വഖഫ് സ്വത്തുക്കളുടെ ‘ഉമീദ്’ രജിസ്ട്രേഷൻ: മൂന്ന് മാസത്തേക്ക് പിഴയില്ലെന്ന് മന്ത്രി
text_fieldsന്യൂഡൽഹി: ഉമീദ് പോർട്ടലിൽ വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യാത്തവർക്കെതിരെ അടുത്ത മൂന്നു മാസത്തേക്ക് പിഴ ചുമത്തില്ലെന്നും മറ്റു നടപടികൾ ഉണ്ടാകില്ലെന്നും കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു. ലക്ഷക്കണക്കിന് വസ്തുവകകൾ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതിൽ മുതവല്ലിമാർ നേരിടുന്ന വെല്ലുവിളികളും ചൂണ്ടിക്കാട്ടി നിരവധി പാർലമെന്റ് അംഗങ്ങളും സമുദായ പ്രതിനിധികളും അധികസമയം അഭ്യർഥിച്ചതിനെ തുടർന്നാണ് മൂന്നുമാസത്തേക്ക് നടപടി വേണ്ടെന്ന് വെച്ചതെന്നും മന്ത്രി വ്യക്തമാക്കി.
സ്വത്തുക്കളുടെ സൂക്ഷിപ്പുകാരായ മുതവല്ലിമാരോട് പ്രക്രിയ പൂർത്തിയാക്കാൻ കഴിയുന്നില്ലെങ്കിൽ വഖഫ് ട്രൈബ്യൂണലിനെ സമീപിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. ആറു മാസ സമയപരിധി ഡിസംബർ ആറിനാണ് അവസാനിച്ചത്. ഉമീദ് പോർട്ടലിൽ ഇതുവരെ 1, 51,000 വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
ഡിസംബർ ആറിന് രാത്രി 11:59:59 ന് മുമ്പ് രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കാൻ കഴിയാത്ത മുതവല്ലികൾക്ക് വഖഫ് ട്രൈബ്യൂണലിനെ സമീപിക്കാമെന്നാണ് അറിയിച്ചത്.
വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്ത മുഴുവൻ സ്വത്തുക്കളും കേന്ദ്ര വഖഫ് ഭേദഗതി നിയമപ്രകാരം കേന്ദ്ര സർക്കാറിന്റെ ‘ഉമീദ്’ പോർട്ടലിൽ ഫയൽ ചെയ്യണമെന്നാണ് നിർദേശം. ഡിസംബർ ആറ് എന്ന അവാസന തീയതി ദീർഘിപ്പിക്കാൻ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള എം.പിമാരും, മത സംഘടനാ നേതാക്കളും ആവശ്യമുന്നയിച്ചുവെങ്കിലും കേന്ദ്രം വഴങ്ങിയില്ല.
നിലവിൽ സംസ്ഥാന വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്ത ഭൂരിഭാഗം സ്വത്തുക്കളുടെയും രേഖകൾ വിവിധ കാരണങ്ങളാൽ കേന്ദ്ര പോർട്ടലിലേക്ക് സമർപ്പിക്കാനായിട്ടില്ല. സാവകാശം വേണമെന്ന ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു.
രജിസ്ട്രേഷനുള്ള പോർട്ടലിന്റെ സാങ്കേതിക പരിതമികളാണ് ഏറ്റവും വലിയ വെല്ലുവിളി. പകൽ സമയങ്ങളിലെന്നും വെബ്സൈറ്റ് പ്രവർത്തന ക്ഷമമാവുന്നില്ലെന്നും പരാതി ഉയർന്നിരുന്നു. സെർവർ തകരാർ മൂലം ഏറെ സമയവും വെബ്സൈറ്റ് ഡൗൺ ആണ്. അതിരാവിലെയോ രാത്രിയോ കുത്തിയിരുന്നാണ് പലരും രേഖകൾ സമർപ്പിക്കുന്നത്.
ഇതിനു പുറമെ, ഡേറ്റാബേസിൽ ഉൾപ്പെടുത്താനുള്ള റവന്യൂ രേഖകൾ ലഭ്യമല്ലാത്തതും രജിസ്ട്രേഷൻ സങ്കീർണമാക്കുന്നതായി പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

