ഇറാനിൽ 16 ഇന്ത്യക്കാർ തടവിൽ കേന്ദ്രത്തിന് നോട്ടീസ് അയച്ച് ഹൈകോടതി
text_fieldsഡൽഹി ഹൈകോടതി
ന്യൂഡൽഹി: ഇറാനിൽ തടവിലാക്കപ്പെട്ട 16 ഇന്ത്യൻ കപ്പൽ ജീവനക്കാരുടെ മോചനത്തിന് അടിയന്തരമായി ഇടപെടണമെന്ന കുടുംബത്തിന്റെ ആവശ്യത്തിൽ ഡൽഹി ഹൈകോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചു. ദിബ്ബ തുറമുഖത്തോടടുത്ത് അന്തർദേശീയ സമുദ്ര മേഖലയിലൂടെ എം.ടി വാലിയന്റ് റോർ എന്ന കപ്പൽ നീങ്ങുമ്പോഴാണ് ഡിസംബർ എട്ടിന് ഇറാനിയൻ റെവലൂഷനറി ഗാർഡ് ഇവരെ പിടികൂടിയത്. അവർക്ക് കോൺസുലർ സഹായത്തിന് അവസരമൊരുക്കണമെന്നും, അന്വേഷണം യഥാസമയം പൂർത്തിയാക്കി ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാൻ നടപടി എടുക്കണമെന്നുമാണ് കുടുംബങ്ങളുടെ ആവശ്യമെന്ന് ഹരജി പരിഗണിച്ച ജസ്റ്റിസ് പുരുഷേന്ദ്ര കുമാർ കൗരവ് നോട്ടീസിൽ വ്യക്തമാക്കി.
തേർഡ് എൻജിനീയർ കേതൻ മേത്തയുടെ കുടുംബം തങ്ങളുടെ മകന്റെ മോചനത്തിന് അടിയന്തരമായി ഇടപെടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും അഭ്യർഥിച്ചിട്ടുണ്ട്.
വിദേശ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്ന് ഇതുവരെ നിയമ സഹായമോ സാമ്പത്തിക സഹായമോ കോൺസുലറിൽനിന്നുള്ള സഹായമോ ലഭിച്ചില്ലെന്നാണ് ഹരജിയിൽ കുടുംബങ്ങൾ പരാതിപ്പെടുന്നത്. അറസ്റ്റിലായ 10 പേരെ ബാന്ദർ അബ്ബാസ് ജയിലിൽ അടച്ചപ്പോൾ ബാക്കിയുള്ളവർ കപ്പലിൽ കസ്റ്റഡിയിലാണ്.
എന്നാൽ, ആവർത്തിച്ച് അഭ്യർഥിച്ചിട്ടും അവർക്ക് സഹായമെത്തിക്കാൻ ഇറാനിലെ അധികൃതർ അനുമതി നൽകിയില്ലെന്നാണ് ബാന്ദർ അബ്ബാസിലെ ഇന്ത്യൻ കോൺസുലർ ജനറൽ അറിയിച്ചത്.
കാരണം അറിയിക്കാതെയും ഔപചാരിക ഉത്തരവ് ഇല്ലാതെയും എടുത്ത ഈ നടപടി ഇന്ത്യയും ഇറാനും ഒപ്പ് വെച്ചിട്ടുള്ള 2006ലെ സമുദ്ര തൊഴിൽ ഉടമ്പടിയുടെ ലംഘനമാണെന്നും ബന്ധുക്കൾ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

