മാധ്യമ ധര്‍മ്മത്തിലെ മുറിപ്പാട്: ഗൗരി ലങ്കേഷ് മറഞ്ഞിട്ട് ഒമ്പത് വർഷങ്ങള്‍
text_fieldsഗൗരി ലങ്കേഷ്
ബംഗളൂരു: സത്യസന്ധമായ മാധ്യമ ധര്മ്മത്തിനേറ്റ മുറിപ്പാടായി ഗൗരി ലങ്കേഷ് രക്തസാക്ഷിയായിട്ട് ഒമ്പത് വര്‍ഷങ്ങള്‍. പിതാവ് പി. ലങ്കേഷ് ആരംഭിച്ച കന്നഡ വാരികയായ ലങ്കേഷ് പത്രികയിൽ എഡിറ്ററായി ജോലി ചെയ്ത പ്രവീണ്യം ലഭിച്ച ശേഷം പിതാവിന്റെ മരണശേഷം നിസ്വാര്‍ഥ പത്രപ്രവര്‍ത്തനത്തിലേക്ക് ചുവടുവെക്കുകയായിരുന്നു ഗൗരി. അഴിമതി, നിയമവിരുദ്ധ ഖനനം, ജാതി വിവേചനം, അവർണര്‍ക്ക് നേരെയുള്ള അക്രമം, തീവ്ര ഹിന്ദുത്വ സംഘടനകള്‍ക്കെതിരായ നിലപാട് എന്നിവക്കെതിരെയാണ് ഗൗരി തൂലിക ചലിപ്പിച്ചത്. അതിനാല്‍ തന്നെ നിരവധി ശത്രുക്കളും ഗൗരിക്കുണ്ടായിരുന്നു.
സ്വന്തം പ്രത്യയ ശാസ്ത്രത്തില്‍ അടിയുറച്ചു പ്രവര്‍ത്തിച്ചതിനാല്‍ സഹോദരന് പോലും ഗൗരിക്ക് എതിരായി നിന്ന കാലം ഉണ്ടായിരുന്നു. ബി.ജെ.പി നേതാക്കള്‍ക്ക് എതിരെയും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരെയും ലേഖങ്ങള്‍ എഴുതിയതിന്റെ പേരില്‍ നിരവധി തവണ കോടതി കയറിയിറങ്ങേണ്ടി വന്നു. ദക്ഷിണ കന്നഡ ജില്ലയിൽ അവർക്കെതിരെ മൂന്ന് കേസുകൾ ഫയൽ ചെയ്തിരുന്നു. സമൂഹം നക്സലിസ്റ്റ് അനുഭാവി എന്നു ആരോപണങ്ങള്‍ ഉന്നയിക്കുമ്പോഴും അത് സാധൂകരിക്കുന്ന മതിയായ തെളിവുകള്‍ ഇന്നും അജ്ഞാതമാണ്. തുറന്നുപറച്ചിലുകള്‍ അവരുടെ സൗഹൃദ ബന്ധങ്ങളില്‍ പോലും വിള്ളലുകള്‍ വീഴ്ത്തി.
ജാതിവ്യവസ്ഥയെ ഗൗരി പരസ്യമായി വിമർശിച്ചിരുന്നു. ഹിന്ദു ജാഗരണ വേദികെ ഗ്രൂപ്പിനെതിരെയുള്ള ഗൗരിയുടെ പരാമര്‍ശങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കൊലപാതകത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഗൗരിയുടെ വീടിനടുത്ത് ചിലരെ സംശയാസ്പദമായ രീതിയില്‍ കണ്ടിരുന്നുവെന്നും ഇതേക്കുറിച്ച് ഗൗരിയോട് പറഞ്ഞിരുന്നുവെന്നും സഹോദരിയും ചലച്ചിത്ര പ്രവർത്തകയുമായ കവിത ലങ്കേഷ് കർണാടക സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമ (കെ.സി.ഒ.സി.എ) പ്രത്യേക കോടതിയിൽ മൊഴി നൽകിയിരുന്നു.
സെപ്റ്റംബര്‍ അഞ്ചിന് വെടിയേറ്റ് രക്തത്തിൽ കുളിച്ച ഗൗരിയുടെ മൃതദേഹം ആദ്യം കണ്ടതും കവിതയായിരുന്നു ഹിന്ദുത്വത്തിനെതിരായ എഴുത്തുകൾക്കും പ്രസംഗങ്ങൾക്കും ഗൗരിയെ വലതുപക്ഷ, ജാതി സംഘടനകൾ ലക്ഷ്യം വച്ചിരുന്നുവെന്നും കവിത കോടതിയെ അറിയിച്ചിരുന്നു. സമൂഹം ഞെട്ടലോടെ കണ്ട കേസിന്റെ വിചാരണ ആരംഭിക്കാന്‍ നാലു വര്‍ഷത്തോളമെടുത്തു. പല പ്രതിസന്ധികള്‍ക്കിടയിലും കേസ് വിചാരണ മുന്നോട്ട് നീങ്ങി. ഒടുവില്‍ വിചാരണ നീണ്ടു പോകുന്നു എന്ന കാരണം പറഞ്ഞു പ്രതികളെ ഓരോരുത്തരെയും നിയമത്തിന്റെ നൂലിഴയില്കുടുങ്ങാതെ സ്വതന്ത്രമാക്കുമ്പോള്‍ സത്യവും ധര്‍മ്മവും നീതിയും മരിക്കുകയാണോ എന്ന് സമൂഹം ആശങ്കപ്പെടുകയാണ്.
