ഐ.എസ്.ആർ.ഒ ഡൂഡിലുമായി ഇന്ത്യയോടൊപ്പം റിപ്പബ്ലിക് ദിനമാഘോഷിച്ച് ഗൂഗ്ൾ
text_fieldsന്യൂഡൽഹി: ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യത്തിന്റെ ബഹിരാകാശ നേട്ടങ്ങളെ ആദരിച്ചുകൊണ്ട് ഗൂഗ്ളിന്റെ പ്രത്യേക ഡൂഡിൽ. ബഹിരാകാശത്തെ ഐ.എസ്.ആർ.ഒയുടെ നേട്ടങ്ങളെ പ്രമേയമാക്കിയാണ് ഇത്തവണ ഡിസൈൻ ഒരുക്കിയിരിക്കുന്നത്. ഗൂഗ്ൾ ഹോം പേജിൽ റോക്കറ്റ് വിക്ഷേപണം, ഉപഗ്രഹങ്ങൾ, എന്നിവയും ഇന്ത്യയുടെ അഭിമാന നേട്ടങ്ങളായ ചന്ദ്രയാൻ, ഗഗൻയാൻ എന്നിവ ഉൾപ്പടെ വരാനിരിക്കുന്ന ദൗത്യങ്ങളെയും എടുത്തുകാണിക്കുന്നുണ്ട്.
ത്രിവർണ്ണ നിറത്തിലെ ‘GOOGLE’ എന്ന അക്ഷരങ്ങൾക്കിടയിൽ ഉപഗ്രഹങ്ങൾ അടക്കമുള്ള ബഹിരാകാശ പ്രമേയം ഉൾകൊള്ളിച്ചിട്ടുണ്ട്. തുടർന്ന് ഡൂഡിലിൽ ക്ലിക്ക് ചെയ്താൽ ‘ഇന്നത്തെ ഡൂഡിൽ ഇന്ത്യൻ റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു’ എന്ന് പറഞ്ഞ് റിപ്പബ്ലിക് ദിനത്തെ കുറിച്ചുള്ള വിശദമായ വിവരണം നൽകുന്നുണ്ട്. വീണ്ടും ഡൂഡിലിൽ ക്ലിക്ക് ചെയ്താൽ ‘ഹാപ്പി ഇന്ത്യ റിപ്പബ്ലിക് ഡേ’ എന്ന സന്ദേശമുള്ള ഗൂഗ്ളിന്റെ ഔദ്യോഗിക പേജിലേക്ക് വായനക്കാരെ കൊണ്ടു പോകും.
രാജ്യം 77-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ നിറവിലാണ്. രാഷ്ട്രപതി ദ്രൗപദി മുർമുവാണ് ഡൽഹിയിലെ കർത്തവ്യ പഥിൽ നടക്കുന്ന പരേഡിന് അധ്യക്ഷത വഹിക്കുന്നത്. ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു ദേശീയ പതാക ഉയർത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ സൈനിക കരുത്തും സാംസ്കാരിക വൈവിധ്യവും വിളിച്ചോതുന്ന പരേഡുകൾ അരങ്ങേറി. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും യൂറോപ്യൻ കമീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലേയനും ആണ് മുഖ്യാതിഥികൾ.
സംസ്ഥാനത്തും വിപുലമായ ആഘോഷങ്ങളാണ് നടക്കുന്നത്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ പതാക ഉയർത്തി. പരേഡിന് അഭിവാദ്യം സ്വീകരിച്ചു. വിവിധ ജില്ലകളിൽ മന്ത്രിമാർ പതാക ഉയർത്തി. 1950 ജനുവരി 26ന് ഇന്ത്യ ഒരു പരമാധികാര റിപ്പബ്ലിക്കായി മാറിയതിന്റെ ഓർമ പുതുക്കിയാണ് രാജ്യമെമ്പാടും വിപുലമായ ആഘോഷങ്ങൾ നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

