അഹ്മദാബാദ് സ്ഫോടനക്കേസ്: മലയാളികൾ ഉൾപ്പെടെ പ്രതികളുടെ വധശിക്ഷ ശരിവെച്ച് ഗുജറാത്ത് ഹൈകോടതി
text_fieldsഅഹ്മദാബാദ്: 2008-ലെ അഹ്മദാബാദ് സ്ഫോടന പരമ്പരക്കേസിൽ 38 പ്രതികൾക്ക് വിചാരണക്കോടതി വിധിച്ച വധശിക്ഷ ഗുജറാത്ത് ഹൈകോടതി ശരിവെച്ചു. 11 പ്രതികളുടെ ജീവപര്യന്തം തടവും ശരിവെച്ചിട്ടുണ്ട്. കീഴ്കോടതി വിധി ചോദ്യം ചെയ്ത് പ്രതികൾ നൽകിയ ഹർജികൾ തള്ളിയാണ് ജസ്റ്റിസുമാരായ എ.വൈ. കോഗ്ജെ, സമീർ ദാവെ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ വിധി.
മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ വീതവും, ഗുരുതരമായി പരിക്കേറ്റവർക്ക് അഞ്ചു ലക്ഷം രൂപ വീതവും നഷ്ടപരിഹാരമായി നൽകാൻ സംസ്ഥാന സർക്കാറിന് ഹൈകോടതി നിർദേശം നൽകി. 2027 മാർച്ച് 30നകം നഷ്ടപരിഹാര തുക വിതരണം ചെയ്യണമെന്നും ഉത്തരവിലുണ്ട്. നേരത്തേ, വിചാരണക്കോടതി സ്ഫോടനങ്ങളിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് ലക്ഷം രൂപ വീതവും ഗുരുതര പരിക്കേറ്റവർക്ക് 50,000, നിസാര പരിക്കേറ്റവർക്ക് 25,000 രൂപ വീതവും നൽകാൻ ഉത്തരവിട്ടിരുന്നു.
56 പേർ കൊല്ലപ്പെടുകയും 200േലറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്ത സ്ഫോടന പരമ്പരക്കേസിൽ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ 49 പേരിൽ മൂന്ന് മലയാളികളടക്കം 38 പേർക്കാണ് 2022 ഫെബ്രുവരിയിൽ അഹ്മദാബാദിലെ പ്രത്യേക കോടതി വധശിക്ഷ ശിക്ഷിച്ചത്. ഇന്ത്യയിലെ ഒരു കോടതി ഒരേസമയം ഇത്രയും വലിയൊരു വിഭാഗം ആളുകൾക്ക് വധശിക്ഷ വിധിച്ച അപൂർവ കേസുകളിൽ ഒന്നാണിത്. 11 പേർക്ക് ജീവപര്യന്തം തടവും വിധിച്ചിരുന്നു.
കേസിൽ ആകെ 78 പ്രതികളാണ് വിചാരണ നേരിട്ടത്. ഇതിൽ 49 പേരെ കുറ്റക്കാരായി കണ്ടെത്തുകയും 28 പേരെ വെറുതെ വിടുകയും ചെയ്തു. ഒരാൾ മാപ്പുസാക്ഷിയാവുകയായിരുന്നു. ഗുജറാത്ത്, മധ്യപ്രദേശ്, കേരളം, ഉത്തർപ്രദേശ് തുടങ്ങിയ 11 സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് പ്രതികൾ.
കോട്ടയം ഈരാറ്റുപേട്ട സ്വദേശികളായ ശിബിലി എ. കരീം, ശാദുലി എ. കരീം, മലപ്പുറം സ്വദേശി ശറഫുദ്ദീൻ എന്നിവർ വധശിക്ഷ ലഭിച്ചവരിൽ ഉൾപ്പെടും. പ്രധാന ഗൂഢാലോചകരെന്ന് കോടതി കണ്ടെത്തിയ സിമി മുൻ അഖിലേന്ത്യ ജനറൽ സെക്രട്ടറി സഫ്ദർ നാഗോറി, ഖമറുദ്ദീൻ നാഗോറി, ഗുജറാത്തുകാരായ ഖയൂമുദ്ദീൻ കപാഡിയ, സാഹിദ് ശൈഖ്, ഷംസുദ്ദീൻ ശൈഖ് എന്നിവരാണ് വധശിക്ഷക്ക് വിധിക്കപ്പെട്ട മറ്റുള്ളവർ.
സ്ഫോടനത്തിനു പിന്നിൽ നിരോധിത സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യയിലെ അംഗങ്ങൾ ചേർന്ന് രൂപവത്കരിച്ച ഇന്ത്യൻ മുജാഹിദീൻ എന്ന സംഘടനയാണെന്നായിരുന്നു പൊലീസ് കണ്ടെത്തൽ. 78 പേരെ പ്രതി ചേർത്ത് 2009 ഡിസംബറിലാണ് കേസിൽ വിചാരണ തുടങ്ങിയത്.
ജൂലൈ 26ന് വൈകുന്നേരം 6.32നാണ് അഹ്മദാബാദിനെ വിറപ്പിച്ച് 70 മിനിറ്റിനിടക്ക് 21 സ്ഫോടനങ്ങൾ നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

