ജി.എസ്.ടി: ചെറുകിട വ്യാപാരികളെ പിന്നോട്ടടിപ്പിച്ച എട്ടുവര്‍ഷങ്ങള്‍
text_fieldsഎട്ടു വർഷം പിന്നിട്ട ജി.എസ്.ടി സമ്പ്രദായത്തിൽ ചെറുകിട വ്യാപാരികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര വിശദീകരിക്കുന്നു.
രാജ്യത്ത് ചരക്കുസേവന നികുതി (ജി.എസ്.ടി) നടപ്പാക്കിയിട്ട് എട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഇക്കാലയളവിൽ വ്യാപാരി സമൂഹം പ്രതീക്ഷിച്ച നേട്ടം ഉണ്ടായില്ല എന്നുമാത്രമല്ല കോര്‍പറേറ്റുകള്‍ക്ക് വലിയ പ്രോത്സാഹനവും ലഭിച്ചു. സമഗ്രമായ ഒരു ജി.എസ്.ടി സംവിധാനത്തിൽ രാജ്യത്തെ കോടിക്കണക്കിന് വരുന്ന പരമ്പരാഗത ചെറുകിട വ്യാപാരികളെ ഒപ്പം നിര്‍ത്തി സംരക്ഷിക്കേണ്ടതുണ്ട്. ഓണ്‍ലൈന്‍ വ്യാപാരികള്‍ക്കും ഇ-കോമേഴ്സ് സ്ഥാപനങ്ങള്‍ക്കും മാത്രം നേട്ടമുണ്ടാകുന്ന തരത്തിലാണ് ഇപ്പോൾ കാര്യങ്ങള്‍ പോകുന്നത്. ചെറുകിട വ്യാപാരികളെയും കോര്‍പറേറ്റുകളെയും രണ്ടായി കാണാന്‍ സര്‍ക്കാര്‍ ഇപ്പോഴും തയാറല്ല എന്നതാണ് അടിസ്ഥാന പ്രശ്നം. ഇതിനൊരു മാറ്റമുണ്ടാകണം.
കോർപറേറ്റ് വത്കരണത്തിന് ആക്കം കൂട്ടി
ജി.എസ്.ടി വരുമ്പോൾ ശരാശരി നികുതി കുറയും, അതുവഴി ഉല്പന്നങ്ങളുടെ വില കുറയുകയും, വിൽപനയും കമീഷനും മെച്ചപ്പെടും എന്ന ധാരണയായിരുന്നു വ്യാപാരി സമൂഹത്തിനുണ്ടായിരുന്നത്. എന്നാല്‍, അതുണ്ടായില്ല. പല സാധനങ്ങളുടെയും നികുതി കുറഞ്ഞെങ്കിലും ആ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് നൽകാന് നിർമാതാക്കള്‍ തയാറായില്ല. മറിച്ച് ബള്‍ക്ക് പര്‍ച്ചേസ് ചെയ്യുന്ന കോര്‍പറേറ്റുകള്‍ക്ക് കമീഷന് ഉയര്‍ത്തി നല്കുകയാണുണ്ടായത്. ഈ നേട്ടം ഉപയോഗിച്ച് വലിയ ഇളവുകള്‍ നല്കി അവര്‍ വിപണി കീഴടക്കി. വലിയ മൂലധനത്തിന്റെ പിന്തുണയും മാനേജ്മെന്റ് വൈദഗ്ധ്യവും ഇതിനവരെ സഹായിച്ചു.
