ബിഹാർ കരട് വോട്ടർ പട്ടിക; മുസ്ലിം ഭൂരിപക്ഷ മേഖലയിൽ വോട്ടിൽ വെട്ടിനിരത്തൽ
text_fieldsന്യൂഡൽഹി: ബിഹാറിൽ ആഗസ്റ്റ് ഒന്നിന് തെരഞ്ഞെടുപ്പ് കമീഷൻ പ്രസിദ്ധീകരിച്ച കരട് വോട്ടർ ലിസ്റ്റിൽനിന്ന് 12 പേരിൽ ഒരാൾ എന്ന നിലയിൽ നീക്കം ചെയ്യപ്പെട്ടതായി കണക്കുകൾ വ്യക്തമാക്കുന്നു. മധുബനി ജില്ലയിൽനിന്ന് (3.52 ലക്ഷം) പേരുകളാണ് നീക്കം ചെയ്യപ്പെട്ടത്. ഇവിടെ ആറു പേരിൽ ഒരാൾ നീക്കം ചെയ്യപ്പെട്ടുവെന്നാണ് കണക്കുകൾ.
സംസ്ഥാനത്ത് മുസ്ലിം വിഭാഗം കൂടുതലുള്ള കിഴക്കൻ ബിഹാറിലെ സീമാഞ്ചൽ മേഖലയിലെ പൂർണിയ ജില്ലയിൽനിന്ന് 2,73,920 പേരും അരാരിയയിൽനിന്ന് 1,58,072 പേരും കിഷൻഗഞ്ചിൽനിന്ന് 1,45,668 ഉം കതിഹാറിൽനിന്ന് 1,84,254 പേരുകളും വോട്ടർ പട്ടികയിൽനിന്ന് നീക്കിയിട്ടുണ്ട്.
സീമാഞ്ചൽ മേഖലയിലെ വോട്ടർമാരിൽ വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാർട്ടികളുടെ ബൂത്ത് ലെവൻ ഏജന്റുമാർ അവബോധം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്നും തെരഞ്ഞെടുപ്പ് കമീഷൻ ആവശ്യപ്പെട്ട 11 രേഖകളിൽ ഇല്ലാത്തവർക്ക് റെസിഡൻഷ്യൽ സർട്ടിഫിക്കറ്റുകൾക്കായി അപേക്ഷിച്ചിട്ടുണ്ടെന്നും എ.ഐ.എം.ഐ.എം ബിഹാർ വക്താവ് ആദിൽ ഹസൻ ആസാദ് പറഞ്ഞു. വോട്ടർമാരെ നീക്കം ചെയ്യുന്നതിനുള്ള കൃത്യമായ നടപടിക്രമം കമീഷൻ പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണെന്ന് ആർ.ജെ.ഡി നേതാക്കൾ വ്യക്തമാക്കി.
65 ലക്ഷം പേരുകളാണ് വോട്ടർപട്ടികയിൽനിന്ന് കമീഷൻ നീക്കം ചെയ്തത്. നീക്കം ചെയ്യപ്പെട്ടവരുടെ പട്ടിക കമീഷൻ പങ്കിടുന്നില്ലെന്നും ഫോമുകൾ സമർപ്പിച്ചിട്ടും കരട് പട്ടികയിൽനിന്ന് പേരുകൾ ഒഴിവാക്കിയതായി നിരവധി വോട്ടർമാർ പരാതിപ്പെട്ടിട്ടുണ്ടെന്നും പ്രതിപക്ഷ നേതാക്കൾ പറയുന്നു.
പാർലമെന്റിൽ ചർച്ചക്ക് സാധ്യത കുറവ്
ന്യൂഡൽഹി: ബിഹാർ വോട്ട് ബന്ദി വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിക്കില്ലെന്ന സൂചന നൽകി കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്വാൾ.
വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധത്തെതുടർന്ന് പാർലമെന്റിന്റെ ഇരുസഭകളിലും സ്തംഭനം തുടരുന്നതിനിടെയാണ് ചർച്ചക്ക് കേന്ദ്രം സന്നദ്ധമല്ലെന്ന സൂചന മന്ത്രി നൽകുന്നത്.
തെരഞ്ഞടുപ്പ് കമീഷൻ വിഷയത്തിൽ മുൻ ലോക്സഭാ സ്പീക്കർ ബൽറാം ഝാക്കറിന്റെ മാതൃക പ്രതിപക്ഷം പരിശോധിക്കുമെന്ന് താൻ കരുതുന്നതായി മന്ത്രി പറഞ്ഞു. 1980 മുതൽ 1989 വരെ ലോക്സഭാ സ്പീക്കറായിരുന്ന ബൽറാം ഝാക്കർ തെരഞ്ഞെടുപ്പ് കമീഷന്റെ പ്രവർത്തനത്തെക്കുറിച്ച് പാർലമെന്റിന് ചർച്ച ചെയ്യാൻ കഴിയില്ലെന്ന് പ്രസ്താവിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