പ്രതികൾക്ക് പുറത്തിറങ്ങിയ ശേഷം സാമൂഹിക അംഗീകാരം ലഭിക്കുന്നത് അപകടകരമാണ് എന്ന ചിന്തകൻ ശിവസുന്ദറിന്റെ ആശങ്ക നമുക്ക് ഇതോടൊപ്പം ചേര്‍ത്തു വായിക്കാം. മകള്‍ക്ക് നീതി ലഭിക്കാതെ ഇക്കഴിഞ്ഞ ജൂണ്‍ 15 നാണ് അമ്മ ഇന്ദിര ലങ്കേഷ് മരണമടഞ്ഞത്. നിസ്വാര്‍ഥ മാധ്യമ ധര്‍മ്മം നിര്‍വഹിച്ചതിന്റെ പേരില്‍ ബലിയാടായി തീര്‍ന്ന അനേകം മാധ്യമപ്രവര്‍ത്തകരുടെ കൂട്ടത്തിലെ പ്രമുഖ വ്യതിത്വമായ ഗൗരി ലങ്കേഷിന്റെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ ശിരസ് നമിക്കാതെ ഒരു സെപ്തംബര്‍ അഞ്ചും കടന്നു പോകുന്നില്ല. നീതി ലഭിക്കും കാലം വിദൂരമാകാതിരിക്കട്ടെ.
കേസിന്റെ നാള് വഴി
കുറ്റാരോപിതരായ 17 പ്രതികളുടെ വിചാരണക്ക് ഏഴാമത്തെ ജഡ്ജിയെ ഇക്കഴിഞ്ഞ ജൂണില്‍ നിയോഗിച്ചു. കേസ് വിചാരണ നടത്തിയിരുന്ന മുൻ ജഡ്ജി എം. ചന്ദ്രശേഖർ റെഡ്ഡിയെ കർണാടക ഹൈകോടതിയിലെ മുതിർന്ന പദവിയിലേക്ക് സ്ഥലം മാറ്റിയതിനെത്തുടർന്നാണ് പുതിയ ജഡ്ജിയുടെ നിയമനം നടത്തിയത്. കേസ് അന്വേഷണ ചുമതലുള്ള കെ.എസ്. ഭരത് കുമാർ ജൂണ്‍ 10ന് വിചാരണ ആരംഭിച്ചു. കേസിൽ പ്രോസിക്യൂഷൻ ഹാജരാക്കിയ പ്രധാനപ്പെട്ട 400ഓളം സാക്ഷികളിൽ 216-ാമത്തെ സാക്ഷിയുടെ മൊഴിയാണ് ജഡ്ജി രേഖപ്പെടുത്തിയത്. എസ്. അമരണ്ണവർ, അനിൽ കാട്ടി, സി.എം. ജോഷി, രാമകൃഷ്ണ ഹുദ്ദാർ, ബി. മുരളീധർ പൈ തുടങ്ങിയ ന്യായാധിപന് മാരാണ് കേസിൽ മുമ്പ് വിചാരണ നടത്തിയിരുന്നത്.
2017 സെപ്തംബർ അഞ്ചിന് രാത്രി ഏട്ടോടെയാണ് ബംഗളൂരു ആർ.ആർ നഗറിലെ വീട്ടുമുറ്റത്ത് ഗൗരി ലങ്കേഷ് അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെടുന്നത്. ഏകദേശം ഒരു വര്‍ഷത്തിന് ശേഷം 2018 നവംബർ 23ന് ബി.കെ സിങിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം 18 പേരെ പ്രതിചേർത്ത് 9,325 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. കോവിഡ് ലോക്ക്ഡൗണും സാങ്കേതിക കാരണങ്ങളും മൂലം ഏകദേശം നാല് വർഷത്തിന് ശേഷം 2022 ജൂലൈ നാലിനാണ് വിചാരണ ആരംഭിച്ചത്.
