
'മുത്തച്ഛെൻറ മൃതദേഹം അഴുകിത്തുടങ്ങി, എന്തുചെയ്യണമെന്ന് ഞങ്ങൾക്കറിയില്ല'; ഡൽഹിയിലെ ഈ കാഴ്ചകൾ ആരെയും കരളലിയിപ്പിക്കും
text_fieldsന്യൂഡൽഹി: സമയം വൈകീട്ട് നാല് മണിയായിട്ടുണ്ട്. ദേശീയ തലസ്ഥാനത്തെ പഞ്ചാബി ഭാഗ് ശ്മശാനത്തിലേക്ക് നരച്ച മുടിയുള്ള ഒരു അന്ധൻ കടന്നുവരുന്നു. കൂടെ ഭാര്യയും മകളും. ശ്മശാന നടത്തിപ്പുകാരൻ മുകേഷിെൻറ അടുത്തേക്കാണ് അവർ ആദ്യമെത്തിയത്. അയാൾ തെൻറ കൈകൾ കൂപ്പി യാചിക്കാൻ തുടങ്ങി, 'ഞാനൊരു അന്ധനാണ്. ദയവായി എന്നോട് കരുണ കാണിക്കണം. എെൻറ പിതാവിെൻറ മൃതദേഹം ഇവിടെ സംസ്കരിക്കാൻ അവസരം നൽകണം. അദ്ദേഹം മരിച്ചിട്ട് മണിക്കൂറുകൾ പിന്നിട്ടു. ആരും ഞങ്ങൾക്ക് സംസ്കാരത്തിന് ഇടം തന്നില്ല' -കണ്ടുനിന്നവരുടെ കണ്ണുകൾ അറിയാതെ നിറഞ്ഞ നിമിഷമായിരുന്നുവത്.
മുകേഷിന് ചുറ്റും മറ്റു ചിലരും സമാന രീതിയിൽ അഭ്യർഥനയുമായി അവിടെയുണ്ടായിരുന്നു. 'സാർ, എനിക്ക് നിങ്ങളെ സഹായിക്കാൻ കഴിയില്ല. ഞങ്ങൾക്ക് ഇവിടെ സ്ഥലമില്ല. ദയവായി മറ്റെവിടെയെങ്കിലും പോകുക' -മുകേഷ് ആ അന്ധെൻറ കൈകളിൽ പിടിച്ച് തെൻറ നിസ്സഹായാവസ്ഥ വ്യക്തമാക്കി.
'രാവിലെ ഏഴ് മണിക്കാണ് എെൻറ മുത്തച്ഛൻ വീട്ടിൽ വെച്ച് മരിച്ചത്. ഇപ്പോൾ സമയം വൈകുന്നേരമായി. അദ്ദേഹത്തിെൻറ ശരീരം ചൂടുകാരണം അഴുകിത്തുടങ്ങി. എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങൾക്കറിയില്ല' -മടങ്ങിപ്പോകുന്ന സമയം ആ അന്ധെൻറ മകൾ അവിടെയുണ്ടായിരുന്ന മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ആഴ്ചകളായിട്ടുള്ള ഡൽഹിയുടെ നേർചിത്രമാണിത്. ശവപ്പറമ്പായി മാറിയിരിക്കുന്നു രാജ്യതലസ്ഥാനം. എവിടെയും നിർത്താതെ കത്തിയെരിയുന്ന ചിതകൾ. അതിൽനിന്ന് ഉയരുന്ന പുകയും ഗന്ധവുമെല്ലാം ജനങ്ങളുടെ ഹൃദയത്തെ വരെ മരവിപ്പിച്ചിരിക്കുന്നു.
ഗാസിപുർ ശ്മശാനത്തിൽ മാംസം കത്തുന്നതിെൻറ ഗന്ധം വായുവിൽ ഇപ്പോഴും തങ്ങിനിൽക്കുന്നുണ്ട്. 40ഓളം പേരെയാണ് ഒരേസമയം ഇവിടെ സംസ്‌കരിച്ചത്. ശ്മശാനത്തിൽ സ്ഥലമില്ലാത്തതിനാൽ സമീപത്തെ കാർ പാർക്കിങ് കേന്ദ്രത്തിലാണ് ചിതകൊളുരുക്കിയത്. വീണ്ടും ചിതകൾക്ക് തീപിടിക്കാനായി അടുത്ത മൃതദഹേങ്ങൾ ഇവിടെ വരിനിൽക്കുകയാണ്.