കോര്‍പറേറ്റ് റീട്ടെയില്‍ ഔട്ട്ലെറ്റുകളും ഓണ്‍ലൈന്‍ വ്യാപാരവും ഗ്രാമങ്ങളില്‍പ്പോലും സാന്നിധ്യമുറപ്പിച്ചു. 2017ല്‍ ഏകദേശം 3800 കോടി ഡോളര്‍ (3.25 ലക്ഷം കോടി രൂപ) ആയിരുന്ന ഇ-കോമേഴ്സ് വിപണി 2025ല്‍ എത്തിയപ്പോള്‍ 17,000 കോടി ഡോളര്‍ (14.5 ലക്ഷം കോടി രൂപ)കടന്നു. അന്തര്‍സംസ്ഥാന വ്യാപാരത്തിലെ ഏകീകൃത നികുതി, സുഗമമായ ചരക്കു കടത്ത്, ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് സിസ്റ്റം, സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ റിട്ടേണ്‍ ഫയലിങ് തുടങ്ങിയ ജി.എസ്.ടിയുടെ ഗുണങ്ങളെല്ലാം കോര്‍പറേറ്റുകള്‍ക്ക് നേട്ടമായി. ഇന്റര്‍നെറ്റ്, സ്മാര്‍ട്ട് ഫോണ്‍ വ്യാപനം, ഡിജിറ്റല്‍ പേമെന്റ് സംവിധാനങ്ങള്‍, ഉപഭോക്തൃ ശീലങ്ങളിലെ മാറ്റം, വിദേശ മൂലധന നയങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍കൂടി ഒന്നിച്ചപ്പോള്‍ കോര്‍പറേറ്റുകള്‍ക്ക് നേട്ടവും ചെറുകിട വ്യാപാരികള്‍ക്ക് വലിയ തളര്ച്ചയുമാണുണ്ടായത്.
റിട്ടേണിലെ സങ്കീർണതകൾക്കു പരിഹാരമായില്ല
എട്ടുവര്‍ഷം കഴിഞ്ഞിട്ടും റിട്ടേണ്‍ ഫയലിങ്ങുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ തുടരുകയാണ്. 15തരം റിട്ടേണുകള്‍ ഇപ്പോഴും നിലവിലുണ്ട്. ഇതു ലളിതമാക്കാന്‍ ഫോറങ്ങളുടെ എണ്ണം കുറക്കുകയും ഓട്ടോജനറേറ്റഡ് റിട്ടേണുകള്‍ക്ക് പ്രാധാന്യം നൽകാനുമുള്ള നീക്കങ്ങള്‍ ഫലം കണ്ടില്ല. ജി.എസ്.ടി.ആർ 3ബിയിൽ ചെറിയ തിരുത്തലുകള്‍ക്കുപോലും ഇപ്പോഴും അവസരമില്ല. കോമ്പോസിഷന്‍ സ്കീം തെരഞ്ഞെടുത്ത വ്യാപാരികള്‍ക്കുപോലും സങ്കീര്‍ണതകളില്‍നിന്ന് രക്ഷയില്ല. പിഴയ്ക്കും മറ്റും ഇപ്പോഴും 18 ശതമാനം പലിശയാണ് ചുമത്തുന്നത്. ഈ വട്ടിപ്പലിശ നിരക്ക് ആധുനിക സര്‍ക്കാറുകള്‍ക്ക് ചേര്‍ന്നതല്ല. ജി.എസ്.ടി.ആർ9 ലെ എച്ച്.എസ്.എൻ റിപ്പോര്‍ട്ടിങ്ങിനെ കുറിച്ചുള്ള ആശയക്കുഴപ്പം ഇപ്പോഴും നിലനില്ക്കുന്നു.
ചുരുക്കിപ്പറഞ്ഞാല്‍ പിഴവുകള്‍ക്ക് എല്ലാ അവസരങ്ങളും ഒരുക്കുന്നു, തിരുത്താൻ അനുവദിക്കാതിരിക്കുന്നു, ശേഷം വർഷങ്ങൾ കഴിഞ്ഞ് ഓഡിറ്റ് വിങ് പോരായ്മകൾ കണ്ടെത്തി വലിയ പിഴയും നിയമ നടപടികളും സ്വീകരിക്കുന്നു. എല്ലായ്പൊഴും പാപഭാരമേറുന്നത് ചെറുകിട വ്യാപാരികളാണ്.