സനാതൻ സൻസ്ത ഉൾപ്പെടെയുള്ള തീവ്രഹിന്ദുത്വ സംഘടനകളുമായി ബന്ധമുള്ള പരശുറാം വാഗ് മോർ, അമോല്‍ കാലെ, അമിത് ദെഗ്വെകര്‍, സുജിത് കുമാര്‍, ഗണേഷ് മിസ്കിന്, അമിത് ബഡ്ഡി, ഭരത് ഖുരാനെ, എച്ച്.എല്‍. സുരേഷ്, രാജേഷ് ബംഗേര, സുധന്‍വ ഗൊന്ദലെകര്‍, ശരദ് കലസ്കര്‍, മോഹന്‍ നായക്, വാസുദേവ് സൂര്യവംശി, മനോഹര യാദവെ, ശ്രീകാന്ത് പങ്കാര്‍കര്‍, കെ.ടി. നവീന്‍ കുമാര്‍, റുഷികേശ് ദ്യോദികര്‍, വികാസ് പീട്ടീല്‍ എന്നിവരാണ് കേസിലെ പ്രതികള്‍.
അമോൽ കാലെയാണ് ഒന്നാം പ്രതി. പരശുറാം വാഗ് മോർ ഗൗരി ലങ്കേഷിനുനേരെ വെടിയുതിർത്തതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. അമിത് ദേഗ്വെക്കറും സുജിത് കുമാറുമാണ് കൊലപാതകം ആസൂത്രണം ചെയ്തതും ഗൂഡാലോചന നടത്തിയതും. ഗൗരി ലങ്കേഷിന്റെ ഘാതകർക്ക് നരേന്ദ്ര ദഭോൽക്കർ, ഗോവിന്ദ് പൻസാരെ, എം.എം. കൽബുർഗി എന്നിവരുടെ കൊലപാതകവുമായി ബന്ധമുണ്ടെന്നും എസ്.ഐ.ടി അന്വേഷണത്തിനിടെ കണ്ടെത്തിയിരുന്നു.
കേസ് അന്വേഷിച്ച ഭൂരിഭാഗം പേരും സ്ഥലംമാറ്റം, സ്ഥാനക്കയറ്റം എന്നിവ മൂലമാണ് മാറിയത്. ഗൗരി ലങ്കേഷ് കേസിന്റെ വിചാരണക്കായി പ്രത്യേക കോടതി സ്ഥാപിക്കാൻ സർക്കാർ രണ്ടുതവണ അഭ്യർഥിച്ചിരുന്നു. എന്നാൽ ഹൈകോടതി ഇതിന് അനുമതി നൽകിയില്ല. ഇതുപോലുള്ള നിരവധി കേസുകൾ തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നുണ്ടെന്നും അതിനാൽ കേസ് നടത്തിപ്പിനായി പ്രത്യേക കോടതി സ്ഥാപിക്കാൻ കഴിയില്ലെന്നുമായിരുന്നു ഹൈകോടതിയുടെ നിലപാട് എന്നും ചിന്തകൻ ശിവസുന്ദർ പറഞ്ഞു.
മുമ്പ് രണ്ട് സാക്ഷികൾ മൊഴി മാറ്റിപ്പറഞ്ഞിരുന്നു. എന്നാൽ പ്രധാനപ്പെട്ട സാക്ഷികളാരും തിരുത്തിപ്പറഞ്ഞിട്ടില്ല. കേസ് ഇപ്പോഴും ശക്തമായിത്തന്നെ നിലനിൽക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ഗൗരി ലങ്കേഷ് കൊലപാതകത്തിലെ പ്രതിയായ ശ്രീകാന്ത് പങ്കാർക്കർ 13-ാം വാർഡിൽ നിന്ന് ജൽന മുനിസിപ്പൽ കോർപറേഷനിലേക്ക് 2026 ജനുവരിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ചു. സ്വതന്ത്ര സ്ഥാനാർഥിയായ പങ്കാർക്കർ എതിരാളിയായ ബി.ജെ.പിയുടെ റാവുസാഹെബ് ധോബ്ലെയെ 2,621 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്.
ഗൗരി ലങ്കേഷ് കേസുമായി ബന്ധപ്പെട്ട് 2018ൽ അദ്ദേഹം അറസ്റ്റിലായത്. 2024ൽ കർണാടക ഹൈകോടതി ജാമ്യം അനുവദിച്ചു. തുടര്‍ന്നാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും വിജയിക്കുന്നതും. കര്‍ണാടക സംഘടിത കുറ്റനിയമത്തിനു വേണ്ടിയുള്ള പ്രത്യേക കോടതിയിലാണ് വിചാരണ നടക്കുന്നത്. ഒരു പ്രതിയെ ഇപ്പോഴും കണ്ടെത്തിയിട്ടില്ല. നിയമനടപടികളിലുണ്ടായ കാലതാമസം ചൂണ്ടിക്കാട്ടി അറസ്റ്റിലായ 17 പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