'ഒരു ചിത മാത്രമായിട്ട് ഞങ്ങൾക്ക് കത്തിക്കാൻ കഴിയില്ല. ഒരെണ്ണം കത്തിച്ചാൽ, അതിെൻറ പുകപടലം മറ്റ് ചിതകളെയും വലയം ചെയ്യും. അതോടെ അവ ഉപയോഗശൂന്യമാകും. അതിനാൽ ഞങ്ങൾ എല്ലാ മൃതദേഹങ്ങളും അണിനിരത്തി ഒരുമിച്ച് കത്തിക്കുകയാണ്. മൃതദേഹങ്ങൾ സംസ്‌കരിക്കാനും സമയം ലാഭിക്കാനുമുള്ള ഏറ്റവും നല്ല മാർഗമാണിത്' -ഗാസിപുർ ശ്മശാനത്തിെൻറ ചുമതലയുള്ള സുനിൽ ശർമ പറയുന്നു.
സരായ് കാലെ ഖാനിൽ 31 ചിതകൾക്ക് ശേഷിയുള്ള ശ്മശാനമുണ്ട്. അവിടെയിപ്പോൾ ഒരേ സമയം നൂറിലധികം ചിതകൾ ഉൾക്കൊള്ളാൻ കഴിയുന്ന രീതിയിൽ വിപുലീകരിക്കുകയാണ്. ചൊവ്വാഴ്ച 24 പുതിയ പ്ലാറ്റ്ഫോമുകൾ പൂർത്തിയായി. അടുത്ത 24 എണ്ണം ഉടൻ തന്നെ പൂർത്തിയാകും.
കോവിഡിെൻറ രണ്ടാംതരംഗം ഡൽഹിയെ പിടിച്ചുലക്കുകയാണ്. വീടുകളിൽനിന്നും ആശുപത്രികളിൽനിന്നും ശ്മശാനങ്ങളിലേക്ക് മൃതദേഹങ്ങളുടെ കുത്തൊഴുക്കാണ്. ബുധനാഴ്ച നഗരത്തിൽ 25,986 പുതിയ കേസുകളും 368 മരണങ്ങളുമാണ് രേഖപ്പെടുത്തിയത്. ഇത്രയും മൃതദേഹങ്ങൾ ഉൾക്കൊള്ളാനായി വളർത്തുമൃഗങ്ങളുടെ ശ്മശാനം വരെ സർക്കാർ ഉപയോഗിക്കാനുള്ള ഒരുക്കത്തിലാണ്.
കഴിഞ്ഞ വർഷം ദക്ഷിണ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ സ്ഥിരംസമിതി ദ്വാരകയിൽ മൃഗ ശ്മശാനം സ്ഥാപിക്കാൻ അനുമതി നൽകിയിരുന്നു. കോവിഡ് വ്യാപിച്ചതോടെ പദ്ധതി നിർത്തിവെച്ചിരുന്നു. ഇപ്പോൾ കാര്യങ്ങൾ പിടിവിട്ടേതാടെ ശ്മാശനത്തിെൻറ പണി വീണ്ടും പുനരാരംഭിച്ചു. അടുത്ത ദിവസങ്ങളിൽ തന്നെ അത് പ്രവർത്തനക്ഷമമാകും.
ഡൽഹി ഡയറക്ടറേറ്റ് ഓഫ് ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് കണക്കുപ്രകാരം കോവിഡിന് മുമ്പ് 2019ൽ 1,45,284 പേരാണ് ഡൽഹിയിൽ മരിച്ചത്. അതായത് പ്രതിദിനം ശരാശരി 398 മരണങ്ങൾ. എന്നാൽ, കഴിഞ്ഞ ഒരാഴ്ചയായി നഗരത്തിൽ പ്രതിദിനം 300ന് മുകളിൽ കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. സാധാരണ മരണങ്ങളുടെ നിരക്കും ഇപ്പോൾ 2019ലെ കണക്കിനേക്കാൾ വർധിച്ചിട്ടുണ്ടെന്ന് ശ്മശാനങ്ങളിലെ തൊഴിലാളികളും ഡൽഹി മുൻസിപ്പൽ കോർപറേഷൻ ഉദ്യോഗസ്ഥരും പറയുന്നു.
