ഭാര്യയെ കൊന്ന് തല ഫ്രിഡ്ജിൽ സൂക്ഷിച്ച കേസിലെ പ്രതി പൊലീസ് വാഹനത്തിൽനിന്ന് ചാടി മരിച്ചു
text_fieldsഗുവാഹത്തി: ഭാര്യയെ കൊന്ന് മൃതദേഹത്തിൽനിന്ന് തല വേർപെടുത്തി ഫ്രിഡ്ജിൽ സൂക്ഷിച്ച കേസിലെ പ്രതി പൊലീസ് വാഹനത്തിൽനിന്ന് ചാടി മരിച്ചു. അസമിലെ ഗുവാഹത്തിയിലാണ് സംഭവം. രാമാനുജ് ഗോസ്വാമിയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പൊലീസ് പറഞ്ഞു.
തിങ്കളാഴ്ച പുലർച്ചെ ഗുവാഹത്തി മെഡിക്കൽ കോളജ് ആശുപത്രിയിൽ വൈദ്യപരിശോധനക്ക് ശേഷം രാമാനുജിനെ ഹതിഗാവ് പൊലീസ് സ്റ്റേഷനിലേക്ക് തിരികെ കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. നരകാസൂർ കുന്നിന് സമീപമെത്തിയപ്പോൾ പൊലീസുകാരെ ആക്രമിച്ചതിന് ശേഷം ഓടിക്കൊണ്ടിരുന്ന പൊലീസ് വാഹനത്തിൽനിന്ന് ഇയാൾ ചാടുകയായിരുന്നു. വീഴ്ചയിൽ തലക്ക് ഗുരുതരമായി പരിക്കേറ്റു. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
25കാരിയായ ഭാര്യ റിയ താലൂക്ദാറിനെ കൊലപ്പെടുത്തിയ കേസിലാണ് 30കാരനായ രാമാനുജ് അറസ്റ്റിലായത്. കൊലപാതകവുമായി ബന്ധപ്പെട്ട് രാമാനുജിനെ കോടതി ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഇയാളെ ചോദ്യം ചെയ്തുവരുന്നതിനിടെയാണ് വൈദ്യപരിശോധനക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
ഗുവാഹത്തിയിലെ ബെൽറ്റോള പ്രദേശത്തെ ഫ്ലാറ്റിലാണ് റിയയുടെ മൃതദേഹം കണ്ടെത്തിയത്. തല വേർപെടുത്തിയ നിലയിലായിരുന്നു മൃതദേഹം. തല പ്ലാസ്റ്റിക് കവറിലാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച നിലയിലും പൊലീസ് കണ്ടെത്തിയിരുന്നു. റിയയുടെ ചില വിരലുകളും മുറിച്ചുമാറ്റിയിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം പൊലീസ് വീട്ടിൽനിന്ന് കണ്ടെടുത്തു.
റിയക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിൽ ദമ്പതികൾ നിരന്തരം കലഹിച്ചിരുന്നു. സെപ്റ്റംബർ മൂന്നിന് ഉണ്ടായ തർക്കത്തിനിടെയാണ് രാമാനുജ് റിയയെ കൊലപ്പെടുത്തിയത്. അറസ്റ്റിലായതിന് പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയതിൽ തനിക്ക് യാതൊരു പശ്ചാത്താപവുമില്ലെന്നും ജയിലിൽനിന്ന് പുറത്തിറങ്ങിയാൽ റിയയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ‘ഷുഗർ ഡാഡി’ എന്ന് വിശേഷിപ്പിക്കുന്നയാളെയും കൊലപ്പെടുത്തുമെന്നും രാമാനുജ് ഭീഷണിപ്പെടുത്തിയിരുന്നു.
ദമ്പതികൾ താമസിച്ചിരുന്ന ഫ്ലാറ്റിൽനിന്ന് ദുർഗന്ധം വമിക്കുന്നതായി അയൽവാസികൾ പരാതിപ്പെട്ടതോടെയാണ് റിയയുടെ കൊലപാതത്തിന്റെ ചുരുളഴിയുന്നത്. പൊലീസ് പരിശോധിച്ചതോടെ ക്രൂരമായി കൊല്ലപ്പെട്ട നിലയിൽ റിയയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ രാമാനുജ് പൊലീസിൽ കീഴടങ്ങുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

