ഭരണപങ്കാളിത്തം അല്ലെങ്കിൽ പ്രതിപക്ഷത്ത്; തമിഴ്നാട്ടിൽ കോൺഗ്രസിന്റെ പുതിയ നീക്കം
text_fieldsചെന്നൈ: നിയമസഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം തമിഴ്നാട്ടിൽ നിർണായക തീരുമാനങ്ങളെടുക്കാനൊരുങ്ങി കോൺഗ്രസ്. എ.ഐ.സി.സി നിരീക്ഷകൻ ഗിരിഷ്സോഡങ്കർ ബുധനാഴ്ച ദേശീയ വാർത്താ ഏജൻസിയോട് സംസാരിക്കവെയാണ് ഇത് സംബന്ധിച്ച സൂചനകൾ നൽകിയത്. നിയമസഭ തെരഞ്ഞെടുപ്പിൽ ഒട്ടേറെ അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് ഡി.എം.കെയുമായി കോൺഗ്രസ് സഖ്യത്തിൽ തുടരാൻ തീരുമാനിച്ചത്. തമിഴ്നാട് കോൺഗ്രസിലെ ഒരു വിഭാഗം നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകവുമായി (ടി.വി.കെ) മുന്നണി ബന്ധമുണ്ടാക്കാനാണ് ആഗ്രഹിച്ചത്.
ടി.വി.കെയുമായി സഖ്യമുണ്ടാക്കിയാൽ കൂടുതൽ നിയമസഭ സീറ്റുകളിൽ മത്സരിക്കാനും സംഘടനയെ ബൂത്തുതലത്തിൽ ശക്തിപ്പെടുത്താനും കഴിയുമായിരുന്നുവെന്നാണ് കോൺഗ്രസിലെ ഒരുവിഭാഗം പറയുന്നത്. രാഹുൽ ഗാന്ധിയും ഇതിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. എന്നാൽ, ഡി.എം.കെ നേതൃത്വം സോണിയാഗാന്ധി, മല്ലികാർജുൻ ഖാർഗെ തുടങ്ങിയവരെ സ്വാധീനിച്ച് സഖ്യം ഉറപ്പിക്കുകയായിരുന്നു. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിന് നൽകിയതിനെക്കാൾ മൂന്ന് നിയമസഭ സീറ്റ് കൂടുതലായും ഒരു രാജ്യസഭ സീറ്റുമാണ് ഡി.എം.കെ കോൺഗ്രസിന് വിട്ടുകൊടുത്തത്.
നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഒരുഘട്ടത്തിലും സ്റ്റാലിനും രാഹുൽ ഗാന്ധിയും വേദി പങ്കിടാതിരുന്നതും വിവാദമായിരുന്നു. സംസ്ഥാന കോൺഗ്രസിൽ അഭിപ്രായ ഭിന്നത രൂക്ഷമായ നിലയിൽ തമിഴ്നാട് കോൺഗ്രസ് അധ്യക്ഷനായ ശെൽവപെരുന്തകൈ പദവി രാജിവെക്കുമെന്ന് തെരഞ്ഞെടുപ്പിന് മുമ്പേ പ്രഖ്യാപിച്ചിരുന്നു. ശെൽവപെരുന്തകൈ രാജിവെച്ചതിനുശേഷം സംഘടനയിൽ സംസ്ഥാന ജില്ലതലങ്ങളിൽ വ്യാപകമായ അഴിച്ചുപണി നടത്താനാണ് തീരുമാനം. രാഹുൽഗാന്ധിയുടെ പ്രത്യേക നിർദേശാനുസരണമാണിത്.
തമിഴ്നാട് നിയമസഭയിൽ ഡി.എം.കെക്ക് തനിച്ച് 118 സീറ്റ് കേവല ഭൂരിപക്ഷം ലഭ്യമാവാതെ വരുകയും കോൺഗ്രസ് എം.എൽ.എമാരുടെ പിന്തുണ ആവശ്യമാവുന്നതുമായ സാഹചര്യമുണ്ടായാൽ സംസ്ഥാന ഭരണ പങ്കാളിത്തം ആവശ്യപ്പെടാനാണ് തീരുമാനം. ഡി.എം.കെക്ക് സ്വന്തം നിലയിൽ കേവല ഭൂരിപക്ഷം ലഭിച്ചാൽ പ്രതിപക്ഷ രാഷ്ട്രീയകക്ഷിയെന്ന നിലയിൽ പ്രവർത്തിക്കാനാണ് കോൺഗ്രസ് നീക്കം. രണ്ട് ദശാബ്ദകാലമായി ഡി.എം.കെയുമായി സഖ്യമുണ്ടാക്കിയ നിലയിൽ കോൺഗ്രസിന് സംഘടനതലത്തിൽ ശോഷണമാണ് സംഭവിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