ഏപ്രിൽ 19 മുതൽ ഏപ്രിൽ 28 വരെ 28 ശ്മശാനങ്ങളിലായി 5,404 മൃതദേഹങ്ങളാണ് ദഹിപ്പിച്ചത്. ഏപ്രിൽ 28ന് മാത്രം 703 മൃതദേഹങ്ങളാണ് അഗ്നിക്കിരയായത്. ഡൽഹിയിൽ കുറഞ്ഞത് 53 ശ്മശാനങ്ങളുണ്ട്. അതിൽ 28 എണ്ണം കോവിഡ് ബധിച്ച് മരിച്ചവർക്കായി തുറന്നിരിക്കുന്നു.
മൃതദേഹങ്ങൾ സമയത്തിന് സംസ്‌കരിക്കുന്നുവെന്ന് ഉറപ്പുവരുത്താനായി ശ്മശാനത്തിലെ തൊഴിലാളികളും പുരോഹിതന്മാരും 12 മണിക്കൂർ വരെ ജോലി ചെയ്യുന്നു. പലരും ജോലി തീരുേമ്പാേഴക്കും തളർന്ന് അവശരാകും. നൂറിലധികം മൃതദേഹങ്ങൾ സംസ്കരിക്കുന്ന ഗാസിപ്പൂരിലെ ശ്മശാനത്തിൽ 18 പേർ മാത്രമാണ് ജോലിക്കായുള്ളത്. അവരിൽ ചിലർ രാത്രിയും ചിതകൾക്ക് തീപടരുകയാണ്.
ആശുപത്രികൾ ശവസംസ്കാര സ്ഥലങ്ങളിലേക്ക് മൃതദേഹങ്ങൾ ക്രമരഹിതമായി വിട്ടയക്കുന്നതും ബന്ധുക്കൾ അവരോട് നിർദേശിച്ച ശ്മശാനത്തിലേക്ക് പോകാത്താതും പ്രശ്നം ഗുരുതമാക്കുന്നുവെന്ന് ഡൽഹി മുൻസിപ്പൽ കോർപറേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. 'ശ്മശാനത്തിലെ തൊഴിലാളികൾ രാവിലെ തന്നെ ജോലിക്കെത്തുന്നുണ്ട്. പക്ഷെ, ആശുപത്രികൾ രാവിലെ 11 മണിയോടെയാണ് മൃതദേഹങ്ങൾ പുറത്തുവിടുന്നത്. സമയബന്ധിതമായി മൃതദേഹങ്ങൾ പുറത്തുവിടുന്നതിനുപകരം ആശുപത്രികൾ അവയെ കൂട്ടമായിട്ടാണ് നൽകുന്നത്. ഇത് വലിയ തിരക്കിന് കാരണമാകുന്നു' -ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
ശ്മശാനങ്ങളുടെ അപര്യാപ്തതക്ക് പുറമെ ചിതയൊരുക്കാൻ ആവശ്യമായ വിറകിനും ഡൽഹിയിൽ ക്ഷാമമുണ്ട്. നിലവിൽ ഒരു ദിവസം ഏകദേശം 1,000 ക്വിൻറൽ വിറകാണ് ഉപയോഗിക്കുന്നത്. അയൽ സംസ്ഥാനങ്ങളും സമാന പ്രശ്നം നേരിടുന്നതിനാൽ പത്ത് ദിവസത്തിനുള്ളിൽ വിറക് തീരാൻ സാധ്യതയുണ്ട്. കൂടുതൽ വിറകിന് പകരം ആവശ്യമെങ്കിൽ ചാണകം ഉപയോഗിക്കാനാണ് അധികൃതർ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
