9 വർഷം, 8 ജഡ്ജിമാർ; ഗൗരി ലങ്കേഷ് കേസിൽ ഇനിയും നീതി അകലെ
text_fieldsഗൗരി ലങ്കേഷ്
ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് 9 വർഷം പിന്നിടുമ്പോഴും കേസിന്റെ വിചാരണ എങ്ങുമെത്താതെ ഇഴഞ്ഞു നീങ്ങുന്നു. കേസ് പരിഗണിച്ചിരുന്ന ഏഴാമത്തെ ജഡ്ജിയായ ബംഗളൂരു പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കെ.എസ് ഭരത് കുമാറിനെ കർണാടക ഹൈകോടതി ജഡ്ജിയായി സ്ഥാനക്കയറ്റം നൽകിയതോടെ, കേസ് ഇനി എട്ടാമത്തെ ജഡ്ജിയുടെ മുന്നിലേക്ക്.
കർണാടക ഹൈകോടതിയുടെ രജിസ്ട്രാറായി സേവനമനുഷ്ഠിച്ചിരുന്ന ജില്ലാ ജഡ്ജി രവീന്ദ്ര ഹെഗ്‌ഡെയാണ് കേസ് ഏറ്റെടുക്കുന്ന എട്ടാമത്തെ ജഡ്ജി. ഒക്ടോബർ 5ന് ബംഗളൂരു പ്രിൻസിപ്പൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് ജഡ്ജിയായി ചുമതലയേറ്റ അദ്ദേഹം, ഒക്ടോബർ 8ന് കേസിൽ ആദ്യ ഹിയറിങ് നടത്തി വിചാരണ പുനരാരംഭിക്കുന്നതിനുള്ള പുതിയ തിയതികൾ നിശ്ചയിച്ചു. കഴിഞ്ഞ നാല് മാസത്തിനിടെ വെറും ഏഴ് ഹിയറിങ്ങുകൾ മാത്രമാണ് നടന്നത്. കേസിലെ 17 പ്രതികളും നിലവിൽ ജാമ്യത്തിൽ പുറത്താണ്. ഇവർ നൽകുന്ന തുടർച്ചയായ അപേക്ഷകളും വിചാരണ വൈകാൻ കാരണമാകുന്നുണ്ടെന്നാണ് റിപ്പോർട്ട്.
കേസ് സമീപ മാസങ്ങളിൽ കാര്യമായി മുന്നോട്ട് പോയിട്ടില്ല. ഈ വർഷം ജൂൺ മാസത്തിന് ശേഷം വളരെ കുറച്ച് സാക്ഷികളെ മാത്രമേ വിസ്തരിക്കാൻ കഴിഞ്ഞിട്ടുള്ളൂ എന്ന് വിചാരണയുമായി ബന്ധപ്പെട്ട പ്രോസിക്യൂഷൻ വൃത്തങ്ങൾ വെളിപ്പെടുത്തി. ഈ കേസിന്റെ മറ്റൊരു പ്രത്യേകത, ഇതുവരെ ഏഴ് ജഡ്ജിമാർ കേസ് പരിഗണിച്ചു എന്നതാണ്. ഭരത് കുമാറിന് പുറമെ എസ് അമരന്നവർ, അനിൽ കാട്ടി, സി എം ജോഷി, രാമകൃഷ്ണ ഹുദ്ദാർ, ബി മുരളീധര പൈ എന്നിവരാണ് മുൻപ് കേസ് പരിഗണിച്ച ജഡ്ജിമാർ. ഇവരെല്ലാം പിന്നീട് കർണാടക ഹൈകോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച് പോയവരാണ്. ഓരോ തവണ ജഡ്ജി മാറുമ്പോഴും വിചാരണ വീണ്ടും പിന്നോട്ട് പോകുന്ന അവസ്ഥയാണ്.
കന്നഡയിലെ പ്രമുഖ വാരികയായിരുന്ന 'ലങ്കേഷ് പത്രികെ'യുടെ പത്രാധിപരും, ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ നിശിത വിമർശകയുമായിരുന്നു 55കാരിയായ ഗൗരി ലങ്കേഷ്. 2017 സെപ്തംബർ അഞ്ചിന് രാത്രി ഏട്ടോടെയാണ് ബംഗളൂരു ആർ.ആർ നഗറിലെ വീട്ടുമുറ്റത്ത് ഗൗരി ലങ്കേഷ് അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെടുന്നത്. ഏകദേശം ഒരു വര്‍ഷത്തിന് ശേഷം 2018 നവംബർ 23ന് ബി.കെ സിങിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം 18 പേരെ പ്രതിചേർത്ത് 9,325 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. കോവിഡ് ലോക്ക്ഡൗണും സാങ്കേതിക കാരണങ്ങളും മൂലം ഏകദേശം നാല് വർഷത്തിന് ശേഷം 2022 ജൂലൈ നാലിനാണ് വിചാരണ ആരംഭിച്ചത്.
സനാതൻ സൻസ്ത ഉൾപ്പെടെയുള്ള തീവ്രഹിന്ദുത്വ സംഘടനകളുമായി ബന്ധമുള്ള പരശുറാം വാഗ് മോർ, അമോല്‍ കാലെ, അമിത് ദെഗ്വെകര്‍, സുജിത് കുമാര്‍, ഗണേഷ് മിസ്കിന്, അമിത് ബഡ്ഡി, ഭരത് ഖുരാനെ, എച്ച്.എല്‍. സുരേഷ്, രാജേഷ് ബംഗേര, സുധന്‍വ ഗൊന്ദലെകര്‍, ശരദ് കലസ്കര്‍, മോഹന്‍ നായക്, വാസുദേവ് സൂര്യവംശി, മനോഹര യാദവെ, ശ്രീകാന്ത് പങ്കാര്‍കര്‍, കെ.ടി. നവീന്‍ കുമാര്‍, റുഷികേശ് ദ്യോദികര്‍, വികാസ് പീട്ടീല്‍ എന്നിവരാണ് കേസിലെ പ്രതികള്‍.
അമോൽ കാലെയാണ് ഒന്നാം പ്രതി. പരശുറാം വാഗ് മോർ ഗൗരി ലങ്കേഷിനുനേരെ വെടിയുതിർത്തതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. അമിത് ദേഗ്വെക്കറും സുജിത് കുമാറുമാണ് കൊലപാതകം ആസൂത്രണം ചെയ്തതും ഗൂഡാലോചന നടത്തിയതും. ഗൗരി ലങ്കേഷിന്റെ ഘാതകർക്ക് നരേന്ദ്ര ദഭോൽക്കർ, ഗോവിന്ദ് പൻസാരെ, എം.എം. കൽബുർഗി എന്നിവരുടെ കൊലപാതകവുമായി ബന്ധമുണ്ടെന്നും എസ്.ഐ.ടി അന്വേഷണത്തിനിടെ കണ്ടെത്തിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