വന്‍കിടക്കാരെ മാത്രം വിശ്വാസം
വന്‍കിട വില്പനക്കാരന് യഥാവിധി റിട്ടേണ്‍ ഫയല്‍ ചെയ്യാതിരുന്നാല്‍, സാധനം വാങ്ങിയ ചെറുകിട വ്യാപാരിയുടെ ഐ.ടി.സി. ബ്ലോക്ക് ചെയ്യുന്ന നടപടി ഇപ്പോഴും തുടരുകയാണ്. ഇതു ഫലത്തില്‍ ഇരട്ടനികുതിയാണ്. ചെറുകിട വ്യാപാരികള്‍ക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുകയും ചെയ്യുന്നു. വീഴ്ചവരുത്തിയ വന്കിടക്കാരനില്നിന്ന് തുക വീണ്ടെടുക്കുന്നതിനുപകരം ഇതിന്റെ പാപഭാരം കൂടി ചെറുകിട വ്യാപാരികളുടെ മേല്‍ കെട്ടിവെക്കുന്നത് പ്രാകൃത നടപടിയാണ്.
ചുരുക്കത്തില്‍ ജി.എസ്.ടി വന്‍കിടക്കാരെ മാത്രം വിശ്വാസത്തിലെടുത്ത് അവര്‍ നല്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴും മുന്നോട്ടുപോകുന്നത്. അടുത്തിടെ കെട്ടിട വാടകയിലുള്ള ജി.എസ്.ടി കെട്ടിട ഉടമ നല്‍കിയില്ലെങ്കില്‍ വ്യാപാരി നല്‍കണമെന്ന നിബന്ധന കൊണ്ടുവന്നിരുന്നു. രാജ്യത്തെ 90 ശതമാനം ചെറുകിട വ്യാപാരികളും വാടക ക്കെട്ടിടങ്ങളില് പ്രവര്‍ത്തിക്കുന്നവരാണെന്നും വാടകയുടെ പ്രയോജനം കെട്ടിട ഉടമക്കാണെന്നും സര്‍ക്കാറിന് അറിയാഞ്ഞിട്ടല്ല, മറിച്ച് കട്ടവനെ കിട്ടിയില്ലെങ്കില്‍ കണ്ടവനെ പിടിക്കുന്ന നയം പിന്തുടരുന്നതുകൊണ്ടാണ്.
നിരക്ക് ഏകീകരണം നേട്ടമാകുമോ?
പ്രധാനമായും അഞ്ച് സ്ലാബുകളാണ് നിലവിലുള്ളതെങ്കിലും ഇതിനു പുറമെ, സ്വര്‍ണത്തിനും രത്നങ്ങള്‍ക്കുമായി രണ്ടു സ്ലാബുകള്‍ കൂടിയുണ്ട്. കൂടാതെ, ലളിതമെന്ന് കൊട്ടിഗ്ഘോഷിച്ച കോമ്പോസിഷന്‍ സ്കീമിലും മൂന്നുതരം നികുതി അടക്കേണ്ടിയിരിക്കുന്നു. ചുരുക്കത്തില്‍ ഇതെല്ലാം ലളിത നികുതി എന്ന ലക്ഷ്യത്തിന് വലിയ വെല്ലുവിളിയാണ്. അതിനാല്‍ സ്ലാബുകളുടെ എണ്ണം കുറക്കാനുള്ള നീക്കം തുടങ്ങിയിട്ടുണ്ട്. 12 ശതമാനം സ്ലാബ് ഒഴിവാക്കി ഈ വിഭാഗത്തില്‍ വരുന്നവ അഞ്ച് ശതമാനത്തിലേക്കോ 18 ശതമാനത്തിലേക്കോ ലയിപ്പിച്ചേക്കും.
