എസ്.എൻ.ഡി.പി മൈക്രോഫിനാൻസ് തട്ടിപ്പ്: അന്വേഷണ ഉദ്യോഗസ്ഥനോട് നേരിട്ട് ഹാജരാകാന്‍ ഹൈകോടതി
text_fieldsകൊച്ചി: 15.85 കോടി രൂപയുടെ എസ്.എൻ.ഡി.പി മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ അന്തിമ റിപ്പോർട്ടുകൾ സമർപ്പിക്കുന്നതിലെ കാലതാമസത്തിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരെ രൂക്ഷവിമർശനവുമായി കേരള ഹൈകോടതി. എട്ട് കേസുകളിൽ ഏഴെണ്ണത്തിലും അന്തിമ റിപ്പോർട്ട് സമർപ്പിക്കാത്തതിന്റെ കാരണം വിശദീകരിക്കാൻ അന്വേഷണ ഉദ്യോഗസ്ഥനോട് നാളെ നേരിട്ട് ഹാജരാകാൻ ജസ്റ്റിസ് എ. ബദറുദ്ദീൻ നിർദേശിച്ചു.
നേരത്തെ രണ്ടാഴ്ചയ്ക്കകം അന്വേഷണം പൂർത്തിയായ കേസുകളിൽ അന്തിമ റിപ്പോർട്ടുകൾ സമർപ്പിക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ എട്ട് റിപ്പോർട്ടുകളിൽ ഒരെണ്ണം മാത്രമാണ് കൊല്ലത്തെ അധികാരപരിധിയിലുള്ള പ്രത്യേക കോടതിയിൽ സമർപ്പിച്ചത്. ഒരു റിപ്പോർട്ട് മാത്രം സമർപ്പിച്ചത് കോടതി ഉത്തരവ് പാലിച്ചതായി കണക്കാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
ഉത്തരവ് അക്ഷരാർഥത്തിലും അതിന്റെ ഉദ്ദേശ്യത്തിലും നടപ്പാക്കിയിട്ടില്ലെന്നാണ് പ്രഥമദൃഷ്ട്യാ വ്യക്തമാകുന്നതെന്നും നിരീക്ഷിച്ചു. ബാക്കിയുള്ള ഏഴ് റിപ്പോർട്ടുകൾ സമർപ്പിക്കാത്തതിന്റെ കാരണം വിശദീകരിച്ച് സത്യവാങ്മൂലം നൽകാനും ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടു.
അന്വേഷണത്തിൽ പ്രോസിക്യൂഷൻ അനുമതി ആവശ്യമില്ലെന്ന് വ്യക്തമാക്കിയ ശേഷമാണ് റിപ്പോർട്ടുകൾ സമർപ്പിക്കാൻ കോടതി രണ്ടാഴ്ചത്തെ സമയം അനുവദിച്ചത്. അതേസമയം, ആഭ്യന്തര, വിജിലൻസ് വകുപ്പുകളുടെ നിഷ്ക്രിയത്വത്തിലും കോടതി അതൃപ്തി രേഖപ്പെടുത്തി. സ്വാധീനമുള്ളവർ പ്രതികളാകുന്ന കേസുകളിൽ കോടതി ഇടപെടുമ്പോൾ മാത്രമാണോ അധികാരികൾ നടപടിയെടുക്കുന്നതെന്ന് ചോദിച്ച കോടതി, സാധാരണക്കാരോടും സ്വാധീനമുള്ള പ്രതികളോടും വ്യത്യസ്തമായ സമീപനമാണോ സ്വീകരിക്കുന്നതെന്നും ചൂണ്ടിക്കാട്ടി.
2016ൽ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ രജിസ്റ്റർ ചെയ്ത കേസാണിത്. മൈക്രോഫിനാൻസ് പദ്ധതിക്കായി സർക്കാർ അനുവദിച്ച 15.85 കോടി രൂപ ദുരുപയോഗം ചെയ്തെന്നാണ് ആരോപണം. എസ്.എൻ.ഡി.പി യോഗം ഭാരവാഹികൾക്കും കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷന്റെ മുൻ മാനേജിങ് ഡയരക്ടർമാർക്കുമെതിരെയാണ് ആരോപണം.
കേസ് അന്വേഷിക്കാൻ കാര്യക്ഷമനായ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് 2020ലാണ് രണ്ട് ഹരജികൾ സമർപ്പിച്ചത്.

