കേന്ദ്രം മുട്ടുമടക്കുമോ? പാർലമെന്റ് മാർച്ചിന് തൊട്ടുമുമ്പ് സമരക്കാരെ വിളിച്ചു -അവകാശവാദവുമായി സി.ജെ.പി
text_fieldsന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച് ജനതാ പാർട്ടി' (സി.ജെ.പി) നടത്തുന്ന പാർലമെന്റ് മാർച്ചിന് വിദ്യാർഥികൾ കൂട്ടത്തോടെ എത്തിത്തുടങ്ങിയതോടെ കേന്ദ്രസർക്കാർ മുട്ടുമടക്കുന്നതിന്റെ സൂചനകൾ. കേന്ദ്ര സർക്കാർ പ്രതിനിധികൾ തങ്ങളെ ബന്ധപ്പെട്ടതായി സി.ജെ.പി അവകാശപ്പെട്ടു. മൂന്നാഴ്ച പിന്നിട്ട സമരത്തിനിടെ ഇതാദ്യമായാണ് സർക്കാർ തങ്ങളെ സമീപിക്കുന്നതെന്ന് സി.ജെ.പി വക്താവ് അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിച്ച് കാലാവസ്ഥാ പ്രവർത്തകനായ സോനം വാങ്ചുക്ക് ആശുപത്രിയിലും, അഭിജിത് ദിപ്കെ ജന്തർ മന്തറിലും നിരാഹാര സമരം തുടരുകയാണ്.
നിരാഹാര സമരത്തെക്കുറിച്ച് സംസാരിക്കാൻ ഒരു പ്രതിനിധി സംഘം ഇന്ന് രാവിലെ എ.ഐ.എസ്.എയുടെ ക്യാമ്പ് സന്ദർശിക്കുമെന്ന് ഒരു എ.ഐ.എസ്.എ അംഗം പറഞ്ഞതായി 'ദി ട്രിബ്യൂൺ' റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ മാസം മുതൽ നിരാഹാര സമരം നടത്തുന്ന സോനം വാങ്ചുക്കിനെ ജൂലൈ 18 ശനിയാഴ്ച പോലീസ് സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റി. സ്ഥാപകൻ അഭിജിത് ദിപ്കെയും അനിശ്ചിതകാല നിരാഹാരം ആരംഭിച്ചതോടെ സി.ജെ.പിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധം കൂടുതൽ ശക്തമായി.
ജൂൺ 20-നാണ് ജന്തർ മന്തറിൽ സമരം തുടങ്ങിയത്. ജൂൺ 28 മുതൽ സോനം വാങ്ചുക്കും നിരാഹാര സമരം ആരംഭിച്ചു. സമരം തുടർന്നതോടെ സോനം വാങ്ചുക്കിന്റെ ആരോഗ്യസ്ഥിതി മോശമാവുകയും, സമരത്തെ അവഗണിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ വ്യാപക വിമർശനം ഉയരുകയും ചെയ്തു. ഇതിനു പിന്നാലെ ജൂലൈ 18-ന് ഡൽഹി പോലീസ് നാടകീയ നീക്കത്തിലൂടെ അദ്ദേഹത്തെ സമരപ്പന്തലിൽ നിന്ന് ആശുപത്രിയിലേക്ക് നീക്കി. എന്നാൽ ആശുപത്രിയിലും അദ്ദേഹം സമരം തുടരുകയാണ്. ഇതിനിടെയാണ് പാർലമെന്റ് മാർച്ചിനായി വൻതോതിൽ വിദ്യാർഥികൾ തെരുവിലിറങ്ങിയത്. അതേസമയം, സമരത്തിന് ഇതുവരെ പോലീസ് അനുമതി നൽകിയിട്ടില്ല. ‘ചലോ സൻസദ്’ മാർച്ചിനോടനുബന്ധിച്ച് ഡൽഹിയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ന്യൂഡൽഹിയിൽ 5,000-ത്തിലധികം പോലീസുകാരെയും അർധസൈനിക വിഭാഗത്തെയും വിന്യസിച്ചതായും പ്രധാന കേന്ദ്രങ്ങളിൽ ബാരിക്കേഡുകളും ജലപീരങ്കികളും സജ്ജമാക്കിയതായും ഡൽഹി പോലീസ് അറിയിച്ചു.
ജന്തർ മന്തർ, പാർലമെന്റ് പരിസരം, വിജയ് ചൗക്ക്, ഇന്ത്യാ ഗേറ്റ് എന്നിവിടങ്ങളിൽ സുരക്ഷ ശക്തമാക്കി. വാഹന പരിശോധനയും നിരീക്ഷണവും കർശനമാക്കുന്നതിനൊപ്പം ഡ്രോൺ നിരീക്ഷണവും സി.സി.ടി.വി സംവിധാനങ്ങളും ഉപയോഗിച്ചാണ് സ്ഥിതിഗതികൾ വിലയിരുത്തുന്നത്. ന്യൂഡൽഹിയിലെ എല്ലാ മെട്രോ സ്റ്റേഷനുകളും സൂക്ഷ്മ നിരീക്ഷണത്തിലായിരിക്കുമെന്നും ആവശ്യമെങ്കിൽ താൽക്കാലികമായി സ്റ്റേഷനുകൾ അടച്ചിടുമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

