‘ഷുഗർ ഡാഡിയെയും കൊല്ലും’; ഭാര്യയെ കൊന്ന് തല ഫ്രിഡ്ജിൽ സൂക്ഷിച്ച കേസിൽ പ്രതിയുടെ ഭീഷണി
text_fieldsഗുവാഹത്തി: ഭാര്യയെ കൊന്ന കേസിൽ ജയിൽശിക്ഷ പൂർത്തിയാക്കി ഇറങ്ങിയാൽ ‘ഷുഗർ ഡാഡി’ എന്ന് വിശേഷിപ്പിക്കുന്ന മറ്റൊരാളെയും കൊല്ലുമെന്ന് പ്രതിയുടെ ഭീഷണി. അസമിലെ ഗുവാഹത്തിയിൽ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹത്തിൽനിന്ന് തലയറുത്ത് മാറ്റി ഫ്രിഡ്ജിൽ സൂക്ഷിച്ച കേസിൽ ഭർത്താവായ രാമാനുജ് ഗോസ്വാമിയാണ് അറസ്റ്റിലായത്.
ഭാര്യയുടെ കൊലപാതകത്തിൽ തനിക്ക് യാതൊരു പശ്ചാത്താപവുമില്ലെന്ന് രാമാനുജ് ഗോസ്വാമി പറഞ്ഞു. ജയിൽവാസം കഴിഞ്ഞ് പുറത്തിറങ്ങിയാൽ ‘ഷുഗർ ഡാഡി’ എന്ന് താൻ വിശേഷിപ്പിക്കുന്ന മറ്റൊരാളെ കൊല്ലുമെന്നും ഇയാൾ മാധ്യമങ്ങളോട് പറഞ്ഞതായാണ് വിവരം. അറസ്റ്റിലായ രാമാനുജിനെ പൊലീസ് ചൊവ്വാഴ്ച ഗുവാഹത്തി കോടതിയിൽ ഹാജരാക്കി. കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു ഇയാളുടെ വധഭീഷണി.
25കാരിയായ റിയ താൽക്കുദാറിനെയാണ് ഗുവാഹത്തിയിലെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സെപ്റ്റംബർ ആറിന് അയൽവാസികൾ വീട്ടിൽനിന്ന് ദുർഗന്ധം വമിക്കുന്നതായി പൊലീസിനെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. രണ്ടു ദിവസമായി ദമ്പതികളെ കാണാനില്ലെന്നും ഇരുവരുടെയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ആണെന്നും അയൽവാസികൾ പൊലീസിനോട് പറഞ്ഞിരുന്നു. ഇവർ താമസിച്ചിരുന്ന അപാർട്ട്മെന്റ് പൊലീസെത്തി പരിശോധിച്ചപ്പോഴാണ് അഴുകിയ നിലയിൽ റിയയുടെ മൃതദേഹം കണ്ടെത്തിയത്. പിന്നീട് ഫ്രിഡ്ജിനുള്ളിൽ പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ച നിലയിൽ തലയും പൊലീസ് കണ്ടെത്തി. കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി പൊലീസ് അപാർട്ട്മെന്റിൽനിന്ന് കണ്ടെടുത്തിരുന്നു.
മൃതദേഹം കണ്ടെടുത്തതിന് പിന്നാലെ രാമാനുജ് പൊലീസിൽ കീഴടങ്ങുകയായിരുന്നു. ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയം തർക്കത്തിലെത്തിയെന്നും തുടർന്ന് രാമാനുജ് റിയയെ കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കോടതി രാമാനുജിനെ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

