ഇ-മാലിന്യങ്ങളുടെയും ബാറ്ററികളുടെയും പുനരുപയോഗം; 1,500 കോടി രൂപയുടെ പദ്ധതിക്ക് സർക്കാർ അംഗീകാരം
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ നിർണായക ധാതുക്കൾ വേർതിരിച്ചെടുക്കുന്നതിനായി ഇ-മാലിന്യങ്ങളുടെയും ബാറ്ററി മാലിന്യങ്ങളുടെയും പുനരുപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി 1,500 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ ബുധനാഴ്ച അംഗീകാരം നൽകി. നാഷണൽ ക്രിട്ടിക്കൽ മിനറൽ മിഷന്റെ (NCMM) ഭാഗമായ ഈ പദ്ധതി ആറ് വർഷത്തിനുള്ളിൽ 70,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും 8,000 കോടി രൂപയുടെ നിക്ഷേപം ആകർഷിക്കുന്നതിനുമാണ് ലക്ഷ്യമിടുന്നത്.
ഈ വർഷം ആദ്യം ചൈന ചില അപൂർവ ധാതുക്കളുടെ വിതരണം നിർത്തിവച്ചതോടെ ഇന്ത്യയിലെ തന്ത്രപ്രധാന മേഖലകളിൽ പല തടസ്സങ്ങളും നേരിട്ടു. ഇലക്ട്രോണിക്സ്, പുനരുപയോഗ ഊർജം, വൈദ്യുത മൊബിലിറ്റി എന്നിവക്ക് സുപ്രധാനമായ ധാതുക്കൾക്കായി ഒരൊറ്റ സ്രോതസ്സിനെ അമിതമായി ആശ്രയിക്കുന്നതിന്റെ അപകടസാധ്യതകളെക്കുറിച്ചുള്ള ഓർമപ്പെടുത്തലായിരുന്നു ചൈനീസ് നിയന്ത്രണം. ഇതു മറികടക്കാനാണ് ഇപ്പോഴത്തെ സർക്കാർ നീക്കം. 2031 സാമ്പത്തിക വർഷം വരെ ആറ് വർഷത്തേക്ക് നീണ്ടുനിൽക്കുന്നതാണ് ഈ പദ്ധതി. കൂടാതെ വിതരണ ശൃംഖലയിൽ ദീർഘകാല സുരക്ഷ ഉറപ്പാക്കുന്നതിന് ആഭ്യന്തര പുനരുപയോഗ സംവിധാനം കൊണ്ടുവരാൻ ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇ-മാലിന്യങ്ങൾ, ലിഥിയം-അയൺ ബാറ്ററി അവശിഷ്ടങ്ങൾ, പഴയ വാഹനങ്ങളിലെ കാറ്റലറ്റിക് കൺവെർട്ടറുകൾ തുടങ്ങിയവ ഉടനടി പുനരുപയോഗം ചെയ്യാനാണ് ശ്രമിക്കുന്നത്. നിശ്ചിത സമയപരിധിക്കുള്ളിൽ ഉത്പാദനം ആരംഭിക്കുന്ന യൂണിറ്റുകൾക്ക് പ്ലാന്റിനും യന്ത്രങ്ങൾക്കും 20% മൂലധന സബ്‌സിഡിയും വിൽപ്പന വളർച്ചയുമായി ബന്ധപ്പെട്ട പ്രവർത്തന സബ്‌സിഡിയും ഇതിൽ ഉൾപ്പെടുന്നു. പ്രതിവർഷം കുറഞ്ഞത് 270 കിലോ ടൺ പുനരുപയോഗ ശേഷി വികസിപ്പിക്കാനും, ഏകദേശം 40 കിലോ ടൺ നിർണായക ധാതുക്കൾ ഉത്പാദിപ്പിക്കാനും ഈ പദ്ധതി സഹായിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

