ഗൂഗ്ൾ ഇഡ്ഡലിയിലേക്കു ക്ഷണിക്കുന്നു; പരിചയപ്പെടാം മൃദുവും വൈവിധ്യവുമാർന്ന കുഞ്ഞൻമാരെ
text_fieldsഇന്ന് നിങ്ങൾ ഗൂഗിൾ തുറന്നാൽ കാണുക സാധാരണ ഗൂഗിൾ ലോഗോക്കു പകരം ഇഡ്ഡലികൾ നിറഞ്ഞ ഒരു ഡൂഡിലായിരിക്കും. മാർച്ച് 30നാണ് ലോക ഇഡ്ഡലി ദിനം. പിന്നെയെന്തിനാണ് ഇന്നിങ്ങനെയൊരു ഡൂഡ്ൾ അവതരിപ്പിച്ചത്? ഗൂഗിൾ ഒരു പുതിയ ഫുഡ് ഡൂഡിൽ പരമ്പര ആരംഭിക്കുകയാണ്. അതിന്റെ ഭാഗമായാണ് ഇഡ്ഡലി ഡൂഡിൽ. ഈ പുതിയ ഡൂഡിലുകളുടെ ഇന്ത്യയിലുടനീളമുള്ള സമ്പന്നമായ ഭക്ഷണ- സാംസ്കാരിക വൈവിധ്യത്തെ പരിചയപ്പെടുത്തലാണ് ഉദ്ദേശ്യം. ഇത്തവണ ഇഡ്ഡലിയാണ് അതിൽ സ്ഥാനം പിടിച്ചത്.
പരമ്പരാഗത വാഴയിലയിൽ ഇഡ്‌ലികൾ, ബാറ്റർ ബൗളുകൾ, ചട്ണികൾ എന്നിവ ഡൂഡിലിൽ കാണാം. ദശലക്ഷക്കണക്കിന് ആളുകൾ ആസ്വദിക്കുന്ന പ്രഭാതഭക്ഷണത്തിലേക്ക് ഇത് ആഗോള ശ്രദ്ധ ആകർഷിക്കുന്നു. ‘ഇന്നത്തെ ഡൂഡിൽ അരിയും ഉഴുന്നും ചേർത്ത് പുളിപ്പിച്ച മാവുകൊണ്ട് നിർമിച്ച രുചികരമായതും ആവിയിൽ വേവിച്ചതുമായ ദക്ഷിണേന്ത്യൻ കേക്കായ ഇഡ്ഡലിയെ ആഘോഷിക്കുന്നു’ എന്ന വിവരണവും ഗൂഗ്ൾ നൽകി.
അങ്ങനെയെങ്കിൽ കുറച്ച് വൈവിധ്യമുള്ള ഇഡ്ഡലികൾ പരിചയപ്പെട്ടാലോ? ഈ മൃദുവായ ഭക്ഷണത്തിന്റെ നിരവധി ഇനങ്ങൾ ഉണ്ട്. രുചിയിലും അവ വേറിട്ടു നിൽക്കുന്നു. വ്യത്യസ്ത തരം ഇഡ്ഡലികളിൽ ചിലത് ഇതാ..
പൊടി ഇഡ്ഡലി
അല്പം പൊടി മസാല പല ദക്ഷിണേന്ത്യൻ വിഭവങ്ങളെയും കൂടുതൽ പ്രിയതരമാക്കുന്നു. ഇഡ്ഡലിക്കും ഇത് ബാധകമാക്കാം. പൊടി മസാലയിൽ അൽപം നെയ്യും ചേർത്ത് കഴിച്ചു നോക്കൂ. ചട്ണിയും സാമ്പാറും ചേർത്തുള്ള പൊടി ഇഡ്ഡലി ഓൺലൈൻ ഭക്ഷ്യ സേവന ഔട്ട്ലെറ്റുകളിലും ലഭ്യമാണ്.
ഇഡ്ഢലി ധോക്‌ല
ദക്ഷിണേന്ത്യയുടെയും ഗുജറാത്തിന്റെയും രുചികൾ ഒത്തുചേരുമ്പോൾ നിങ്ങൾക്ക് ഇഡ്ഢലി ധോക്‌ല ലഭിക്കും. ഇഡ്ഢലിയുടെ ആകൃതിയിലുള്ള ധോക്‌ലകൾ മധുരവും എരിവുമുള്ള ചട്ണി ചേർത്ത് വിളമ്പുന്നു.
മിനി ഇഡ്ഡലി
നിങ്ങൾ ചിലപ്പോൾ ഇതുവരെ മിനി ഇഡ്ഡലികൾ കണ്ടിട്ടില്ലായിരിക്കാം. നാണയങ്ങളുടെ വലിപ്പമുള്ള ഇഡ്ഡലികൾ ഒറ്റ കടിക്കേ ഉണ്ടാവൂ. വായിൽ അലിഞ്ഞുപോവും. പ്ലെയിൻ മിനി ഇഡ്ഡലികളായും മിനി പൊടി ഇഡ്ഡലികളായും വറുത്ത മിനി ഇഡ്ഡലികളായും നിങ്ങൾക്ക് ഇവ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ലഭിക്കും.
ഫ്രൈഡ് ഇഡ്ഡലി
ഫ്രൈഡ് ഇഡ്ഡലി എന്നറിയപ്പെടുന്ന ഇത് ക്രിസ്പിയായി വറുത്തെടുക്കുന്നതാണ്. കോഫിക്കൊപ്പം തേങ്ങാ ചട്ണിയിൽ മുക്കി കഴിക്കാം. നിരവധി ദക്ഷിണേന്ത്യൻ റെസ്റ്റോറന്റുകളിൽ ലഭ്യമാണ്.
റാഗി ഇഡ്ഡലി
ആരോഗ്യത്തെക്കുറിച്ച് കൂടുതൽ ശ്രദ്ധയുള്ളയാളാണെങ്കിൽ റാഗി ഇഡ്ഡലിയുണ്ടാക്കാം. മാവിന് അരിക്ക് പകരം റാഗിയാണെന്നു മാത്രം. വ്യായാമത്തിന് ശേഷമുള്ള ലഘുഭക്ഷണമായി ഇത് പരീക്ഷിച്ചുനോക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