പരമാവധി നിത്യോപയോഗ സാധനങ്ങള്‍ അഞ്ചു ശതമാനത്തിലേക്ക് കൊണ്ടുവരണം. മറിച്ച് 18 ശതമാനത്തിലേക്കാണ് മാറ്റുന്നതെങ്കില്‍ ചെറുകിട വ്യാപാരികള്‍ക്ക് വലിയ തിരിച്ചടിയാകും. ബള്‍ക്ക് പര്‍ച്ചേസിന്റെ ആനുകൂല്യവും വലിയ മൂലധന പിന്തുണയും ഉള്ളതിനാല്‍ നികുതി വർധനയുടെ ആഘാതം ജനങ്ങള്‍ക്ക് നല്കാതിരിക്കാന് കോര്‍പറേറ്റുകള്‍ക്ക് സാധിക്കും.
വ്യാപാരി സൗഹൃദ നയങ്ങൾ സ്വീകരിക്കണം
നിര്‍ബന്ധിത ജി.എസ്.ടി രജിസ്ട്രേഷനുള്ള വിറ്റുവരവ് പരിധി നിലവിലെ 40 ലക്ഷത്തില്‍നിന്ന് 75 ലക്ഷമായി ഉയര്‍ത്താനുള്ള നടപടികളുണ്ടാകണം. ഇ-വേ ബില്ലിലെ ചെറിയ പിഴവുകള്‍ക്കുപോലും കനത്തപിഴ ചുമത്തുന്ന നടപടി അവസാനിപ്പിക്കണം. ചരക്കുകള്‍ കൊണ്ടുപോകുമ്പോൾ ഏതെങ്കിലും രേഖകള്‍ കുറവുണ്ടെങ്കില്‍ നികുതിയുടെ ഇരട്ടി പിഴ അടക്കണം എന്ന 129ാം വകുപ്പും, ഇന്‍വോയിസ് എടുക്കാന്‍ വിട്ടുപോയാല്‍ സാധനത്തിന്റെ വിലയ്ക്ക് തുല്യമായ തുക നികുതിയും പിഴയുമായി അടക്കണമെന്ന 130ാം വകുപ്പും ഭേദഗതി ചെയ്യണം.
വകുപ്പ് നടത്തുന്ന ഓഡിറ്റ് വളരെ കാലതാമസമെടുക്കുന്നതിനാല്‍ ഇതിന്റെ പ്രയോജനം വകുപ്പിന് മാത്രമാണ്, പിഴ ചുമത്തുക എന്ന ഒറ്റ ലക്ഷ്യത്തിലേക്ക് ഓഡിറ്റിങ് ഒതുങ്ങി. ചെറുകിട വ്യാപാരികള്‍ നിയമങ്ങളും നടപടിക്രമങ്ങളും പൂര്‍ണമായും ഹൃദിസ്ഥമാക്കിയിട്ട് കച്ചവടം തുടങ്ങിയാല്‍ മതി എന്ന നിലപാടാണ് ചില ഉദ്യോഗസ്ഥര്‍ക്ക്. ഓഡിറ്റ് ഓഫിസര്‍മാരുടെ വിവേചനാധികാരങ്ങള്‍ പലപ്പോഴും ആത്മനിഷ്ഠമായ വ്യാഖ്യാനങ്ങളിലേക്ക് നയിക്കാറുണ്ട്. ‘സമയബന്ധിതമായി ഓഡിറ്റിങ് നടത്താതിരിക്കുക .... അക്കൗണ്ടിങ് തത്ത്വങ്ങള്‍ ഒന്നും പരിഗണിക്കാതെ കനത്തപിഴ ഈടാക്കുക... പിഴ ഒടുക്കാന്‍ കഴിയാത്തവര്‍ കച്ചവടം നിര്‍ത്തി നിയമ നടപടികള്‍ നേരിടുക......’ ഈ നയം തിരുത്തേണ്ടിയിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

