേക്കുള്ള യാത്രാസമയം വെറും രണ്ട് മണിക്കൂറായി കുറക്കുക എന്ന ലക്ഷ്യത്തോടെ 12,000 കോടി രൂപ ചിലവഴിച്ച് നിർമിച്ച ഡൽഹി-ഡെറാഡൂൺ എക്‌സ്പ്രസ്‌വേ ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് തന്നെ തകർന്നു. പാതയിൽ രൂപപ്പെട്ട രണ്ട് കൂറ്റൻ കുഴികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ, പദ്ധതിയിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണവുമായി കോൺഗ്രസും എ.എ.പിയും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി.

ഉത്തർപ്രദേശിലെ ശാംലിയിലുള്ള ഹാത്തി കരോഡ ഗ്രാമത്തിന് സമീപമുള്ള എക്‌സ്പ്രസ്‌വേയിലാണ് അപകടകരമായ രീതിയിൽ വലിയ കുഴികൾ രൂപപ്പെട്ടത്. പാതയിലൂടെ കടന്നുപോയ ഒരു യാത്രക്കാരൻ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വ്യാപകമായി പ്രചരിക്കുന്നത്. ഈ കുഴികൾ കാരണം തന്റെ കൺമുന്നിൽ വെച്ച് നാലും അഞ്ചും വാഹനങ്ങൾക്ക് നിയന്ത്രണം നഷ്ടപ്പെട്ടതായും, വേഗതയിൽ വന്ന രണ്ട് കാറുകളുടെയെങ്കിലും അലോയ് വീലുകൾ (alloy wheels) വളഞ്ഞുപോയതായും വീഡിയോ പങ്കുവെച്ചയാൾ പറയുന്നുണ്ട്. തകർന്ന അലോയ് വീലുകളുടെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രിൽ 14നാണ് 212 കിലോമീറ്റർ നീളമുള്ള ആറുവരിപ്പാത രാജ്യത്തിന് സമർപ്പിച്ചത്. ഉദ്ഘാടനം കഴിഞ്ഞ് കൃത്യം 79 ദിവസങ്ങൾ പിന്നിടുമ്പോഴാണ് റോഡിന്റെ ഈ ദയനീയ അവസ്ഥ പുറത്തുവന്നിരിക്കുന്നത്.

ഏഷ്യയിലെ ഏറ്റവും നീളമേറിയ എലവേറ്റഡ് വൈൽഡ്‌ലൈഫ് കോറിഡോർ

ഡൽഹിയിൽ നിന്ന് ഡെറാഡൂണിലേക്കുള്ള യാത്രാസമയം 6 മണിക്കൂറിൽ നിന്ന് 2 മണിക്കൂറായി കുറച്ച ഈ എക്‌സ്പ്രസ്‌വേയിൽ വാരാന്ത്യങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. രാജാജി നാഷണൽ പാർക്കിലൂടെ കടന്നുപോകുന്ന 12 കിലോമീറ്റർ നീളമുള്ള എലവേറ്റഡ് പാതയാണ് ഹൈവേയുടെ പ്രധാന ആകർഷണം. വന്യജീവികൾക്ക് തടസ്സമില്ലാതെ സഞ്ചരിക്കാൻ ഒരുക്കിയ ഈ പാത ഏഷ്യയിലെ തന്നെ ഏറ്റവും നീളമേറിയ എലവേറ്റഡ് വൈൽഡ്‌ലൈഫ് കോറിഡോറാണ്. എന്നാൽ, വൻ തുക മുടക്കി അഞ്ച് വർഷമെടുത്ത് നിർമിച്ച പാത, ആദ്യത്തെ മഴക്കാലം പോലും എത്തുന്നതിന് മുൻപ് തകർന്നത് പൊതുജനങ്ങൾക്കിടയിൽ കടുത്ത അമർഷത്തിന് കാരണമായിട്ടുണ്ട്.

650 രൂപ ടോൾ നൽകിയിട്ടും ജീവന് സുരക്ഷയില്ല

റോഡിന്റെ നിർമാണ നിലവാരത്തെ ചോദ്യം ചെയ്ത് നിരവധി പേരാണ് പ്രധാനമന്ത്രിയെ ടാഗ് ചെയ്തുകൊണ്ട് സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയത്. '650 രൂപ ടോൾ ടാക്സ് നൽകുകയും, 20% എഥനോൾ ചേർത്ത പെട്രോളിന് 110 രൂപ നൽകി വാങ്ങുകയും ചെയ്യുമ്പോഴും ജനങ്ങളുടെ ജീവന് യാതൊരു ഉറപ്പുമില്ലാത്ത അവസ്ഥയാണുള്ളത്,' വിമർശനം ഉയരുന്നു.

റോഡ് തകർന്ന സംഭവം കേന്ദ്ര സർക്കാരിനെതിരെയുള്ള ശക്തമായ ആയുധമാക്കി മാറ്റിയിരിക്കുകയാണ് പ്രതിപക്ഷം. പദ്ധതിയിൽ വൻതോതിൽ ഫണ്ട് വെട്ടിപ്പും അഴിമതിയും നടന്നിട്ടുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചു. 'അഴിമതിക്ക് ഇതിലും വലിയ എന്ത് തെളിവാണ് വേണ്ടത്? എല്ലാ വകുപ്പുകളിലും പരസ്യമായ കൊള്ളയാണ് നടക്കുന്നത്,' എന്ന് കോൺഗ്രസ് വക്താവ് ഡോ. ഷമാ മുഹമ്മദ് ട്വീറ്റ് ചെയ്തു.

മോദി സർക്കാരിന്റെ വികസന അവകാശവാദങ്ങളെ പരിഹസിച്ചുകൊണ്ട് ആം ആദ്മി പാർട്ടിയും രംഗത്തെത്തിയിട്ടുണ്ട്. '12,000 കോടി രൂപ ചിലവഴിച്ചാണ് ഡൽഹി-ഡെറാഡൂൺ എക്‌സ്പ്രസ്‌വേ നിർമിച്ചത്. എന്നാൽ, ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ മോദി സർക്കാരിന്റെ വികസനത്തിന്റെ യഥാർഥ ചിത്രം പുറത്തുവന്നു,' -എ.എ.പി തങ്ങളുടെ ഔദ്യോഗിക എക്സ് ഹാൻഡിലിലൂടെ കുറിച്ചു.

അതേസമയം, സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനത്തതോടെ നാഷണൽ ഹൈവേ അതോറിറ്റി അധികൃതർ തകർന്ന റോഡിൽ അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്തി കുഴികൾ അടക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും, നിർമ്മാണത്തിലെ അപാകതകളെക്കുറിച്ചുള്ള വിവാദങ്ങളും ജനങ്ങളുടെ ആശങ്കയും ഇനിയും അടങ്ങിയിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiNational Highway AuthorityexpresswayElevated HighwayRoad PotholesLatest News
News Summary - Cost 1,200 crores, three months after the Prime Minister inaugurated; Huge potholes on Delhi-Dehradun Expressway
Next Story